കുഞ്ഞുകരുതലിന് ആദരം; ഓപ്പറേഷൻ സിന്ദൂറിനിടെ സൈനികർക്ക് ചായ എത്തിച്ച 10 വയസുകാരന്റെ പഠനച്ചെലവ് സൈന്യം ഏറ്റെടുക്കും
- Published by:Rajesh V
- news18-malayalam
Last Updated:
ശ്രാവൺ സിങ്ങിന്റെ പഠനച്ചെലവ് കരസേനയുടെ ഗോൾഡൻ ആരോ ഡിവിഷൻ വഹിക്കും. ശ്രാവന്റെ ധീരതയ്ക്കും ഉത്സാഹത്തിനുമുള്ള പ്രതിഫലമാണിതെന്ന് സൈന്യം പറഞ്ഞു
ഓപ്പറേഷൻ സിന്ദൂറിനിടെ സൈനികർക്ക് ചൂടു ചായയും ലസിയുമൊക്കെയായി എത്തിയിരുന്ന 10 വയസ്സുകാരനെ ചേർത്തുപിടിച്ച് ഇന്ത്യൻ സൈന്യം. സൈനികർക്കു വെള്ളം, ചായ, പാൽ, ലസി, ഐസ് തുടങ്ങിയവയെത്തിച്ച ശ്രാവൺ സിങ്ങിന്റെ പഠനച്ചെലവ് കരസേനയുടെ ഗോൾഡൻ ആരോ ഡിവിഷൻ വഹിക്കും. ശ്രാവന്റെ ധീരതയ്ക്കും ഉത്സാഹത്തിനുമുള്ള പ്രതിഫലമാണിതെന്ന് സൈന്യം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനിടെ പഞ്ചാബിലെ താരാ വാലി ഗ്രാമത്തിൽ പോസ്റ്റ് ചെയ്തിരുന്ന സൈനികർക്കാണ് ശ്രാവൺ സഹായവുമായി എത്തിയത്. പാക്ക് സേനയുമായി വെടിവയ്പ് നടക്കുമ്പോഴും ഇന്ത്യൻ സൈനികർക്കുള്ള പാനീയങ്ങളും ലഘുഭക്ഷണങ്ങളുമൊക്കെയായി ശ്രാവൺ അരികിലെത്തിയിരുന്നത് സൈനികരുടെ ഹൃദയം കവർന്നിരുന്നു. പാക് അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രാവൺ. ഫിറോസ്പുർ ജില്ലയിലെ മംദോട്ട് മേഖലയിലാണ് ഷാവന്റെ ഗ്രാമം.
ഇതും വായിക്കുക: 'ഓപ്പറേഷൻ സിന്ദൂറിന്റെ ദൃഢനിശ്ചയം എടുത്തത് ഇവിടെ നിന്ന്'; ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഫിറോസ്പുർ കന്റോൺമെന്റിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ വെസ്റ്റേൺ കമാൻഡ് ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ലഫ്. ജനറൽ മനോജ് കുമാർ കത്തിയാർ ശ്രാവനെ ആദരിച്ചു. "ശ്രാവണിൽ, ധൈര്യം മാത്രമല്ല, ശ്രദ്ധേയമായ കഴിവുകളും നമ്മൾ കാണുന്നു. സൈന്യം ഓരോ ഘട്ടത്തിലും അവനോടൊപ്പം നിൽക്കുന്നു," ശ്രാവണിനെ അഭിനന്ദിക്കവേ അദ്ദേഹം പറഞ്ഞു. "പ്രവേശന ഫീസ് മുതൽ അക്കാദമിക് ആവശ്യങ്ങൾ വരെ, അവന്റെ വിദ്യാഭ്യാസത്തിന്റെ എല്ലാ വശങ്ങളും ഞങ്ങൾ നോക്കും, സാമ്പത്തിക പരിമിതികൾ അവന്റെ യാത്രയെ ഒരിക്കലും തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കും. വാഗ്ദാനങ്ങളും ലക്ഷ്യങ്ങളും നിറഞ്ഞ ഒരു ഭാവിയിലേക്കുള്ള അടിത്തറയാണിത്," അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
വലുതാകുമ്പോൾ സൈനികനാകണമെന്നാണ് ശ്രാവന്റെ ആഗ്രഹം. ആരും ആവശ്യപ്പെടാതെയാണ് ശ്രാവൺ സൈനികർക്ക് സഹായമെത്തിച്ചതെന്നും മകനെക്കുറിച്ചോർത്ത് അഭിമാനമുണ്ടെന്നും ശ്രാവന്റെ പിതാവ് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 21, 2025 8:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കുഞ്ഞുകരുതലിന് ആദരം; ഓപ്പറേഷൻ സിന്ദൂറിനിടെ സൈനികർക്ക് ചായ എത്തിച്ച 10 വയസുകാരന്റെ പഠനച്ചെലവ് സൈന്യം ഏറ്റെടുക്കും