ട്രെയിൻ കോച്ചുകളിലെ വ്യത്യസ്ത നിറമുള്ള വരകൾ എന്തിനാണെന്ന് നിങ്ങൾക്കറിയാമോ?
- Published by:meera_57
- news18-malayalam
Last Updated:
ട്രെയിൻ കോച്ചുകളുടെ പുറത്തെ നിറമുള്ള വരകൾ വെറുതെയങ്ങ് വരച്ചതല്ല. അതിന് കൃത്യമായ കാരണം തന്നെയുണ്ട്
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെയും ഏഷ്യയിലെ രണ്ടാമത്തെയും റെയിൽ ഗതാഗത ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകളുടെ ഗതാഗത മാർഗം ട്രെയിനാണ്. ചരക്കുഗതാഗതത്തിലൂടെയും വലിയൊരു വരുമാനം ഇന്ത്യൻ റെയിൽവേയ്ക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യയിൽ ജീവിക്കുന്ന ബഹുഭൂരിപക്ഷം ആളുകളും തീവണ്ടിയിൽ ഒരിക്കലെങ്കിലും യാത്ര ചെയ്തു കാണുമെന്ന് ഉറപ്പാണ്.
ഇങ്ങനൊയെക്കെയാണെങ്കിലും റെയിൽവേയും ട്രെയിനുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ ഇപ്പോഴും ആളുകൾക്ക് വ്യക്തമായി അറിയില്ല. ട്രെയിൻ കോച്ചുകൾക്ക് പുറത്തെ നിറമുള്ള വരകൾ എന്തിനാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിലർ അത് ശ്രദ്ധിച്ചിട്ട് പോലുമുണ്ടാവില്ല. ഇനി മറ്റ് ചിലർ ശ്രദ്ധിച്ചാലും എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടാകില്ല.
ട്രെയിൻ കോച്ചുകളുടെ പുറത്തെ നിറമുള്ള വരകൾ വെറുതെയങ്ങ് വരച്ചതല്ല. അതിന് കൃത്യമായ കാരണം തന്നെയുണ്ട്. തീവണ്ടിയിൽ വ്യത്യസ്ത തരത്തിലുള്ള കോച്ചുകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ. ജനറൽ കോച്ചും ലേഡീസ് കോച്ചുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇത്തരത്തിലുള്ള വ്യത്യസ്ത കോച്ചുകളെ തിരിച്ചറിയാൻ വേണ്ടിയാണ് വ്യത്യസ്ത നിറങ്ങളിൽ വരച്ചിരിക്കുന്നത്.
advertisement
കോച്ചുകൾക്ക് മുകളിലുള്ളത് വെള്ള വരയാണെങ്കിൽ അത് ജനറൽ കോച്ചായിരിക്കും. ഭിന്നശേഷിയുള്ളതോ അസുഖബാധിതരോ ആയവർക്ക് വേണ്ടിയുള്ള കോച്ചുകളിൽ മഞ്ഞവരയായിരിക്കും ഉണ്ടായിരിക്കുക. സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രത്യേക കോച്ചുകൾ ഗ്രേ നിറത്തിലായിരിക്കും പെയിൻറ് ചെയ്തിരിക്കുക. അതിന് മുകളിലുള്ള വരകളും ഗ്രേ നിറത്തിൽ തന്നെയാണ് വരയ്ക്കുക.
ഫസ്റ്റ് ക്ലാസ് കോച്ചുകളിൽ ഗ്രേ നിറം കൊണ്ട് പെയിൻറ് അടിച്ചതിന് മുകളിൽ ചുവപ്പ് നിറത്തിലുള്ള വരകളായിരിക്കും ഉണ്ടായിരിക്കുക. മിക്ക തീവണ്ടികൾക്കും നീല നിറത്തിലുള്ള കോച്ചുകൾ ഉണ്ടെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. ഇത് ഐസിഎഫ് കോച്ചുകൾ എന്നാണ് അറിയപ്പെടുന്നത്. അവയ്ക്ക് ചില പ്രത്യേകതളുണ്ട്.
advertisement
മണിക്കൂറിൽ 70 കിലോമീറ്റർ മുതൽ 140 കിലോമീറ്റർ വരെ വേഗതയാണ് ഇത്തരത്തിലുള്ള കോച്ചുകൾ ഉള്ള തീവണ്ടികൾക്ക് ഉണ്ടാവുക. മെയിൽ എക്സ്പ്രസ് തീവണ്ടികളിലോ സൂപ്പർ ഫാസ്റ്റ് തീവണ്ടികളിലോ ആണ് പ്രധാനമായും ഇത്തരത്തിലുള്ള കോച്ചുകൾ ഉണ്ടായിരിക്കുക. ഐസിഎഫ് എസി കോച്ചുകളുള്ള തീവണ്ടികൾക്ക് മുകളിൽ ചുവപ്പ് നിറത്തിലുള്ള വരകളായിരിക്കും ഉണ്ടായിരിക്കുക. രാജധാനി എക്സ്പ്രസ് ഇത്തരത്തിലുള്ള തീവണ്ടികൾക്ക് ഉദാഹരണമാണ്.
ഇരിക്കാനുള്ള സീറ്റുകൾ മാത്രമുള്ള തരത്തിലുള്ള കോച്ചുകളിൽ പച്ച നിറത്തിലുള്ള വരകളാണ് ഉണ്ടാവുക. മീറ്റർ ഗേജ് തീവണ്ടികളുടെ കോച്ചുകൾക്ക് ബ്രൌൺ നിറമാണ് ഉണ്ടായിരിക്കുക. മുംബൈയിലെ പ്രാദേശിക തീവണ്ടി ശൃംഖലയിൽ ഗ്രേ നിറത്തിലുള്ള കോച്ചുകൾക്ക് മുകളിൽ ചുവപ്പ് നിറത്തിലുള്ള വരകൾ കാണാം. ഫസ്റ്റ് ക്ലാസ് കോച്ചുകൾ മനസ്സിലാകാൻ വേണ്ടിയാണിത്.
advertisement
ഇന്ത്യയിലെ വലിയൊരു വിഭാഗം ജനതയും നിരക്ഷരരായിരുന്ന കാലമുണ്ടായിരുന്നു. അവർ പ്രധാനമായും ഗതാഗതത്തിന് ആശ്രയിച്ചിരുന്നത് തീവണ്ടികളെയാണ്. അക്കാലത്ത് വ്യത്യസ്ത കോച്ചുകളെ പെട്ടെന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഇങ്ങനെ നിറങ്ങൾ ഉപയോഗിച്ചിരുന്നത്. തീവണ്ടിയും റെയിൽവേയുമായി ബന്ധപ്പെട്ട് പ്രധാന വിവരങ്ങൾ നൽകാൻ വേണ്ടിയാണ് നിറങ്ങളും ചിഹ്നങ്ങളുമൊക്കെ ഉപയോഗിച്ചിരുന്നത്. അത് ഇപ്പോഴും തുടർന്ന് പോരുകയാണ് റെയിൽവേ ചെയ്യുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 22, 2024 10:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ട്രെയിൻ കോച്ചുകളിലെ വ്യത്യസ്ത നിറമുള്ള വരകൾ എന്തിനാണെന്ന് നിങ്ങൾക്കറിയാമോ?