ഭിന്നശേഷി സംവരണം നേടിയ ഐഎഎസ് ഉദ്യോഗസ്ഥന് കമ്പം സൈക്ലിങ്ങും കുതിരസവാരിയും
- Published by:Vishnupriya S
- news18-malayalam
Last Updated:
തെലങ്കാനയില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ പ്രഫുല്‍ ദേശായി വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായാണ് ആരോപണം
സിവില്‍ സര്‍വീസില്‍ സംവരണം ലഭിക്കുന്നതിനായി തെലങ്കാനയില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി ആരോപണം. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രോബേഷനറി ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ ഖേദ്കര്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ സംവരണം ലഭിക്കുന്നതിനായി വ്യാജ വൈകല്യ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന ആരോപണം ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് സമാനമായ മറ്റൊരു കേസും കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
തെലങ്കാനയിലെ കരിംനഗറിലെ അഡീഷണല്‍ കളക്ടറായി നിയമിതനായ പ്രഫുല്‍ ദേശായിക്കെതിരെയാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. കുതിരസവാരി ഉള്‍പ്പടെയുള്ള സാഹസിക സ്‌പോര്‍ട്‌സ് ചെയ്യുന്ന ദേശായിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. യുപിഎസ്‌സി പരീക്ഷയ്ക്കായി ദേശായി ഒഎച്ച്(ഓര്‍ത്തോപീഡിക്കലി ഹാന്‍ഡികാപ്പഡ്) ക്വോട്ട ദുരുപയോഗം ചെയ്തതുവെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
2019 ല്‍ നടന്ന ഐഎഎസ് പരീക്ഷയില്‍ 532ാം റാങ്ക് ആണ് ദേശായി കരസ്ഥമാക്കിയത്. എന്നാല്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ദേശായി നിക്ഷേധിച്ചു. താന്‍ ഭിന്നശേഷിക്കാരനാണെങ്കിലും അത് തന്നെ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് തടസ്സപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും തന്റെ പരിശീലന പരിപാടിയുടെ ഭാഗമായി ചെയ്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
advertisement
കർണാകയിലെ ബെലഗാവി ജില്ലാ ആശുപത്രിയില്‍ നിന്ന് ദേശായി നല്‍കിയ വൈകല്യ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി പുറത്തുവന്നിട്ടുണ്ട്. ദേശായിക്ക് ലോക്കോമോട്ടോര്‍ ഡിസബിലിറ്റി ഉണ്ടെന്ന സര്‍ട്ടിഫിക്കറ്റാണ് ഡോക്ടര്‍ നല്‍കിയിരിക്കുന്നത്. ഇടതുകാലില്‍ പോളിയോ ബാധിച്ചത് മൂലം 45 ശതമാനം വൈകല്യമുണ്ടെന്ന് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. കാലില്‍ പോളിയോ ബാധിച്ചതിനാല്‍ തനിക്ക് ഓടാന്‍ കഴിയില്ലെന്നും അതേസമയം നടക്കാനും സൈക്കിള്‍ ചവിട്ടാനും കഴിയുമെന്നും ദേശായി പറഞ്ഞു.
ഹൈദരാബാദിലെ ടെന്നിസ് കോര്‍ട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന ചിത്രമാണ് വൈറലായ ഫോട്ടോയില്‍ ഒന്ന്. ഡെറാഡൂണിലെ ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സൈക്കിള്‍ സവാരി നടത്തുന്നതാണ് മറ്റൊരു ചിത്രം. കെംപ്റ്റി വെള്ളച്ചാട്ടത്തിന് സമീപം 30 കിലോമീറ്റര്‍ ദൂരം സൈക്കില്‍ ചവിട്ടുന്ന ദേശീയിയുടെ ചിത്രമാണ് ഏറ്റവും കൂടുതല്‍ വൈറലായ ചിത്രം. ഋഷികേശിലെ നദിയില്‍ ദേശായി റാഫ്റ്റിംഗ് നടത്തുന്നതിന്റെയും കുതിരസവാരി നടത്തുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
advertisement
''യുപിഎസ്സിക്ക് ഒരു തരം മാന്ത്രിക ശക്തിയുണ്ട്. പരീക്ഷയ്ക്ക് മുമ്പ് ഭിന്നശേഷിക്കാരനാണെന്ന് പറഞ്ഞ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ നദിയില്‍ റാഫ്റ്റിംഗും സൈക്ലിങ്ങും കിലോമീറ്ററുകളോളം ട്രക്കിംഗും ചെയ്യുന്നതാണ് കാണുന്നതെന്ന്'' സോഷ്യൽമീഡിയയിൽ ഒരു ഉപയോക്താവ് ആരോപിച്ചു.
''എന്റെ കുടുംബം ആശങ്കയിലാണ്. ഞാന്‍ ഒരു സാധാരണ വ്യക്തിയാണ്. ഒരു സാധാരണ കുടുംബത്തില്‍ നിന്നാണ് വരുന്നത്. ആളുകള്‍ എന്നെ ഭീഷണിപ്പെടുത്തുകയും രൂക്ഷമായ രീതിയില്‍ എനിക്ക് വ്യക്തിപരമായ സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യുന്നു. എന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ എന്റെ ഭാര്യക്കൊപ്പമുള്ള ചിത്രങ്ങള്‍ ഉണ്ട്. മറ്റൊരു രീതിയിലാണ് ഇതിനോടും ആളുകള്‍ പ്രതികരിക്കുന്നത്. അതിനാല്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രൈവറ്റ് ആക്കുകയല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു,'' ദേശായി പറഞ്ഞു.
advertisement
കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ കര്‍ഷക കുടുംബത്തിലാണ് പ്രഫുല്‍ ദേശായിയുടെ ജനനം. തനിക്ക് അഞ്ചു വയസ് പ്രായമുള്ളപ്പോഴാണ് ഇടതുകാലിന് പോളിയോ ബാധിച്ചതെന്ന് ദേശായി വ്യക്തമാക്കി. ഇടതുകാല്‍ പൂര്‍ണമായും തളര്‍ന്നുപോയിട്ടില്ലെന്നും എന്നാല്‍, കണ്ണുകൊണ്ട് കാണാന്‍ കഴിയുന്ന വിധത്തില്‍ വൈകല്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിവില്‍ സര്‍വീസ് ലഭിക്കുന്നതിന് മുമ്പ് മൂന്ന് മാസത്തോളം കര്‍ണാടകയിലെ ഇറിഗേഷന്‍ വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. മൂന്നാമത്തെ ശ്രമത്തില്‍ 2019ലാണ് ദേശായി സിവില്‍ സര്‍വീസ് പരീക്ഷ പാസാകുന്നത്. തുടര്‍ന്ന് എയിംസിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ വൈകല്യം സംബന്ധിച്ച് നിര്‍ബന്ധിത മെഡിക്കല്‍ പരിശോധന നടന്നു. ദേശായിക്ക് 45 ശതമാനം വൈകല്യമുണ്ടെന്ന സര്‍ട്ടിഫിക്കറ്റാണ് ഡോക്ടര്‍മാര്‍ നല്‍കിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Jul 19, 2024 11:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഭിന്നശേഷി സംവരണം നേടിയ ഐഎഎസ് ഉദ്യോഗസ്ഥന് കമ്പം സൈക്ലിങ്ങും കുതിരസവാരിയും







