ഇന്റർഫേസ് /വാർത്ത /India / ഹിന്ദുമതം സ്വീകരിച്ച യുപി ഷിയ വഖഫ് ഫോർഡ് മുൻ അധ്യക്ഷൻ വസീം റിസ്‌വിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്

ഹിന്ദുമതം സ്വീകരിച്ച യുപി ഷിയ വഖഫ് ഫോർഡ് മുൻ അധ്യക്ഷൻ വസീം റിസ്‌വിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്

ജിതേന്ദ്ര നാരായൺ ത്യാഗി എന്ന വസീം റിസ്‌വി

ജിതേന്ദ്ര നാരായൺ ത്യാഗി എന്ന വസീം റിസ്‌വി

ഉത്തർപ്രദേശിലെ ഷിയ സെൻട്രൽ വഖഫ് ബോർഡിന്റെ മുൻ തലവൻ ജിതേന്ദ്ര നാരായൺ ത്യാഗി എന്ന വസീം റിസ്‌വി അടുത്തിടെയാണ് ഹിന്ദുമതം സ്വീകരിച്ചത്.

  • Share this:

അനുപം ത്രിവേദി

കഴിഞ്ഞയാഴ്ച ഹരിദ്വാറിലെ ഒരു മതസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തെ തുടർന്ന് വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെ ഉത്തർപ്രദേശിലെ ഷിയ സെൻട്രൽ വഖഫ് ബോർഡ് (Shia Central Waqf Board in Uttar Pradesh) മുൻ മേധാവി ജിതേന്ദ്ര നാരായൺ ത്യാഗി എന്ന വസീം റിസ്‌വിക്കെതിരെ (Wasim Rizvi Alias Jitendra Tyagi) സെക്ഷൻ 153-എ (വിദ്വേഷം വളർത്തൽ) പ്രകാരം പൊലീസ് കേസെടുത്തു. അടുത്തിടെ ഹിന്ദുമതം സ്വീകരിച്ചയാളാണ് ജിതേന്ദ്ര നാരായൺ ത്യാഗി എന്ന് വസീം റിസ്‌വി.

''ജിതേന്ദ്ര നാരായൺ ത്യാഗി എന്ന വസീം റിസ്‌വിക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസ് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. വിശദാംശങ്ങൾ പോലീസ് പരിശോധിച്ച് അതിനനുസരിച്ച് നടപടിയെടുക്കും,” സീനിയർ പോലീസ് സൂപ്രണ്ട് യോഗേന്ദ്ര സിംഗ് റാവത്ത് News18.com-നോട് പറഞ്ഞു. എഫ്‌ഐആറിൽ കൂടുതൽ വകുപ്പുകൾ ചേർക്കണമോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസംബർ 17 മുതൽ 19 വരെ ഹരിദ്വാറിൽ നടന്ന ‘ധരം സൻസദ്’- സമ്മേളനത്തിൽ നടത്തിയ പ്രസംഗങ്ങൾ തന്റെ വികാരം വ്രണപ്പെടുത്തിയെന്ന പ്രദേശവാസിയുടെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പരാതിയിൽ റിസ്‌വിയുടെ പേര് പരാമർശിച്ചിരുന്നു.

'ധരം സൻസദിൽ' നിരവധി മതനേതാക്കളും പങ്കെടുത്തിരുന്നു, അവർ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും 'ഹിന്ദു രാഷ്ട്രം' ആവശ്യപ്പെടുകയും ചെയ്തു. മുൻകാലങ്ങളിലും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നാരോപണം ഉയർന്നിട്ടുള്ള വിവാദനായകൻ യതി നരസിംഹാനന്ദാണ് മതസമ്മേളനം സംഘടിപ്പിച്ചത്.

ഇതിനിടെ, ഉത്തർപ്രദേശ് പൊലീസിനെതിരെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി നടത്തിയ പരാമർശവും വിവാദമായിരിക്കുകയാണ്. കാൺപൂരിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ പൊലീസ് അതിക്രമങ്ങളുടെ കേസുകൾ വിവരിച്ച ഒവൈസി, അവ ദൈവത്താൽ വെളിവാക്കപ്പെടുമെന്ന് പറഞ്ഞു. സംസ്ഥാനത്ത പൊലീസുകാർക്ക് രാഷ്ട്രീയ രക്ഷാകർതൃത്വം എക്കാലവും ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസംഗം വിവാദമായതോടെ തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമെടുത്ത് വിവാദമുണ്ടാക്കാൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണെന്ന് ഒവൈസി വെള്ളിയാഴ്ച പറഞ്ഞു.

