ചരിത്രം കുറിച്ച് നാഗാലാൻഡ്; നിയമസഭയിൽ ആദ്യ വനിതയായി ഹെക്കാനി ജെക്കാലു
- Published by:Anuraj GR
- news18-malayalam
Last Updated:
വോട്ടര്‍മാരില്‍ പകുതിയോളം സ്ത്രീകളുള്ള നാഗാലാന്‍ഡില്‍ 184 സ്ഥാനാര്‍ഥികളില്‍ ആകെ നാല് വനിതകള്‍ മാത്രമായിരുന്നു മത്സരിച്ചത്
കോഹിമ: ചരിത്രമെഴുതി നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. ഇതാദ്യമായി നാഗാലാൻഡ് നിയമസഭയിലേക്ക് ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എന്‍ഡിപിപി സ്ഥാനാര്‍ഥിയായ ഹെക്കാനി ജെക്കാലുവാണ് നാഗാലാൻഡ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത എന്ന നേട്ടം കൈവരിച്ചത്. എൻഡിപിപിയുടെ മറ്റൊരു വനിതാ സ്ഥാനാർഥിയായ സര്‍ഹൗത്യൂനോ ക്രൂസെ ലീഡ് ചെയ്യുകയാണ്.
വോട്ടര്‍മാരില്‍ പകുതിയോളം സ്ത്രീകളുള്ള നാഗാലാന്‍ഡില്‍ 184 സ്ഥാനാര്‍ഥികളില്‍ ആകെ നാല് വനിതകള്‍ മാത്രമായിരുന്നു മത്സരിച്ചത്. 1963ല്‍ സംസ്ഥാനം രൂപീകരിച്ചതിശേഷം ഒരു വനിത പോലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലായിരുന്നു.
നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസ്സിവ് പാര്‍ട്ടി (എന്‍ഡിപിപി) സ്ഥാനാര്‍ഥികളായ ഹെക്കാനി ജെക്കാലു, സര്‍ഹൗത്യൂനോ ക്രൂസെ, കോണ്‍ഗ്രസിന്റെ റോസി തോംസണ്‍, ബിജെപിയുടെ കഹുലി സേമാ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന സ്ഥാനാര്‍ഥികള്‍.
2017-ല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതാ സംവരണം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും കടുത്ത പ്രതിഷേധത്തെ തുടർന്ന് ആ തീരുമാനം നടപ്പാക്കാനായില്ല. അന്നത്തെ പ്രതിഷേധത്തിനിടെ രണ്ട് പേര്‍ മരിച്ചിരുന്നു.
advertisement
അതേസമയം നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി അധികാരം നിലനിർത്തി. ആകെയുള്ള 60 സീറ്റിൽ 40 ഇടത്തും ബിജെപിയാണ് മുന്നിൽ എൻപിഎഫ് നാലിടത്തും എൻപിപി മൂന്നിടത്തും ലീഡ് ചെയ്യുന്നു. മറ്റുള്ളവർ 13 സീറ്റുകളിൽ മുന്നിലാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kohima,Kohima,Nagaland
First Published :
March 02, 2023 2:12 PM IST