Goa | എല്ലാ കുടുംബങ്ങള്‍ക്കും മൂന്ന് LPG സിലിണ്ടറുകള്‍ സൗജന്യം; പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ച് BJP സര്‍ക്കാര്‍
- Published by:Rajesh V
- news18-malayalam
Last Updated:
ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തത് പ്രകാരം, പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ വീടുകളിലും മൂന്ന് സൗജന്യ സിലിണ്ടര്‍ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പനാജി: പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ കുടുംബങ്ങള്‍ക്കും മൂന്ന് പാചക വാതക സിലിണ്ടറുകള്‍ (Gas Cylinders) വീതം സൗജന്യമായി നല്‍കുമെന്ന് ഗോവ സര്‍ക്കാര്‍ (Goa Government). ബിജെപി തെരഞ്ഞെടുപ്പ് പത്രികയില്‍ നൽകിയ വാഗ്ദാനമാണ് സര്‍ക്കാര്‍ പാലിക്കുന്നത്. എട്ട് മന്ത്രിമാര്‍ ഉള്‍പ്പെട്ട പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രമോദ് സാവന്താണ് (Pramod Sawant) ഇക്കാര്യം അറിയിച്ചത്.
ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തത് പ്രകാരം, പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ വീടുകളിലും മൂന്ന് സൗജന്യ സിലിണ്ടര്‍ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ മാസം നടന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, അധികാരത്തിലെത്തിയാല്‍ പ്രതിവര്‍ഷം മൂന്ന് എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്ന് ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നിരവധി പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്. ഇരുമ്പയിര് ഖനനം പുനരാരംഭിക്കുന്നതിനും സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് നിലവില്‍ സർക്കാർ മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
advertisement
അതിനിടെ, പുതിയ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ ഇന്ധന വില വര്‍ധന സംബന്ധിച്ച ചര്‍ച്ച നടന്നിട്ടില്ലെന്ന് മന്ത്രിമാര്‍ അറിയിച്ചു. ഇന്ധന വില വര്‍ധനവ് സര്‍ക്കാര്‍ വൈകാതെ ചര്‍ച്ച ചെയ്‌തേക്കുമെന്ന് മന്ത്രിമാരായ രോഹന്‍ ഖൗണ്ടേ, രവി നായിക്, ഗോവിന്ദ് ഗൗഡ് എന്നിവര്‍ പറഞ്ഞു.
ഇന്ധന വില വര്‍ധനവ് നിയന്ത്രിക്കുകയെന്നത് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വിഷയമല്ലെന്ന് മന്ത്രി മൗവിന്‍ ഗോഡിഞ്ഞോ പറഞ്ഞു. ''അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയും റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധവുമാണ് ഇന്ധന വില വര്‍ധനവിന്റെ അടിസ്ഥാന കാരണം. ഇത് ഞങ്ങളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള വിഷയമാണ്'', അദ്ദേഹം പറഞ്ഞു.
advertisement
2019ല്‍ അന്നത്തെ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്നാണ് സാവന്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. സാവന്തിന്റെ നേതൃത്വത്തിലാണ് ഇത്തവണ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 40 അംഗ സഭയില്‍ 20 സീറ്റുകളാണ് ബിജെപി നേടിയത്.
മൂന്ന് തവണ എംഎല്‍എയായ പ്രമോദ് സാവന്ത് തിങ്കളാഴ്ചയാണ് പനാജിക്കടുത്ത് ബാംബോലിമിലെ ഡോ.ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു.
advertisement
ഇത് രണ്ടാം തവണയാണ് ഗോവ മുഖ്യമന്ത്രി രാജ്ഭവന് പുറത്തുള്ള വേദിയിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. 2012ല്‍ ബിജെപി സഭയിലെ ഏറ്റവും വലിയ കക്ഷിയായി മാറിയതിനെത്തുടര്‍ന്ന്, പനാജിയിലെ കാമ്പലിലെ ഗ്രൗണ്ടില്‍ വച്ചാണ് മനോഹര്‍ പരീക്കര്‍ സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
വിശ്വജീത് റാണെ, മൗവിന്‍ ഗോഡിഞ്ഞോ, രവി നായിക്, നിലേഷ് കബ്രാള്‍, സുഭാഷ് ശിരോദ്കര്‍, രോഹന്‍ ഖൗണ്ടേ, അറ്റനാസിയോ മൊണ്‍സെറേറ്റ്, ഗോവിന്ദ് ഗൗഡെ എന്നിവരാണ് ഗോവ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 30, 2022 10:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Goa | എല്ലാ കുടുംബങ്ങള്‍ക്കും മൂന്ന് LPG സിലിണ്ടറുകള്‍ സൗജന്യം; പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ച് BJP സര്‍ക്കാര്‍