'അതീവ ജാഗ്രത പുലർത്തണം'; കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

Last Updated:

സംഘര്‍ഷ സാധ്യതയുള്ള കനേഡിയന്‍ പ്രദേശങ്ങളിലേക്ക് വളരെ ജാഗ്രതയോടെ യാത്ര ചെയ്യണമെന്ന് ഇന്ത്യന്‍ പൗരന്‍മാരോട് കേന്ദ്രസര്‍ക്കാര്‍ നിർദേശിച്ചു.

ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന ഇന്ത്യാവിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തില്‍ കാനഡയിലെ ഇന്ത്യന്‍ വംശജർക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാരും കാനഡയിലേക്ക് യാത്ര ചെയ്യുന്നവരും വളരെ ജാഗ്രതയോടെയിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെയും ഇന്ത്യാവിരുദ്ധ നിലപാടുകള്‍ക്കെതിരെ തുറന്നടിച്ചവര്‍ക്കെതിരെയും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഘര്‍ഷ സാധ്യതയുള്ള കനേഡിയന്‍ പ്രദേശങ്ങളിലേക്ക് വളരെ ജാഗ്രതയോടെ യാത്ര ചെയ്യണമെന്ന് ഇന്ത്യന്‍ പൗരന്‍മാരോട് കേന്ദ്രസര്‍ക്കാര്‍ നിർദേശിച്ചു.
advertisement
കാനഡയിലെ ഇന്ത്യന്‍ വംശജരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ഹൈക്കമ്മീഷനും കോണ്‍സുലേറ്റ് ജനറലും കനേഡിയന്‍ അധികൃതരുമായി നിരന്തരം ചര്‍ച്ച നടത്തി വരികയാണ്. നിലവിലെ സാഹചര്യത്തില്‍ കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തോട് അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
” കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും, വിദ്യാര്‍ത്ഥികളും ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലോ ടൊറന്റോയിലേയും വാന്‍കൂവറിലേയോ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയിലോ രജിസ്റ്റര്‍ ചെയ്യണം. ഇവരുടെ അംഗീകൃത വെബ്സൈറ്റുകളിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിലൂടെ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ കാനഡയിലെ ഇന്ത്യന്‍ പൗരന്മാരുമായി ആശയവിനിമയം നടത്താന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും,” എന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.
advertisement
ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളാണ് ഇരുരാജ്യങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കിയത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുകളായിരിക്കാം കാനഡയില്‍ വെച്ച് നിജ്ജാറിനെ കൊന്നത് എന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന.
ആരോപണത്തിന് പിന്നാലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയിരുന്നു. കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിക്കാണ് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയത്
advertisement
തുടര്‍ന്ന് ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമീഷണര്‍ കാമറോണ്‍ മക്കേയെ ന്യൂഡല്‍ഹിയിലെ വിദേശ കാര്യ ആസ്ഥാനത്ത് വിളിപ്പിച്ച് ഇക്കാര്യം അറിയിച്ചു. അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യ വിടാന്‍ ഇദ്ദേഹത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കനേഡിയന്‍ നയതന്ത്രജ്ഞര്‍ ഇടപെടുന്നതിലെ ആശങ്ക വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഹൈക്കമീഷണറെ തിരിച്ചയയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
advertisement
അതേസമയം കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഭരണകൂടം നിയോഗിച്ച ഏജന്റുമാരാണെന്നതിന് കാനഡയുടെ സുരക്ഷാ വിഭാഗത്തിന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ വാക്കുകള്‍. ഒരു കാനഡ പൗരന്റെ കൊലപാതകത്തില്‍ വിദേശ കരങ്ങളുടെ പങ്ക് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ചില ഇന്ത്യന്‍ വംശജരെ കുപിതരാക്കുകയും ഭയപ്പെടുത്തുകയും ചെയ്തതായും ട്രൂഡോ വിശദീകരിച്ചിരുന്നു.
ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു
മലയാളം വാർത്തകൾ/ വാർത്ത/India/
'അതീവ ജാഗ്രത പുലർത്തണം'; കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement