'ഒഴിപ്പിക്കൽ' 30 വർഷം മുൻപും; ഐ കെ ഗുജ്റാൾ മുതൽ ടൊയോട്ട സണ്ണി വരെ; ചരിത്രത്തിൽ ഇടംനേടിയ 'രക്ഷകർ'

Last Updated:

Evacuation before 30 years | വിമാനമാർഗമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ എന്നു ഗിന്നസ് ബുക്കിൽ പരാമർശം വന്ന ദൗത്യമായിരുന്നു 1990–91ലേത്. ഇറാഖിന്റെ കുവൈത്ത് അധിനിവേശകാലത്ത് ഇരുരാജ്യങ്ങളിൽ നിന്നുമായി സൗജന്യമായി ഒഴിപ്പിച്ച 1.76 ലക്ഷം ഇന്ത്യക്കാരിൽ പകുതിയും കേരളത്തിൽ നിന്നുള്ളവരായിരുന്നു.

പ്രവാസികളായ നമ്മുടെ സഹോദരങ്ങളെ തിരികെയെത്തിക്കുന്നത് കാത്തിരിക്കുകയാണ് രാജ്യം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പൗരന്മാരെ ഇന്ത്യയിലെത്തിക്കാനുള്ള മഹാ ദൗത്യം 'വന്ദേ ഭാരത് മിഷൻ' ആരംഭിച്ചു കഴിഞ്ഞു. എയർ ഇന്ത്യയുടെ 64 വിമാന സർവീസുകളാണ് വിദേശത്തുനിന്ന് ഇന്ത്യക്കാരെ എത്തിക്കാനായി പ്രവർത്തിക്കുക. ഓപ്പറേഷൻ സമുദ്ര സേതു എന്നു പേരിട്ട് വന്ദേ ഭാരത് മിഷനിൽ സഹായിക്കാൻ നാവികസേനയുടെ രണ്ട് കപ്പലുകളും മാലിദ്വീപിലേക്കു പുറപ്പെട്ടിട്ടുണ്ട്.
വിവിധ വിദേശ രാജ്യങ്ങളിലായി 1.4 കോടി ഇന്ത്യക്കാരാണുള്ളത്. ഗൾഫിൽ മാത്രം ലക്ഷക്കണക്കിന്‌ ഇന്ത്യക്കാരാണുള്ളത്. ഗൾഫിലെ 10,000ൽ അധികം ഇന്ത്യക്കാർക്ക് കോവിഡ് പിടിപെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിൽ 84 പേർ മരിക്കുകയും ചെയ്തു. മഹാമാരിയുടെ പേടിപ്പെടുത്തുന്ന കാലത്തിനുമുന്നിൽ നിസഹായരായ പൗരന്മാരെ നാട്ടിലെത്തിക്കുന്ന ഇത്രയും വലിയ ഒഴിപ്പിക്കലിന് തയാറെടുക്കുന്ന രാജ്യത്തിന് ആത്മവിശ്വാസം നൽകുന്നത് മറ്റൊരു മഹാ ദൗത്യവും.
30 വർഷം മുൻപൊരു ഒഴിപ്പിക്കൽ ദൗത്യം
1990 ഓഗസ്റ്റ് 2ാം തിയതി സദ്ദാം ഹുസൈന്റെ ഉത്തരവ് അനുസരിച്ച് ഇറാഖ് കുവൈറ്റിനെ ആക്രമിച്ചപ്പോൾ 1.70 ലക്ഷത്തിലധികം ഇന്ത്യക്കാരുടെ ജീവനാണ് അപകടത്തിലായത്. മലയാളിയായ ടൊയോട്ട സണ്ണിയെന്ന വൻമരത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശ്രമങ്ങളുടെ ഫലമായി ഇന്ത്യൻ ഭരണകൂടം ഉണർന്നു. വിമാനങ്ങളയച്ചു. സമ്പാദ്യമെല്ലാം ഉപേക്ഷിച്ച് കുവൈറ്റ് വിടാൻ തയാറായ എല്ലാവരെയും ഇന്ത്യയിലെത്തിച്ചു.
