രാജസ്ഥാനിലെ ബലാത്സംഗക്കേസുകളില്‍ 41 ശതമാനവും വ്യാജമെന്ന് ഡിജിപി; ഏറ്റവും കൂടുതൽ മധ്യപ്രദേശിലെന്നും വാദം
- Published by:Vishnupriya S
- news18-malayalam
Last Updated:
ഏറ്റവും കൂടുതല്‍ പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം മധ്യപ്രദേശ് ആണെന്നും രാജസ്ഥാന്‍ രണ്ടാം സ്ഥാനത്താണെന്നും അദ്ദേഹം വ്യക്തമാക്കി
ജയ്പൂര്‍: രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്യുന്ന ബലാത്സംഗക്കേസുകളില്‍ 41 ശതമാനം കേസുകളും വ്യാജമാണെന്ന് സംസ്ഥാന ഡിജിപി ഉമേഷ് മിശ്ര. തിങ്കളാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ‘സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസുകളില്‍ 41 ശതമാനം കേസുകളും വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ദേശീയ തലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാജ പീഡനക്കേസുകളുടെ എണ്ണം എട്ട് ശതമാനം മാത്രമാണ്,’ ഡിജിപി പറഞ്ഞു.
അതേസമയം ബലാത്സംഗക്കേസുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്നത് രാജസ്ഥാനിലാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ അത് വെറും തെറ്റിദ്ധാരണയാണെന്നും ഉമേഷ് മിശ്ര പറഞ്ഞു. ഏറ്റവും കൂടുതല്‍ പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം മധ്യപ്രദേശ് ആണെന്നും രാജസ്ഥാന്‍ രണ്ടാം സ്ഥാനത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇങ്ങനെ തെറ്റിദ്ധാരണയുണ്ടാകാനുള്ള കാരണത്തെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. രാജസ്ഥാനില്‍ എല്ലാ കേസുകളും രജിസ്റ്റർ ചെയ്യാറുണ്ടെന്നും എന്നാല്‍ മധ്യപ്രദേശില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ അധികാരികള്‍ അശ്രദ്ധരാണെന്നും ഉമേഷ് മിശ്ര പറഞ്ഞു. പല സംസ്ഥാനങ്ങളും പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അലംഭാവം കാണിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാധാരണ പരാതികള്‍ പോലെയാണ് പലരും പീഡന പരാതികളെ കാണുന്നതെന്നും മിശ്ര പറഞ്ഞു.
advertisement
” ഈ അലംഭാവം ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് കുറ്റവാളികള്‍ക്കാണ്. അവര്‍ സ്വതന്ത്രമായി പുറത്തിറങ്ങി നടക്കും. തെളിവുകള്‍ നശിപ്പിക്കും,’ മിശ്ര പറഞ്ഞു. ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ യാതൊരു അശ്രദ്ധയുമുണ്ടാകരുതെന്ന് രാജസ്ഥാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മിശ്ര പറഞ്ഞു. ഇനി അഥവാ വ്യാജ പരാതികളാണ് ലഭിച്ചതെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പൊലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
advertisement
അതേസമയം ദേശീയതലത്തില്‍ 30 ശതമാനം ബലാത്സംഗക്കേസുകളാണ് വിധി കാത്ത് കിടക്കുന്നത്. എന്നാല്‍ രാജസ്ഥാനില്‍ വെറും 12 ശതമാനം ബലാത്സംഗക്കേസുകളാണ് തീര്‍പ്പാക്കാനുള്ളത്. ദേശീയ തലത്തില്‍ ബലാത്സംഗക്കേസുകളില്‍ ശിക്ഷ ലഭിക്കുന്നത് വെറും 28 ശതമാനം പേര്‍ക്ക് മാത്രമാണ്. എന്നാല്‍ രാജസ്ഥാനില്‍ പീഡനക്കേസുകളില്‍ ശിക്ഷ ലഭിക്കുന്നവരുടെ എണ്ണം 47.9 ശതമാനമാണ്.
”2022 രാജസ്ഥാന്‍ പൊലീസ് സേനയ്ക്ക് അനുകൂലമായ വര്‍ഷമായിരുന്നു. സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ തീര്‍പ്പാക്കാന്‍ പൊലീസിന് കഴിഞ്ഞു. 2018ല്‍ 211 ദിവസമെടുത്താണ് ഇത്തരം കേസുകള്‍ തീര്‍പ്പാക്കിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം വെറും 69 ദിവസമെടുത്താണ് ഈ കേസുകള്‍ തീര്‍പ്പാക്കിയത്,’ മിശ്ര പറഞ്ഞു.
advertisement
പോക്‌സോ കേസുകളിലും പൊലീസ് കൃത്യമായ ഇടപെടല്‍ നടത്തിയെന്നും മിശ്ര ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 12 പോക്‌സോ കേസുകളിലെ പ്രതികളെ രാജസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിച്ചു. ഈ കേസില്‍ പ്രതികളായ 466 പേരെ ജീവപര്യന്തം തടവിന് വിധിക്കുകയും ചെയ്തു.
അതേസമയം പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പൊലീസുദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അവധി നല്‍കുന്ന രീതിയും തുടങ്ങിയതായി മിശ്ര അറിയിച്ചു.
advertisement
സംസ്ഥാനത്ത് അരങ്ങേറുന്ന ഗ്യാംങ് വാറുകളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് അതിര്‍ത്തി ജില്ലകളിലേക്ക് ഗുണ്ടാനേതാക്കള്‍ എത്തുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നുവെന്നും ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ഈ വെല്ലുവിളികള്‍ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 17, 2023 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
രാജസ്ഥാനിലെ ബലാത്സംഗക്കേസുകളില്‍ 41 ശതമാനവും വ്യാജമെന്ന് ഡിജിപി; ഏറ്റവും കൂടുതൽ മധ്യപ്രദേശിലെന്നും വാദം