മൃതദേഹം നാട്ടിലെത്തിക്കാൻ ഒരു വഴിയുമില്ലെന്ന് ഇന്ത്യൻ കോൺസുലേറ്റ്; ഓസ്ട്രേലിയയിൽ മരിച്ചവരുടെ ബന്ധുക്കൾ ആശങ്കയിൽ
- Published by:Gowthamy GG
- news18-malayalam
Last Updated:
മൃതദേഹങ്ങൾ എത്തിക്കാൻ ചാർട്ടർ വിമാനങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് സിഡ്‌നിയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. അതേസമയം ഏതെങ്കിലും തരത്തിൽ സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കിൽ അത് നൽകാമെന്ന് കോൺസുലേറ്റ് വ്യക്തമാക്കി.
സിഡ്നി: ഓസ്ട്രേലിയയിൽ വെച്ച് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്ക് മടക്കി എത്തിക്കാൻ ഒരുവഴിയുമില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ കോൺസുലേറ്റ്. ഇതോടെ ഓസ്ട്രേലിയയിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
കോവിഡിനെ തുടർന്ന് യാത്രാ നിരോധനം ഏർപ്പെടുത്തിയതോടെ ഓസ്ട്രേലിയയിൽ സന്ദർശനത്തിനെത്തിയ നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചുവെന്ന പ്രഖ്യാപനത്തിൽ പലർക്കും ആശ്വാസം ഉണ്ടെങ്കിലും ഓസ്‌ട്രേലിയയിൽ വച്ച് മരണമടഞ്ഞ ചില സന്ദർശകരെയും താമസക്കാരെയും ഇവിടെ സംസ്കരിക്കാൻ നിർബന്ധിതരാക്കുന്നത് ബന്ധുക്കളിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
രണ്ട് ഇന്ത്യക്കാരാണ് അടുത്തിടെ ഓസ്ട്രേലിയയിൽ മരണമടഞ്ഞത്. 36കാരനായ മെജോ വര്‍ഗീസ്, 45കാരനായ എആർ നാജേന്ദ്രൻ എന്നിവരാണ് ഏപ്രിൽ 25, 26 ദിവസങ്ങളിലായി മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നാജേന്ദ്രന്റെ മൃതദേഹം ഓസ്ട്രേലിയയിൽ തന്നെ സംസ്കരിച്ചു. എന്നാൽ മെജോയുടെ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിൽ സൂക്ഷിച്ചിരിക്കുകയാണ്.
advertisement
അതേസമയം മൃതദേഹം നാട്ടിലെത്തിക്കാൻ ഒരു വഴിയുമില്ലെന്ന് തന്നെയാണ് ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കുന്നത്. താമസക്കാരെ കൂടാതെ ഓസ്ട്രേലിയയിൽ പഠിക്കുന്ന മക്കളെ കാണാനെത്തി ഇവിടെ വെച്ച് മരണപ്പെടുന്നവരുടെയും മൃതദേഹങ്ങൾ ഇവിടെ തന്നെ സംസ്കരിക്കാൻ നിർബന്ധിതരായിരിക്കുകയാണ്.
മൃതദേഹങ്ങൾ എത്തിക്കാൻ ചാർട്ടർ വിമാനങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് സിഡ്‌നിയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. അതേസമയം ഏതെങ്കിലും തരത്തിൽ സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കിൽ അത് നൽകാമെന്ന് കോൺസുലേറ്റ് വ്യക്തമാക്കി.
മലേഷ്യ എയർലൈൻസ് തങ്ങളുടെ ചരക്ക് വിമാനങ്ങളിൽ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സിഡ്‌നിയിലെ സെഞ്ച്വറി കാർഗോ കമ്പനി വ്യക്തമാക്കുന്നു. ഇത് സിഡ്നിയിൽ നിന്ന് ക്വാലാലംപൂർ വഴി മുംബൈയിലേക്ക് മാത്രമാണ്. എന്നാൽ കാർഗോ വിമാനങ്ങളിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഒരു പിന്തുണയും നൽകുന്നില്ലെന്ന് ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.
advertisement
You may also like:''Expats Return | മസ്ക്കറ്റിൽ നിന്നുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയിലെത്തി; ജന്മനാടിന്റെ കരുതലിലേക്ക് പറന്നിറങ്ങിയത് 177 പേർ
advertisement
[PHOTO]
അതേസമയം കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കില്ലെന്ന് കാർഗോ കമ്പനി അറിയിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 09, 2020 11:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മൃതദേഹം നാട്ടിലെത്തിക്കാൻ ഒരു വഴിയുമില്ലെന്ന് ഇന്ത്യൻ കോൺസുലേറ്റ്; ഓസ്ട്രേലിയയിൽ മരിച്ചവരുടെ ബന്ധുക്കൾ ആശങ്കയിൽ