ഇന്ത്യ-യുഎഇ സഹകരണം ശക്തമാക്കും: അബുദാബി കിരീടാവകാശിയും പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച
- Published by:meera_57
- news18-malayalam
Last Updated:
യുഎഇ സര്‍ക്കാരിലെ നിരവധി മന്ത്രിമാരുടെയും വ്യവസായ പ്രമുഖരുടെയും ഒരു സംഘം അൽ നഹ്യാനെ അനുഗമിക്കുന്നുണ്ട്
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് ഖലീദ് ഇന്ത്യയിലെത്തിയത്. അദ്ദേഹത്തിന്റെ ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്.
"അടുത്ത സുഹൃത്തിന് ഊഷ്മളമായ സ്വാഗതം. ഹൈദരാബാദ് ഹൗസില്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധത്തിലെ മുഴുവന്‍ മേഖലകളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. ഭാവിയില്‍ സഹകരണം സാധ്യമായ ഏറെ മേഖലകള്‍ മുന്നിലുണ്ട്," വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍വീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
'ചരിത്രപരമായ ബന്ധം'
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ഞായറാഴ്ച വിമാനത്താവളത്തിലെത്തി അബുദാബി കിരീടാവകാശിയെ സ്വീകരിച്ചത്. അദ്ദേഹത്തിന് ആചാരപരമായ ഊഷ്മള സ്വീകരണം നല്‍കി. "ചരിത്രപരമായ ബന്ധത്തിലെ പുതിയൊരു നാഴികക്കല്ല്. ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഷെയ്ഖ് ഖാലിദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു," വിദേശകാര്യമന്ത്രാലയം വക്താവ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
advertisement
ബിസിനസ് ഫോറം
യുഎഇ സര്‍ക്കാരിലെ നിരവധി മന്ത്രിമാരുടെയും വ്യവസായ പ്രമുഖരുടെയും ഒരു സംഘം അൽ നഹ്യാനെ അനുഗമിക്കുന്നുണ്ട്. ഡല്‍ഹിയിലെ സന്ദര്‍ശത്തിന് ശേഷം ബിസിനസ് ഫോറത്തില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം മുംബൈയിലേക്ക് പോകും. ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള ബിസിനസ് നേതാക്കള്‍ ചൊവ്വാഴ്ച നടക്കുന്ന ഫോറത്തില്‍ പങ്കെടുക്കും.
അല്‍ നഹ്യാന്റെ സന്ദര്‍ശനം ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ ബന്ധത്തെ ഒന്നുകൂടി ശക്തിപ്പെടുത്തുമെന്നും പുതിയതും ഭാവിയില്‍ വരാനിരിക്കുന്നതുമായി മേഖലകളിലുള്ള പങ്കാളിത്തത്തിന് വഴികള്‍ തുറക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. 2015 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യുഎഇ സന്ദര്‍ശനത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ കരുത്താര്‍ജിച്ചിരുന്നു.
advertisement
സമഗ്രമായ സാമ്പത്തിക പങ്കാളിത്തം
അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ക്കായി ഇന്ത്യന്‍ രൂപ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ദര്‍ഹം എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് 2022 ഫെബ്രുവരിയില്‍ സമഗ്ര സാമ്പത്തിക കരാറില്‍(സിഇപിഎ) ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. ഇതിന് പുറമെ 2023 ജൂലൈയില്‍ ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ്(എല്‍സിഎസ്) സംവിധാനത്തിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 85 ബില്ല്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നടത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ നടന്ന ജി20 സമ്മേളനത്തില്‍ യുഎഇ പ്രത്യേക ക്ഷണിതാവായിരുന്നു. 2023 മേയില്‍ ഇന്ത്യയുടെ സജീവമായ പിന്തുണയോടെ ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ യുഎഇ ചര്‍ച്ചാ പങ്കാളിയായി. ഇതിന് പുറമെ ഇന്ത്യയുടെ പിന്തുണയോടെ ബ്രിക്സിലും യുഎഇ അംഗമായി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയും-യുഎഇയും തമ്മിലുള്ള പ്രതിരോധമേഖലയിലെ സഹകരണവും കൂടുതല്‍ ശക്തമായിട്ടുണ്ട്. 2023 ഫെബ്രുവരിയില്‍ ഇന്ത്യ-യുഎഇ-ഫ്രാന്‍സ് (യുഎഫ്‌ഐ) ത്രികക്ഷി ബന്ധം ഔപചാരികമായി ആരംഭിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 10, 2024 9:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യ-യുഎഇ സഹകരണം ശക്തമാക്കും: അബുദാബി കിരീടാവകാശിയും പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച