മാധവി ലത: ലോകാത്ഭുതമായ ചെനാബ് പാലം നിര്‍മ്മിക്കാന്‍ 17 വര്‍ഷം ചെലവഴിച്ച ഐഐഎസ്‌സി പ്രൊഫസര്‍
- Published by:meera_57
- news18-malayalam
Last Updated:
നേരിടുന്ന സാഹചര്യങ്ങള്‍ അനുസരിച്ച് പാലം രൂപകല്പന ചെയ്യുകയെന്ന നിലപാടോടെയാണ് ഡോ. ലതയും സംഘവും പ്രവര്‍ത്തിച്ചത്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റയിൽവേ കമാന പാലമായ ചെനാബ് പാലം വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത്. ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ നിർമ്മിച്ച പദ്ധതിയുടെ വിജയം പലരുടെയും ഭാഗമാണെങ്കിലും അതിന്റെ ഘടനാപരമായ സമഗ്രതയ്ക്കും സ്ഥിരതയ്ക്കും ഒരു പ്രധാന സംഭാവന പങ്കുവഹിച്ച വ്യക്തി ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐഐഎസ്‌സി) പ്രൊഫസര്‍ ജി. മാധവി ലതയാണ്. 17 വര്‍ഷമാണ് അവര്‍ പദ്ധതിക്കായി ചെലവഴിച്ചത്. ഈ റോക്ക് എഞ്ചിനീയറിങ് വിസ്മയത്തില്‍ മാധവി ലതയുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലം ഇന്ത്യയുടെ എഞ്ചിനീയറിങ് വിസ്മയങ്ങളിലൊന്നായാണ് കാണുന്നത്. ഇതോടെയാണ് മാധവി ലതയും വാർത്തകളിൽ ഇടംപിടിച്ചത്.
ഐഐഎസ്‌സിയുടെ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തിൽ ജിയോ ടെക്‌നിക്കല്‍, റോക്ക് എഞ്ചിനീയറിങ് സ്‌പെഷ്യലിസ്റ്റായ ഡോ. മാധവി ലതയെ അസാധാരണമായ വെല്ലുവിളികൾ നിറഞ്ഞ ഭൂപ്രദേശം കൈകാര്യം ചെയ്യുന്നതിനായി നോര്‍ത്തേണ്‍ റയില്‍വേയും പ്രോജക്ട് കരാറുകാരായ അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചറുമാണ് പ്രത്യേകം നിയോഗിച്ചത്. ഭൂകമ്പപരമായി കടുത്ത വെല്ലുവിളി നിറഞ്ഞതും ഭൂമിശാസ്ത്രപരമായി സങ്കീര്‍ണ്ണമായതുമായ ഹിമാലയന്‍ മേഖലയില്‍ ആഴത്തിലുള്ള ഒരു മലയിടുക്കിലൂടെയാണ് പാലം കടന്നുപോകുന്നത്. അവിടെ കുത്തനെയുള്ള ചരിവുകള്‍, വൈവിധ്യമാര്‍ന്ന പാറകള്‍, ഉയര്‍ന്ന കാറ്റിന്റെ വേഗത എന്നിവ പാലത്തിന്റെ നിർമ്മാണത്തിൽ ശക്തമായ തടസ്സങ്ങള്‍ സൃഷ്ടിച്ചു.