advertisement
വിമാനമാർഗമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ എന്നു ഗിന്നസ് ബുക്കിൽ പരാമർശം വന്ന ദൗത്യമായിരുന്നു 1990–91ലേത്. ഇറാഖിന്റെ കുവൈത്ത് അധിനിവേശകാലത്ത് ഇരുരാജ്യങ്ങളിൽ നിന്നുമായി സൗജന്യമായി ഒഴിപ്പിച്ച 1.76 ലക്ഷം ഇന്ത്യക്കാരിൽ പകുതിയും കേരളത്തിൽ നിന്നുള്ളവരായിരുന്നു.
കുവൈറ്റ് ഇറാഖിന്റെ ഒരു പ്രവിശ്യ മാത്രമാണെന്ന് സദ്ദാം ഹുസൈൻ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ എംബസി ഫലത്തിൽ ഇല്ലാതായി. സ്ഥാനപതി ബുദ്ധ് രാജിനെ ഇറാഖിലെ ബസ്രയിലുള്ള കോൺസുലേറ്റിലേക്കു മാറ്റി. അതോടെ കുവൈത്തിലുള്ള മലയാളികളടക്കം 1.71 ലക്ഷം ഇന്ത്യക്കാർ അനാഥരാവുകയായിരുന്നു.
advertisement
ഇതോടെ കേന്ദ്രസർക്കാർ ഇടപെട്ടു. പിന്നീട് അന്നത്തെ വിദേശകാര്യമന്ത്രി ഐ.കെ.ഗുജ്റാൾ ഇറാഖിലെ ബഗ്ദാദിൽ എത്തി ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് സദ്ദാമിൽനിന്ന് അനുമതി നേടിയെടുക്കുകയായിരുന്നു.
advertisement
1. ടൊയോട്ട സണ്ണി എന്ന മാത്തുണ്ണി മാത്യൂസ്
മലയാളിയായ ഇന്ത്യൻ വ്യവസായി. അന്ന് പ്രവാസികളെ സുരക്ഷിതരായി തിരികെ എത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. മാത്തുണ്ണി മാത്യൂസ് എന്നത് കുവൈറ്റിലെയും മറ്റു ഗള്‍ഫ് നാടുകളിലെയും പ്രവാസികള്‍ക്ക് പരിചിതമായ പേരായിരുന്നില്ല ഒരിക്കലും. പക്ഷേ, ടൊയോട്ട സണ്ണിയെ അറിയാത്ത, ഒരിക്കലെങ്കിലും ആ പേര് കേള്‍ക്കാത്ത പ്രവാസി ഉണ്ടാവില്ല.
പത്തനംതിട്ട കുമ്പനാട്ട് പരേതരായ എ.സി. മാത്യൂസിന്റെയും ആച്ചിയമ്മയുടെയും മകനായ മാത്തുണ്ണി മാത്യൂസ് 1956ലാണ് ജോലിയും ജീവിതവും തേടി കുവൈത്തിലെത്തുന്നത്. പിറ്റേവര്‍ഷം തന്നെ ടൊയോട്ടയുടെ വിതരണക്കാരായ നാസര്‍ മുഹമ്മദ് അല്‍ സായര്‍ ആന്‍ഡ് കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. 1989ല്‍ അവിടെനിന്ന് ജനറല്‍ മാനേജരായി സ്വയം വിരമിക്കുമ്പോഴേക്കും സണ്ണിയുടെകൂടി പ്രവര്‍ത്തനഫലമായി കമ്പനി ഏറെ വളര്‍ന്നു. അതിനിടയില്‍ത്തന്നെ ടൊയോട്ട എന്ന പേര് അദ്ദേഹത്തിനായി നാട്ടുകാര്‍ പതിച്ചുകൊടുത്തിരുന്നു.
