ഓസ്ട്രേലിയൻ മാതൃകയിൽ 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ഗോവ
- Published by:Rajesh V
- news18-malayalam
Last Updated:
ഓസ്‌ട്രേലിയ അടുത്തിടെ നടപ്പിലാക്കിയ നിയമനിർമാണത്തിന്റെ മാതൃകയിലാണ് ഗോവയും ഇത്തരമൊരു നീക്കത്തിന് ഒരുങ്ങുന്നത്
പനാജി: കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്താൻ ഗോവ സർക്കാർ ആലോചിക്കുന്നു. ഓസ്‌ട്രേലിയ അടുത്തിടെ നടപ്പിലാക്കിയ നിയമനിർമാണത്തിന്റെ മാതൃകയിലാണ് ഗോവയും ഇത്തരമൊരു നീക്കത്തിന് ഒരുങ്ങുന്നത്. ജനുവരി 26-ന് ഗോവ ഐടി മന്ത്രി രോഹൻ ഖൗണ്ടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്‌ട്രേലിയൻ മാതൃകയെക്കുറിച്ച് സംസ്ഥാന സർക്കാർ പഠിച്ചു വരികയാണെന്നും വരുംതലമുറയുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
"സാധ്യമാണെങ്കിൽ, 16 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവിടും," രോഹൻ ഖൗണ്ടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്സ് (ട്വിറ്റർ) തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകളെയാകും ഈ നിരോധനം ബാധിക്കുക.
ഓസ്‌ട്രേലിയൻ മാതൃക
ഓസ്‌ട്രേലിയൻ നിയമപ്രകാരം, പ്രായപൂർത്തിയാകാത്തവർ അക്കൗണ്ടുകൾ തുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ സോഷ്യൽ മീഡിയ കമ്പനികൾ കർശനമായ നടപടികൾ സ്വീകരിക്കണം. വീഴ്ച വരുത്തുന്ന കമ്പനികൾക്ക് വൻതുക പിഴയായി നൽകേണ്ടി വരും. ഇതേ രീതിയിലുള്ള നിയന്ത്രണങ്ങളാണ് ഗോവയും ലക്ഷ്യമിടുന്നത്.
advertisement
നിയമപരമായ വെല്ലുവിളികൾ
സംസ്ഥാന തലത്തിൽ ഇത്തരമൊരു നിരോധനം നടപ്പിലാക്കുന്നതിന് ചില നിയമപരമായ തടസങ്ങളുണ്ട്. ഇന്ത്യയിലെ കേന്ദ്ര ഐടി നിയമങ്ങൾക്ക് കീഴിൽ സംസ്ഥാനത്തിന് മാത്രമായി ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരാൻ സാധിക്കുമോ എന്ന് സർക്കാർ പരിശോധിച്ച് വരികയാണ്. ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും സമാനമായ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
ഓൺലൈൻ ബുള്ളിയിംഗ്, ഡിജിറ്റൽ ലഹരി എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ നിരോധനം അനിവാര്യമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികൾ ഈ നിയന്ത്രണങ്ങൾ മറികടക്കില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഗോവ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ എന്ന് രോഹൻ ഖൗണ്ടെ കൂട്ടിച്ചേർത്തു. ഫ്രാൻസ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും ഓസ്‌ട്രേലിയൻ നിയമത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Panaji (Panjim, Pangim),North Goa,Goa
First Published :
Jan 27, 2026 8:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഓസ്ട്രേലിയൻ മാതൃകയിൽ 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ഗോവ








