കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. 1956ലാണ് കർണാട സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. സംസ്ഥാനത്ത് ഇതിനകം 16 തിരഞ്ഞെടുപ്പുകളും 23 മുഖ്യമന്ത്രിമാരും ഉണ്ടായിട്ടുണ്ട്. ഇതിൽ പലരും കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങുകയാണ് ചെയ്തത്. ഇതുവരെ നടന്ന 16 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭൂരിഭാഗം തിരഞ്ഞെടുപ്പുകളിലും അതാത് ഭരണകക്ഷികൾക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നു. അതിനാൽത്തന്നെ വളരെ കുറച്ച് സഖ്യ സർക്കാരുകൾ മാത്രമേ കർണാടകയിൽ ഉണ്ടായിട്ടുള്ളൂ.
എസ് നിജലിംഗപ്പ, വീരേന്ദ്ര പാട്ടീൽ, ഡി ദേവരാജ് ഉർസ്, എച്ച് ഡി കുമാരസ്വാമി എന്നിവർ കർണാടകയിൽ രണ്ടുതവണ മുഖ്യമന്ത്രിക്കസേരയിൽ എത്തി. അഞ്ചു വർഷത്തിനിടെ, മൂന്ന് തവണ രാമകൃഷ്ണ ഹെഗ്‌ഡെ മുഖ്യമന്ത്രിയായി. ബിഎസ് യെദ്യൂരപ്പ നാലു തവണ കർണാടക മുഖ്യമന്ത്രിയായിട്ടുണ്ട്.
സംസ്ഥാനത്ത് മൂന്ന് മുഖ്യമന്ത്രിമാർ മാത്രമാണ് അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയത്. ഈ മൂന്നു പേരും കോൺഗ്രസ് മുഖ്യമന്ത്രിമാരാണ്. എസ് നിജലിംഗപ്പ, ഡി ദേവരാജ് ഉർസ്, സിദ്ധരാമയ്യ എന്നിവരാണവർ. രണ്ടു പേരാണ് കർണാടകയിൽ തുടർച്ചയായ രണ്ട് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് മുഖ്യമന്ത്രിമാരായത്. കോൺഗ്രസിന്റെ ഡി ദേവരാജ് ഉർസും ജനതാ പാർട്ടിയുടെ രാമകൃഷ്ണ ഹെഗ്‌ഡെയുമാണ് അവർ.
1947 മുതലുള്ള രാജ്യത്തെ 75 വർഷത്തെ ചരിത്രം പരിശോധിച്ചാൽ, സംസ്ഥാനം ആദ്യം മൈസൂർ എന്ന പേരിലായിരുന്നു. പിന്നീടാണ് കർണാടകയായത്. ഇതിനിടെ, ഒൻപത് ലിംഗായത്ത് മുഖ്യമന്ത്രിമാരും, വൊക്കലിഗ സമുദായത്തിൽ പെട്ട ഏഴ് മുഖ്യമന്ത്രിമാരും, അഞ്ച് ഒബിസി മുഖ്യമന്ത്രിമാരും, രണ്ട് ബ്രാഹ്മണ മുഖ്യമന്ത്രിമാരുമാണ് സംസ്ഥാനം ഭരിച്ചത്.
1983 വരെ കോൺഗ്രസ് സംസ്ഥാനം ഭരിച്ചു. വൊക്കലിഗ നേതാക്കളായ കെ ചെങ്കലരായ റെഡ്ഡി, കെംഗൽ ഹനുമന്തയ്യ, കഡിദൽ മഞ്ഞപ്പ എന്നിവരായിരുന്നു സംസ്ഥാനത്തെ ആദ്യത്തെ മൂന്ന് മുഖ്യമന്ത്രിമാർ. ജനതാദളിന്റെ എച്ച്‌ഡി ദേവഗൗഡ, കോൺഗ്രസിന്റെ എസ്എം കൃഷ്ണ, ജനതാദളിന്റെ (സെക്കുലർ) എച്ച്‌ഡി കുമാരസ്വാമി, ബിജെപിയുടെ ഡിവി സദാനന്ദ ഗൗഡ എന്നിവരാണ് കർണാടക ഭരിച്ച മറ്റ് വൊക്കലിഗ മുഖ്യമന്ത്രിമാർ.
