യുഎഇ രാജകുടുംബ ബന്ധു എന്ന വ്യാജേന ഡൽഹി ലീലാ പാലസ് ഹോട്ടലിൽ താമസിച്ച് 23 ലക്ഷത്തിന്റെ ബില്ലടയ്ക്കാതെ യുവാവ് മുങ്ങി

Last Updated:

കഴിഞ്ഞ വർഷം ഓഗസ്റ്റ് 1 മുതൽ നവംബർ 20 വരെ ഷെരീഫ് ഈ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചുവെന്നും ആരെയും അറിയിക്കാതെ ഇവിടെ നിന്നും പോയെന്നും പോലീസ് പറഞ്ഞു

യുഎഇ സ്വദേശിയും അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനുമാണെന്ന വ്യാജേന ഡൽ‍ഹിയിലെ ലീല പാലസ് ഹോട്ടലിൽ നാലു മാസത്തോളം താമസിച്ച് പണം നൽകാതെ കടന്നുകളഞ്ഞയാൾ‌ക്കായി തിരച്ചിൽ. വൻ തട്ടിപ്പു നടത്തി മുങ്ങിയ എംഡി ഷെരീഫ് എന്നയാളെയാണ് ഡൽഹി പോലീസ് തിരയുന്നത്. ഇയാൾ രാജ്യതലസ്ഥാനത്തെ ലീല പാലസ് ഹോട്ടലിൽ നാലു മാസത്തോളം താമസിച്ച് പണം നൽകാതെ കടന്നുകളയുകയായിരുന്നു.
ലക്ഷക്കണക്കിന് രൂപയുടെ ബില്ലാണ് ഇയാൾ അടക്കാനുള്ളത്. ഇയാൾക്കെതിരെ ആൾമാറാട്ടത്തിനും മോഷണത്തിനും പോലീസ് കേസെടുത്തു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 1 മുതൽ നവംബർ 20 വരെ ഷെരീഫ് ഈ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചുവെന്നും ആരെയും അറിയിക്കാതെ ഇവിടെ നിന്നും പോയെന്നും പോലീസ് പറഞ്ഞു. ഇയാൾ ഹോട്ടൽ മുറിയിൽ നിന്ന് വെള്ളിയിൽ തീർ‌ത്ത വസ്തുക്കളും മറ്റ് സാധനങ്ങളും മോഷ്ടിച്ചതായും 24 ലക്ഷം രൂപ ഹോട്ടലിന് നൽകാനുണ്ടെന്നും പോലീസ് അറിയിച്ചു.
advertisement
ശനിയാഴ്ചയാണ് ഹോട്ടൽ മാനേജ്‌മെന്റിന്റെ പരാതിയിൽ ഷെരീഫിനെതിരെ കേസെടുത്തത്. താൻ യുഎഇയിൽ താമസിക്കുന്ന ആളാണെന്നും അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിൻ സായിദ് അൽ നഹ്യാന്റെ ഓഫീസിൽ ജോലി ചെയ്യുകയാണെന്നും ഷരീഫ് ഹോട്ടൽ അധികൃതരോട് പറഞ്ഞതായി പരാതിയിൽ പറയുന്നു. വ്യാജ ബിസിനസ് കാർഡും യുഎഇ റസിഡന്റ് കാർഡും മറ്റ് രേഖകളും ഇയാൾ ഹാജരാക്കിയെന്നും ഇവ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
പ്രതി ഹോട്ടലിലെ 427-ാം നമ്പർ മുറിയിലാണ് മാസങ്ങളോളം താമസിച്ചത്. ”ഞങ്ങളുടെ ഹോട്ടലിലെ അതിഥികളിലൊരാൾ 2022 നവംബർ 20-ന് ഹോട്ടലിൽ നിന്ന് വിലപിടിപ്പുള്ള വസ്‌തുക്കളുമായി, കുടിശികയുള്ള ബില്ലുകൾ തീർപ്പാക്കാതെ പോയി. യുഎഇ രാജകുടുംബവുമായി ബന്ധമുള്ള ഒരു പ്രധാന ഉദ്യോഗസ്ഥനെന്നു പറഞ്ഞും വ്യാജ ബിസിനസ് കാർഡ് കാണിച്ചുമാണ് ഇയാൾ ആൾമാറാട്ടം നടത്തിയത്”, എന്നും പരാതിയിൽ പറയുന്നു.
advertisement
താൻ യുഎഇ ഷെയ്ഖിനൊപ്പം ജോലി ചെയ്യുന്ന ആളാണെന്നും, ചില ഔദ്യോഗിക ജോലികൾക്കായി ഇന്ത്യയിൽ വന്നതാണെന്നുമാണ് ഹോട്ടൽ ജീവനക്കാരോട് ഷെരീഫ് പറഞ്ഞിരുന്നത്. ഹോട്ടൽ ജീവനക്കാരുടെ വിശ്വാസം നേടുന്നതിനായി ഇയാൾ അവരോട് പതിവായി സംസാരിച്ചിരുന്നു എന്നും യുഎഇയിലെ ജോലിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള കഥകൾ പറഞ്ഞിരുന്നു എന്നും ഹോട്ടൽ മാനേജ്മെന്റ് പരാതിയിൽ പറയുന്നു.
മുറിക്കും മറ്റ് സൗകര്യങ്ങൾക്കുമായി ആകെ 35 ലക്ഷം രൂപയായിരുന്നു ബിൽ. ഷെരീഫ് 11.5 ലക്ഷം രൂപ നൽകിയെങ്കിലും പിന്നീട് തുകയുടെ ഭൂരിഭാഗവും നൽകാതെ പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 20 ലക്ഷം രൂപയുടെ ചെക്ക് നൽകിയതായും എന്നാൽ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങിയെന്നും മാനേജ്‌മെന്റ് പരാതിപ്പെട്ടു.
advertisement
ഷെരീഫ് കാണിച്ച ഐഡി കാർഡുകൾ ഒറിജിനൽ ആണെന്നോ അബുദാബിയിലെ രാജകുടുംബവുമായി അയാൾക്ക് ബന്ധമുണ്ടെന്നോ തങ്ങൾ കരുതുന്നില്ലെന്നും പോലീസ് പറഞ്ഞു. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇനിയും കണ്ടെത്താനുണ്ടെന്നും പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ലീലാ പാലസ് ഹോട്ടൽ ഇതുവരെ ഔദ്യോ​ഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/India/
യുഎഇ രാജകുടുംബ ബന്ധു എന്ന വ്യാജേന ഡൽഹി ലീലാ പാലസ് ഹോട്ടലിൽ താമസിച്ച് 23 ലക്ഷത്തിന്റെ ബില്ലടയ്ക്കാതെ യുവാവ് മുങ്ങി
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement