ഗോവന്‍ ടൂറിസം മുഖം മാറ്റുന്നു; ബീച്ചുകള്‍ക്കു പകരം തീര്‍ഥാടന കേന്ദ്രങ്ങളെ ഉന്നമിട്ട് സര്‍ക്കാര്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
തീര്‍ഥാടന കേന്ദ്രങ്ങളും പൈതൃക കേന്ദ്രങ്ങളും കാര്‍ഷിക ടൂറിസവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളിലാണ് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നത്
ഗോവയിലെ വിനോദ സഞ്ചാരമേഖല വലിയ മാറ്റത്തിന്റെ പാതയിലാണ്. തീര്‍ഥാടന കേന്ദ്രങ്ങളും പൈതൃക കേന്ദ്രങ്ങളും കാര്‍ഷിക ടൂറിസവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നത്. ബീച്ചുകള്‍ക്ക് അപ്പുറത്തേക്ക് ഗോവയിലെ ടൂറിസം കേന്ദ്രങ്ങള്‍ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ റെസ്റ്റൊറന്റ് ഉടമകളും ഹോട്ടലുകളും ഗണ്യമായ നഷ്ടം നേരിടുന്ന സമയത്താണ് സര്‍ക്കാരിന്റെ ഈ ഇടപെടല്‍.
സംസ്ഥാനത്ത് ബിസിനസ്ചെയ്യുന്നത് എളുപ്പമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഇവിടുത്തെ ചെറുകിട, ഇടത്തരം ഹോട്ടലുകളുടെ അസോസിയേഷന്‍ (Small and Medium Hoteliers Association -SMHA) സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിദേശ ടൂറിസ്റ്റുകള്‍ വിസയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും കൂടാതെ, തമിഴ്‌നാട്, ശ്രീലങ്ക എന്നിവടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സംസ്ഥാനത്ത് സാധനങ്ങള്‍ക്ക് വില കൂടുതലാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം കോവിഡിന് മുമ്പുള്ള കാലത്തെ നിലയിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല. നിയന്ത്രണത്തിലെ മാറ്റങ്ങള്‍, ലൈസന്‍സിങ് ആവശ്യകതകള്‍ എന്നിവ ഗോവയിലെ ടൂറിസം വ്യവസായത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്. കടല്‍ത്തീരങ്ങളെ കേന്ദ്രീകരിച്ചുള്ള ടൂറിസം മാതൃകയില്‍ നിന്ന് കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുന്നതും ജനങ്ങളെ കേന്ദ്രീകരിച്ചുള്ളതുമായ ടൂറിസം സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്.
advertisement
സാമ്പത്തികവും സാമൂഹികവും പാരസ്ഥിതികവുമായ ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ട് സന്ദര്‍ശകര്‍, വ്യവസായ മേഖല, പരിസ്ഥിതി, ഹോസ്റ്റ് കമ്യൂണിറ്റികള്‍ എന്നിവയുടെ ആവശ്യങ്ങള്‍ അഭിസംബോധന ചെയ്തുകൊണ്ടുള്ള ടൂറിസത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുനരുത്പാദന വിനോദസഞ്ചാരത്തിന്റെ ഭാഗമായി 11 ആത്മീയ കേന്ദ്രങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്.
ശ്രീ ശാന്തദുര്‍ഗ കുകല്‍ക്കരിന്‍ ഫട്ടോര്‍പ, സപ്ത്കോട്ടേശ്വര്‍ നര്‍വെ ബിച്ചോലിം, ബ്രഹ്‌മകര്‍മാലി സത്താരി, മഹാഗണപതി ഖണ്ഡോല, മങ്കേഷ് ക്ഷേത്രം മംഗേഷി, മഹല്‍സ ക്ഷേത്രം മര്‍ഡോള്‍, മഹാദേവ് മന്ദിര്‍ തംബ്ദി സുര്‍ല, ദാമോദര്‍ ദേവസ്ഥാൻ, പര്‍ഹുരാമംബൂലി ദേവസ്ഥാൻ, ഹരി മന്ദിര്‍ മാര്‍ഗവോ, ശ്രീ ദത്ത മന്ദിര്‍ സംഖ്‌ലി എന്നിവയാണവ. ദക്ഷിണ കാശിയായി സ്വയം പ്രോത്സാഹിപ്പിക്കുന്ന ഗോവ കഴിഞ്ഞ വര്‍ഷം ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ഒരു ധാരണാപത്രം ഒപ്പുവെച്ചിരുന്നു.
advertisement
ആത്മീയ, ആരോഗ്യ, ഇക്കോ-ടൂറിസം സര്‍ക്യൂട്ടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഗോവയിലേക്കും ഉത്തരാഖണ്ഡിലേക്കുമുള്ള വിനോദസഞ്ചാരികളുടെ വരവ് സുഗമമാക്കുന്നതിന് സംയുക്ത ടൂറിസം പാക്കേജുകള്‍ സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ടാണ് ഇത്. ദക്ഷിണകാശിയെ ഉത്തരകാശിയുമായി ബന്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗോവ ടൂറിസം മന്ത്രി റോഹന്‍ എ ഖാവുഡേ പറഞ്ഞു. ഗോവയില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള നേരിട്ടുള്ള ആദ്യ വിമാനം 2023 മേയ് 23ന് സര്‍വീസ് ആരംഭിച്ചിരുന്നു.
ടൂറിസം 2.0
പുതിയ വിനോദസഞ്ചാര മാതൃകയില്‍ പൈതൃക ഭവനങ്ങളും ഉള്‍പ്പെടുന്നുണ്ട്. അടുത്ത മാസത്തോടെ സംസ്ഥാനത്ത് പൈതൃക നയം ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇവിടെ പോര്‍ച്ചൂഗീസ് മാതൃകയിലുള്ള പൈതൃക ഭവനങ്ങളുണ്ട്. പൈതൃക നയത്തിലൂടെ ആരെങ്കിലും തങ്ങളുടെ വീടുകള്‍ പുതുക്കിപണിയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് സഹായിക്കും. ഇതും ടൂറിസത്തിനായി പ്രയോജനപ്പെടുത്തും. പൈതൃക ഭവനങ്ങള്‍ ഗോവ സര്‍ക്കാരിന്റെ പിന്തുണയ്ക്കും. ആദ്യ വര്‍ഷം 30 പൈതൃക ഭവനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നൂറിലേറെ വര്‍ഷം പഴക്കമുള്ള വീടുകള്‍ പൈതൃക ഭവനങ്ങളാണ്, മന്ത്രി പറഞ്ഞു.
advertisement
എയര്‍ബിഎന്‍ബിയുമായി ഞങ്ങള്‍ ധാരാണാപത്രം ഒപ്പുവെച്ചു കഴിഞ്ഞു. ഇത്തരത്തില്‍ മേക്ക്‌മൈട്രിപ്പ്, അഗോഡ തുടങ്ങിയവുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഇവയോട് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുതാര്യത ഉറപ്പുവരുത്തുന്നതിനും വരുമാനം നഷ്ടപ്പെടാതിരിക്കാനുമായി രജിസ്റ്റര്‍ ചെയ്യാത്ത ഹോട്ടലുകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 15, 2024 7:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഗോവന്‍ ടൂറിസം മുഖം മാറ്റുന്നു; ബീച്ചുകള്‍ക്കു പകരം തീര്‍ഥാടന കേന്ദ്രങ്ങളെ ഉന്നമിട്ട് സര്‍ക്കാര്‍