advertisement
പാലത്തിന്റെ ചരിവ് സ്ഥിരത, അടിത്തറ രൂപകല്‍പ്പന എന്നിവയെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതായിരുന്നു ഡോ. ലതയുടെ പ്രധാന ദൗത്യം. കുത്തനെയുള്ളതും പലപ്പോഴും അസ്ഥിരവുമായ പാറ ചരിവുകളില്‍ പാലത്തിന്റെ കൂറ്റന്‍ കമാനാകൃതിയിലുള്ള അബട്ട്‌മെന്റുകളും തൂണുകളും നിര്‍മ്മിക്കുന്നത് വലിയ വെല്ലുവിളികള്‍ സൃഷ്ടിച്ചു. ഖനനത്തിനിടെ പ്രാരംഭ സര്‍വേകളില്‍ വ്യക്തമല്ലാത്ത പൊട്ടുന്ന പാറകള്‍, മറഞ്ഞിരിക്കുന്ന ഗുഹകൾ, വ്യത്യസ്തമായ പാറകള്‍ എന്നിവ പോലുള്ള അപ്രതീക്ഷിതവും ഭൂമിശാസ്ത്രപരവുമായ സാഹചര്യങ്ങള്‍ എഞ്ചിനീയര്‍മാര്‍ പലപ്പോഴും നേരിട്ടു.
നേരിടുന്ന സാഹചര്യങ്ങള്‍ അനുസരിച്ച് പാലം രൂപകല്പന ചെയ്യുകയെന്ന നിലപാടോടെയാണ് ഡോ. ലതയും സംഘവും പ്രവര്‍ത്തിച്ചത്. തുടര്‍ച്ചയായി പ്രതികൂല സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടും കൂടുതല്‍ പഠിച്ചും അവര്‍ മുന്നോട്ടുപോയി. ഖനനത്തിനിടെ നേരിട്ട ബുദ്ധിമുട്ടുകള്‍ക്കനുസൃതമായി ഡിസൈനില്‍ വരുത്തിയ പരിഷ്‌കരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സിമന്റ് ഗ്രൗട്ടിങ് (പാറക്കെട്ടുകളില്‍ സിമന്റിട്ട് ഉറപ്പിക്കുക) പോലുള്ള കാര്യങ്ങളിലും രൂപകല്പനയിലുമെല്ലാം ഡോ. ലത അളവറ്റ സംഭാവന നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച സാങ്കേതികവിദ്യകളെ കുറിച്ചെല്ലാം ഡോ. മാധവി ലത നിർമ്മാണ സമയത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
advertisement
കാറ്റിന് വേഗത കൂടുതലുള്ള പ്രദേശമായതിനാല്‍ അത്തരം സാഹചര്യങ്ങളെയും ഭൂകമ്പ സാധ്യതകളും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ കെല്‍പ്പുള്ള രീതിയില്‍ പാലത്തിന് അടിത്തറ ഒരുക്കാന്‍ ഡോ. ലതയുടെ സംഭാവനകള്‍ സഹായകമായി. പാലത്തിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ നേരിട്ട സാങ്കതിക വെല്ലുവിളികളെ മറികടക്കുന്നതില്‍ ഡോ. ലതയുടെ എഞ്ചിയീയറിങ് വൈഭവം നിര്‍ണായക പങ്കുവഹിച്ചു.
2005-ല്‍ തുടങ്ങിയ പാലത്തിന്റെ ആസൂത്രണ ഘട്ടങ്ങള്‍ മുതല്‍ 2022-ലെ പരീക്ഷണങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുവരെയുള്ള മാധവി ലതയുടെ 17 വര്‍ഷത്തെ പ്രതിബദ്ധത, ഭൂമിശാസ്ത്രപരവും സാങ്കേതികവുമായ വെല്ലുവിളികളെ മറികടക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ചെനാബ് പാലം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം മാത്രമല്ല, ഏകദേശം 120 വര്‍ഷം ആയുസ്സുള്ള കഠിനമായ ഹിമാലയന്‍ പരിസ്ഥിതിയെ നേരിടാന്‍ തക്ക കരുത്തുറ്റതാണെന്നും അവരുടെ പ്രവര്‍ത്തനം ഉറപ്പാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 09, 2025 12:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മാധവി ലത: ലോകാത്ഭുതമായ ചെനാബ് പാലം നിര്‍മ്മിക്കാന്‍ 17 വര്‍ഷം ചെലവഴിച്ച ഐഐഎസ്‌സി പ്രൊഫസര്‍