advertisement
അഭയംതേടി നടന്നവര്‍ക്കായി സണ്ണിയുടെ നേതൃത്വത്തിലുള്ള ഒരുസംഘം ഇന്ത്യന്‍ സ്‌കൂളുകള്‍ തുറന്നിട്ടു. തെരുവുകളിലൂടെ നടന്നുനീങ്ങുന്ന ഇറാഖ് സൈന്യത്തിനിടയിലൂടെ ഇന്ത്യക്കാര്‍ക്കുവേണ്ടി സണ്ണി ഓടിനടന്നു. അയല്‍ രാജ്യമായ ജോര്‍ദാനില്‍നിന്ന് എയര്‍ഇന്ത്യയുടെ വിമാനങ്ങളില്‍ കുവൈറ്റിലെ ഇന്ത്യക്കാരെ കയറ്റി അയക്കാനുള്ള തന്ത്രങ്ങള്‍ക്ക് സണ്ണി രൂപംനല്‍കി. ഇന്ത്യന്‍ എംബസി ഇതിനായി ഓഫീസ് സംവിധാനം സണ്ണിക്ക് നല്‍കിയിരുന്നു. രേഖകള്‍ ശരിയാക്കി നല്‍കാനുള്ള സീല്‍ ഉള്‍പ്പെടെയുള്ളതായിരുന്നു ആ സംവിധാനം. എംബസിപോലും നിസ്സഹായരായിടത്ത് സണ്ണി എന്ന ഒരു മനുഷ്യന്‍ സ്വയം എംബസിയായി രൂപപ്പെടുകയായിരുന്നു.
advertisement
2. ടോണി ജഷൻമൽ
ഗൾഫ് മേഖലയിലെ വലിയ റീട്ടെയിൽ ശൃംഖലയായ ജഷൻമൽ നാഷണൽ കമ്പനിയുടെ സിഇഒയായിരുന്നു ടോണി ജഷൻമൽ. യുദ്ധമേഖലകളിൽ നിന്ന് രക്ഷപ്പെടുത്തിയെത്തിക്കുന്നവർക്ക് ആഹാരവും അഭയവും നൽകാനായി നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. ഇന്ത്യയിൽ നിന്ന് ജോർദാനിലേക്ക് എല്ലാ ദിവസവും 16 വിമാനങ്ങൾ വരെ അയക്കുന്നതിനും നേതൃത്വം നൽകി.
advertisement
3. കെടിബി മേനോൻ
കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിച്ച വ്യവസായി. കുവൈറ്റിലെ വൈദ്യുതിവൽക്കരണത്തിനും വൻകിട കുടിവെള്ള പദ്ധതികൾക്കും നേതൃത്വം നൽകി. വിദേശകാര്യ മന്ത്രലായത്തിലെ ഗള്‍ഫ് വിഭാഗം തലവനായിരുന്ന കെ പി ഫാബിയാന്‍ തനിക്ക് കെടിബി മേനോൻ നൽകിയ വലിയ പിന്തുണയെ കുറിച്ച് പിന്നീട് ഇന്ത്യൻ ഫോറിൻ അഫയേഴ്സ് ജേണലിൽ എഴുതി. കെടിബി മേനോൻ ഫാബിയാനെ വിളിച്ച് പറഞ്ഞത്, പണമാണ് പ്രശ്നമെങ്കിൽ ഇവിടെ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും ചെലവ് വഹിക്കാൻ താൻ തയാറാണ് എന്നാണ്.
4. ഐ കെ ഗുജ്റാൾ
വിദേശകാര്യമന്ത്രിയായിരുന്ന ഐ കെ ഗുജ്റാളും ഗൾഫ് മേഖലയുടെ ചുമതലയുണ്ടായിരുന്ന കെ പി ഫാബിയാനും വിദേശ കാര്യമന്ത്രാലയത്തിലെ മറ്റു ചില ഉദ്യോഗസ്ഥരും ചേർന്ന് സദ്ദാം ഹുസൈനെ കണ്ട് പ്രവാസികളെ മടക്കിഎത്തിക്കുന്ന കാര്യം സംസാരിച്ചു. രക്ഷാദൗത്യത്തിന്റെ ബ്ലൂപ്രിന്റ് ഐ കെ ഗുജ്റാൾ ഉടനടി തയാറാക്കി. ഇതേ തുടർന്ന് ജോർദാനിലേക്ക് ഇന്ത്യക്കാർക്ക് സുരക്ഷിത പാത ഒരുക്കാമെന്ന് ഇറാഖ് സമ്മതിച്ചു.