“ഞാൻ കാൺപൂരിൽ നടത്തിയ 45 മിനിറ്റ് പ്രസംഗത്തിൽ നിന്നപള്ള ഒരു മിനിറ്റ് വീഡിയോ പ്രചരിക്കുന്നുണ്ട്. എന്റെ പ്രസംഗം മുഴുവനും ഞാൻ ഇപ്പോൾ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. എന്റെ പ്രസംഗത്തിന്റെ സന്ദർഭം വളരെ വ്യക്തമാണ്. 80 വയസ്സുള്ളവരെപോലും ഉപദ്രവിക്കുന്ന പൊലീസുകാരെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. റിക്ഷാ ഡ്രൈവറെ മകളുടെ മുന്നിൽ വെച്ച് ജനക്കൂട്ടം മർദ്ദിക്കുന്നത് നിശബ്ദമായി കാണുന്ന പൊലീസുകാരെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. കൈയിൽ കുഞ്ഞുമായി നിന്നയാളെ ലാത്തികൊണ്ട് പ്രഹരിച്ച പൊലീസുകാരെ കുറിച്ചാണ് ഞാൻ പറഞ്ഞത്," ഒവൈസി പറഞ്ഞു.

“ഞങ്ങൾ ഈ പൊലീസ് അതിക്രമങ്ങൾ ഓർമിച്ചുവെക്കുമെന്ന് ഞാൻ പറഞ്ഞു. ഇത് പ്രതിഷേധാർഹമാണോ? ഉത്തർപ്രദേശിലെ മുസ്ലീങ്ങളോട് പൊലീസ് എങ്ങനെയാണ് പെരുമാറിയതെന്ന് ഓർമിക്കുന്നതിനെ എന്തിനാണ് കുറ്റപ്പെടുത്തുന്നത്? അനസ്, സുലൈമാൻ, ആസിഫ്, ഫൈസൽ, അൽതാഫ്, അഖ്‌ലാഖ്, ഖാസിം തുടങ്ങി നൂറുകണക്കിന് ആളുകൾക്ക് നേരെയുണ്ടായ അടിച്ചമർത്തലുകൾ ഞങ്ങൾക്ക് മറക്കാൻ കഴിയില്ല, ”അദ്ദേഹം ട്വീറ്റുകളുടെ പരമ്പരയിൽ ചോദിച്ചു, “ഞാൻ അക്രമത്തിന് പ്രേരിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഞാൻ സംസാരിച്ചത് പൊലീസ് അതിക്രമങ്ങളെക്കുറിച്ചാണ്."

ധരം സൻസദിൽ വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒവൈസിയുടെ പാർട്ടിയുടെ ഉത്തരാഖണ്ഡ് യൂണിറ്റും വ്യാഴാഴ്ച രാത്രി പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേരയും അക്രമത്തിന് പ്രേരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.

“ഇത്തരത്തിലുള്ള വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം. നമ്മുടെ ബഹുമാന്യനായ മുൻ പ്രധാനമന്ത്രിയെ കൊലപ്പെടുത്താനും വിവിധ സമുദായങ്ങളിൽപ്പെട്ട ആളുകൾക്കെതിരെ അക്രമം അഴിച്ചുവിടാനും തുറന്ന ആഹ്വാനം നടത്തിയവർ ശിക്ഷിക്കപ്പെടാതെ പോകുന്നത് നിന്ദ്യമാണ്," - മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെ നടത്തിയ പരാമർശത്തെ പരാമർശിച്ച് പ്രിയങ്ക പറഞ്ഞു.

Also Read- PM Narendra Modi | 'ക്രിസ്തുദേവന്റെ ജീവിതവും ശ്രേഷ്ഠമായ പാഠങ്ങളും എല്ലാവരും ഓര്‍മിക്കണം';പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആശംസ

“ഇത്തരം പ്രവൃത്തികൾ നമ്മുടെ ഭരണഘടനയെയും നമ്മുടെ രാജ്യത്ത് നിലവിലുള്ള നിയമങ്ങളെയും ലംഘിക്കുന്നതാണ്” പ്രിയങ്ക കൂട്ടിച്ചേർത്തു.

(സതേന്ദ്ര ബർത്വാൾ‌ നൽകിയ വിവരങ്ങൾ കൂടി ചേർത്താണ് ലേഖനം തയാറാക്കിയത്)

First published:

Tags: Asaduddin Owaisi, Owaisi