പൂർണിമ മുരളി
മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കുടുംബത്തിന്റെ അഴിമതികളെക്കുറിച്ച് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനെത്തുടർന്ന് വിവാദത്തിലായ തമിഴ്‌നാട് ധനമന്ത്രി പി. ത്യാഗരാജനു പകരം പുതിയ ധനമന്ത്രി വന്നേക്കുമെന്ന് സൂചന. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മന്ത്രിസഭാ പുനഃസംഘടന ഉണ്ടായേക്കുമെന്നും പുതിയ ധനമന്ത്രി വന്നേക്കുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ത്യാഗരാജനെ പൂർണമായും മാറ്റിനിർത്തില്ലെന്നും ഐടി വകുപ്പ് ഇദ്ദേഹത്തിന് നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ത്യാഗ രാജന് പകരം വ്യവസായ മന്ത്രി തങ്കം തെന്നരസുവിനെ ധനമന്ത്രിയായ നിയമിക്കാൻ സാധ്യതയുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിലെ ‘ദ്രാവിഡ മോഡൽ’ സർക്കാരിന്റെ രണ്ടാം വർഷം ആഘോഷിക്കുന്നതിനുള്ള പ്രചാരണ പരിപാടികളിൽ നിന്നും ത്യാഗ രാജൻ വിട്ടുനിന്നേക്കുമെന്നും സൂചനകളുണ്ട്.
ഓഡിയോ ടേപ്പിലെ ശബ്ദം തന്റേതല്ലെന്നാണ് ത്യാഗ രാജൻ പറയുന്നത്. എന്നാൽ ഓഡിയോ പുറത്തുവിട്ടവർക്കെതിരെ നിയമനടപടി സ്വീകരിച്ചതുമില്ല. രാഷ്ട്രീയ നിരീക്ഷകനും അന്വേഷണാത്മക മാധ്യമസ്ഥാപനമായ സവുക്കുവിന്റെ (Savukku) എഡിറ്ററുമായ എ ശങ്കർ ആണ് ആദ്യത്തെ ഓഡിയോ ടേപ്പ് പുറത്തുവിട്ടത്. പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ മറ്റൊരു ഓഡിയോ ടേപ്പും പുറത്തുവിട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Finance Minister, MK Stalin, Tamilnadu