5. കെ പി ഫാബിയാൻ
വിദേശകാര്യമന്ത്രാലയത്തിലെ ഗൾഫ് മേഖലയുടെ ചുമതല വഹിച്ചിരുന്ന ജോയിന്റ് സെക്രട്ടറിയായിരുന്ന കെ പി ഫാബിയാൻ ഐ കെ ഗുജ്റാളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പ്രവാസികളെ തിരികെ എത്തിക്കുന്ന രക്ഷാ ദൗത്യത്തിനായി അക്ഷീണം പ്രയത്നിച്ചു. എയർ ഇന്ത്യ പൈലറ്റുമാർക്കും ജീവനക്കാർക്കും വേണ്ട പ്രചോദനം നൽകിയതും അദ്ദേഹമാണ്.
6.ഹർഭജൻ സിംഗ് വേദി
ആർക്കിടെക്ടായ വേദി, കുവൈറ്റിലെ നിരവധി വൻകിട പദ്ധതികളുടെ കൺസൾട്ടന്റായിരുന്നു. അതുമാത്രമല്ല, ഭരണം കൈയാളിയിരുന്ന അൽ സാബ കുടുംബവുമായി അദ്ദേഹത്തിന് അടുത്ത ബന്ധവുമുണ്ടായിരുന്നു. രാജ കുടുംബത്തിനും കുവൈറ്റിലെ അതിസമ്പന്നർക്കും വേണ്ടിയുള്ള വില്ലകൾ നിർമിച്ചിരുന്നത് വേദിയായിരുന്നു. പാസ്പോർട്ടുകളിലും യാത്രാരേഖകളിലും ഒപ്പുവയ്ക്കുന്നതിനുള്ള അധികാരം ഐ കെ ഗുജ്റാൾ വേദിക്ക് നൽകി. രക്ഷാദൗത്യത്തിന് പ്രധാന പങ്കാളിത്തം വഹിച്ചതും വേദിയായിരുന്നു. ദൗത്യത്തിനായി വേദിയുടെ നേതൃത്വത്തിൽ 51 അംഗ അനൗദ്യോഗിക സമിതി രൂപീകരിക്കുകയും ചെയ്തതായും പറയപ്പെടുന്നു.
ഇവർക്കെല്ലാം പുറമെ എയർ ഇന്ത്യയുടെ മേഖലാ ഡയറക്ടറും ഗൾഫ് നാടുകളുടെ ചുമതലക്കാരനുമായിരുന്നു മിഖായേൽ മസ്കാരെനാസും അന്നത്തെ ദൗത്യത്തിൽ പ്രധാന പങ്ക് വഹിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
'ഒഴിപ്പിക്കൽ' 30 വർഷം മുൻപും; ഐ കെ ഗുജ്റാൾ മുതൽ ടൊയോട്ട സണ്ണി വരെ; ചരിത്രത്തിൽ ഇടംനേടിയ 'രക്ഷകർ'
Next Article
advertisement
Horoscope Oct 7 | ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് ഇന്ന് പോസിറ്റിവിറ്റി, ആത്മവിശ്വാസം, ആഴത്തിലുള്ള ബന്ധങ്ങൾ അനുഭവപ്പെടും.

  • ഇടവം രാശിക്കാർക്ക് അസ്വസ്ഥതയും തെറ്റിദ്ധാരണയും നേരിടേണ്ടി വരും, ക്ഷമ കാണിക്കാൻ പഠിക്കേണ്ടതുണ്ട്.

  • മിഥുനം രാശിക്കാർക്ക് വ്യക്തത, ആകർഷണീയത, ശക്തമായ ബന്ധങ്ങൾ അനുഭവപ്പെടും, പുതിയ സൗഹൃദങ്ങൾ കണ്ടെത്തും.

View All
advertisement