തെലങ്കാനയിലെ ജഗ്തിയാൽ ക്ഷേത്രത്തിലെ ജാതറ ആചാരത്തിനിടെ ആടുകളെ കടിച്ചു കൊന്നു
- Published by:Nandu Krishnan
- news18-malayalam
Last Updated:
മൃഗബലി ആചാരത്തിന്റെ ഭാഗമായി ഏകദേശം അൻപതോളം ആടുകളെ ക്രൂരമായി കൊലപ്പെടുത്തിയതായാണ് വിവരം
തെലങ്കാനയിലെ ജഗ്തിയാലിലുള്ള റൈക്കലിലെ ഭീമേശ്വര ക്ഷേത്രത്തിൽ നടന്ന ഭീമണ്ണ ജാതറയ്ക്കിടെ ആടുകളെ കടിച്ചു കൊന്നു. ആചാരത്തിന്റെ ഭാഗമായി ചില പുരുഷന്മാർ ആടുകളുടെ കഴുത്തിൽ കടിച്ചു കീറി രക്തം കുടിക്കുന്നതിന്റെ ദൃശ്യങ്ങൾ മൃഗക്ഷേമ പ്രവർത്തകർ പുറത്തുവിട്ടു. ഏകദേശം അൻപതോളം ആടുകളെയാണ് ഇത്തരത്തിൽ ക്രൂരമായി കൊലപ്പെടുത്തിയത്. 3 ദിവസം നീണ്ടുനിന്ന ഉത്സവത്തിന്റെ അവസാന ദിവസമായ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 325, തെലങ്കാന മൃഗ-പക്ഷി ബലി നിരോധന നിയമം (1950), മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം (1960) എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തുഅന്വേഷണം ആരംഭിച്ചതായി റൈക്കൽ പോലീസ് സബ് ഇൻസ്‌പെക്ടർ ചിറ്റ്‌നേനി സുധീർ റാവു സ്ഥിരീകരിച്ചു.
'ഗാവു പട്ടാടം' എന്നറിയപ്പെടുന്ന ഈ ആചാരത്തിൽ മൃഗങ്ങളെ കടിച്ചു കൊല്ലുകയാണ് ചെയ്യുന്നത്. ഏകദേശം 50 മുതൽ 70 വരെ ആടുകൾ ഇത്തരത്തിൽ കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പോലീസുകാരുടെ സാന്നിധ്യത്തിലാണ് ക്ഷേത്രപരിസരത്ത് ഈ കൃത്യം നടന്നതെന്ന് വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, തങ്ങൾ സുരക്ഷാ ചുമതലയിൽ മാത്രമായിരുന്നുവെന്നും കൊലപാതകങ്ങൾ കണ്ടില്ലെന്നുമാണ് പോലീസ് പറയുന്നത്.
advertisement
മൃഗങ്ങളെ ജീവനോടെ കടിച്ചു കീറി കൊല്ലുന്ന ഈ രീതി ഏറ്റവും ക്രൂരമാണെന്നും തെലങ്കാനയിൽ ഇത് നിരോധിക്കപ്പെട്ടതാണെങ്കിലും ഇപ്പോഴും തുടരുകയാണെന്നും പരാതിക്കാരനായ മൃഗക്ഷേമ പ്രവർത്തകൻ അതുലാപുരം ഗൗതം പറഞ്ഞു. എന്നാൽ ഗ്രാമീണ ഉത്സവങ്ങളിൽ മൃഗബലി സാധാരണമാണെന്നും ഇത് കാലങ്ങളായുള്ള പാരമ്പര്യമാണെന്നുമാണ് ക്ഷേത്ര ഭാരവാഹികളുടെയും ഭക്തരുടെയും നിലപാട്.
ഇത്തരത്തിൽ ബലി നൽകിയാൽ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസമെന്ന് ക്ഷേത്ര പൂജാരി ദേവുനി ലിംഗയ്യ പറഞ്ഞു. ഫെബ്രുവരി ഒന്നിന് ആരംഭിച്ച ഉത്സവത്തിൽ തെലങ്കാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തോളം പേർ പങ്കെടുത്തു. കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് ഇത്തരത്തിലുള്ള ഏഴോളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും നൂറോളം മൃഗങ്ങൾ സമാന രീതിയിൽ കൊല്ലപ്പെട്ടതായും ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Telangana
First Published :
Feb 05, 2026 2:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തെലങ്കാനയിലെ ജഗ്തിയാൽ ക്ഷേത്രത്തിലെ ജാതറ ആചാരത്തിനിടെ ആടുകളെ കടിച്ചു കൊന്നു