കർണാടകയിലെ ആദ്യത്തെ ലിംഗായത്ത് മുഖ്യമന്ത്രിയാണ് കോൺഗ്രസിന്റെ എസ് നിജലിംഗപ്പ. ബി.ഡി ജട്ടി, എസ്.ആർ കാന്തി, വീരേന്ദ്ര പാട്ടീൽ എന്നിവരാണ് പാർട്ടിയിൽ നിന്നുള്ള മറ്റ് മൂന്ന് ലിംഗായത്ത് മുഖ്യമന്ത്രിമാർ. സംസ്ഥാനത്തെ മറ്റ് ലിംഗായത്ത് മുഖ്യമന്ത്രിമാരിൽ ജനതാ പാർട്ടിയുടെ എസ്ആർ ബൊമ്മൈ, ജനതാദളിന്റെ ജെഎച്ച് പട്ടേൽ, ബിജെപിയുടെ ബിഎസ് യെദ്യൂരപ്പ, ജഗദീഷ് ഷെട്ടർ, ബസവരാജ് ബൊമ്മൈ എന്നിവരും ഉൾപ്പെടുന്നു.
സംസ്ഥാനത്തെ അഞ്ച് ഒബിസി മുഖ്യമന്ത്രിമാരും കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ളവർ ആയിരുന്നു. ഡി ദേവരാജ് ഉർസ്, എസ് ബംഗാരപ്പ, എം വീരപ്പ മൊയ്‌ലി, എൻ ധരം സിംഗ്, സിദ്ധരാമയ്യ എന്നിവരാണവർ. ദേവരാജ് ഉർസും എൻ ധരം സിംഗും രജപുത്ര വിഭാഗത്തിൽ പെടുന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ രജപുത്രർ ഉയർന്ന ജാതിക്കാരായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ കർണാടകയിൽ ഇവർ ഒബിസി വിഭാഗത്തിലാണ് പെടുന്നത്. കോൺഗ്രസിന്റെ ആർ ഗുണ്ടു റാവുവും ജനതാ പാർട്ടിയുടെ രാമകൃഷ്ണ ഹെഗ്ഡെയും സംസ്ഥാനത്തെ ബ്രാഹ്മണ മുഖ്യമന്ത്രിമാരായിരുന്നു.
സംസ്ഥാനത്ത് നിലവിലുള്ള ജാതി സംവരണം കണക്കിലെടുത്താൽ, ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളിലെ എല്ലാ ഉപവിഭാഗങ്ങളും ഇപ്പോൾ ഒബിസി വിഭാഗത്തിന് കീഴിലാണ്. അങ്ങനെ നോക്കുമ്പോൾ ഈ 23 മുഖ്യമന്ത്രിമാരിൽ 21 പേരും ഒബിസി മുഖ്യമന്ത്രിമാരാണെന്ന് പറയേണ്ടി വരും.
നാലു തവണ കർണാടക മുഥ്യമന്ത്രിയായ അധികാരമേറ്റ ബിജെപിയുടെ ബി.എസ് യെദിയൂരപ്പയാണ് ഏറ്റവും കുറഞ്ഞ സമയം ആ സ്ഥാനത്തിരുന്നയാൾ. 2007-ൽ സ്ഥാനമേറ്റ അദ്ദേഹം മുഖ്യമന്ത്രിക്കസേരയിൽ വെറും എട്ടു ദിവസവമാണ് ഇരുന്നതെങ്കിൽ 2018-ൽ അത് ഏഴു ദിവസമായി ചുരുങ്ങി.
Karnataka Election Results 2023 | കർണാടക തിരഞ്ഞെടുപ്പ് ഫലങ്ങൾ 2023 Live Updates
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Karnataka, Karnataka Election