കോവിഡ് 19 വാക്സിന് ഒന്നിലധികം പാർശ്വഫലങ്ങളുണ്ടെന്ന് വിവരാവകാശ അപേക്ഷയ്ക്ക് മറുപടി. ശ്വാസതടസ്സം, നെഞ്ചുവേദന, കൈകാലുകളിലെ വേദന അല്ലെങ്കിൽ നീർവീക്കം, കണ്ണുകളിലെ വേദന, കാഴ്ച മങ്ങൽ, മാനസിക നിലയിലെ മാറ്റം, മസ്തിഷ്ക വീക്കം എന്നിവയും പാർശ്വഫലങ്ങളായി ചൂണ്ടികാണിക്കുന്നു. പൂനെയിലെ വ്യവസായി പ്രഫുൽ സർദയ്ക്ക് ലഭിച്ചവിവരാവകാശ മറുപടിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉള്ളത്.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഒരു ബില്യണിലധികം ഇന്ത്യക്കാരിൽ കുത്തിവച്ച കോവിഡ് 19 വാക്സിനുകൾക്ക് ‘ഒന്നിലധികം പാർശ്വഫലങ്ങൾ’ ഉണ്ടാകാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും (സിഡിഎസ്‌സിഒ) മറുപടി നൽകി. കോവിഡ് പ്രതിരോധ വാക്സിനുകളായ കോവിഷീൽഡിനും കോവാക്സിനും ഡോ. റെഡ്ഡീസ് ലാബിന്റെ സ്‌പുട്‌നിക് വിയ്ക്കും ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ CorBEvax നും ഇന്ത്യയിൽ ഉപയോഗഅനുമതി നൽകിയിട്ടുണ്ട്.
പിന്നീട് കാഡില ഹെൽത്ത്‌കെയർ ലിമിറ്റഡിന്റെZyCov-D വാക്സിൻ കൗമാരക്കാർക്ക് (12-17 വയസ്സ്) മാത്രം നൽകാനും അനുമതി നൽകിയിട്ടുണ്ട്. കോവിഷീൽഡ് കുത്തിവയ്പ്പ് എടുത്തവരിൽ കുത്തിവച്ച സ്ഥലത്തിന് ചുറ്റുമുണ്ടാകാവുന്ന ബലഹീനതയും വേദനയും, ചുവന്ന പാടുകളും ഛർദ്ദി, തലവേദന, ശ്വാസതടസം, എന്നിവയും പാർശ്വഫലങ്ങളിൽ പെടുന്നു. കുത്തിവയ്‌ക്കുന്ന സ്ഥലത്തെ വേദന,ബലഹീനത, ക്ഷീണം, അസ്വാസ്ഥ്യം, തലവേദന, പനി, പേശികളുടെ വേദന, സന്ധി വേദന, ഛർദ്ദി, ഓക്കാനം, വിറയൽ, ശരീരവേദന, കൈകാലുകളിലെ കഠിനമായ വേദന, നടുവേദന, അപൂർവ്വമായി തലകറക്കം എന്നിവയാണ് കോവാക്‌സിന്റെ പാർശ്വഫലങ്ങൾ.
ജലദോഷം, പനി, സന്ധിവേദന, പേശിവേദന, ശക്തിക്ഷയം, തലവേദന, സ്വസ്ഥത, കുത്തിവച്ച സ്ഥലത്തെ വേദന, വീക്കം, ഓക്കാനം, ദഹനക്കുറവ്, വിശപ്പില്ലായ്മ എന്നിവയാണ് സ്പുട്‌നിക് വി യിൽ പ്രകടമാകുന്ന പാർശ്വഫലങ്ങൾ. പനി, തലവേദന, ക്ഷീണം, ശരീരവേദന, പേശിവേദന, ഓക്കാനം, സന്ധിവേദന, ത്വക്കിൽ ചുവന്ന തടിക്കുക, നീർവീക്കം, ചൊറിച്ചിൽ എന്നിവയാണ് കോർബെവാക്സിന്റെ പാർശ്വഫലങ്ങൾ.
“വിവരാവകാശ മറുപടി ഞെട്ടിപ്പിക്കുന്നതാണ്. വാക്സിനേഷൻ പൂർണ്ണമായും സ്വന്തം ഇഷ്ടപ്രകാരം എടുക്കുന്നതാണ് ” എന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ബസുകളിലും ട്രെയിനുകളിലും ഫ്ലൈറ്റുകളിലും അന്തർസംസ്ഥാന യാത്രകൾക്കും വാക്സിനേഷൻ നിർബന്ധമാക്കി കൊണ്ട് ആളുകളെ പരോക്ഷമായി അതിന് നിർബന്ധിതരാക്കുന്നത് എന്തുകൊണ്ടാണ്? ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മൾട്ടിപ്ലക്‌സുകൾ, മാളുകൾ മുതലായവയിലും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കാണിക്കേണ്ടി വരുന്നുണ്ട്. ഇത് ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കി പാർശ്വഫലങ്ങളെ കുറിച്ച് അറിയാനോ പരിശോധിക്കാനോ അവസരം നൽകാതെ വാക്സിനേഷനിലേയ്ക്ക് തള്ളിവിടുന്ന രീതിയാണെന്ന്” സർദ നിശിതമായി വിമർശിച്ചു.
മാധ്യമങ്ങളിലൂടെയും ആശുപത്രികളിലൂടെയും വാക്‌സിനേഷൻ കേന്ദ്രങ്ങളിലൂടെയും ഈ പാർശ്വഫലങ്ങളെ കുറിച്ച് മതിയായ പ്രചാരണം നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാനും അദ്ദേഹം വിവരാവകാശ അപേക്ഷയിൽ അഭ്യർത്ഥിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.