വിമാനയാത്രയിൽ 45,000 രൂപയുടെ സാധനങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ടു; ഇന്‍ഡിഗോ നഷ്ടപരിഹാരമായി നല്‍കിയത് 2450 രൂപ
- Published by:Nandu Krishnan
- trending desk
Last Updated:
ആസാം സ്വദേശിയായ മോനിക് ശര്‍മയുടെ ഡ്രൈവിംഗ് ലൈസന്‍സും പാന്‍കാര്‍ഡും ഉള്‍പ്പെടെയുള്ള ബാഗാണ് കൊല്‍ക്കത്തയില്‍ നിന്ന് ഗുവാഹത്തിയിലേക്കുള്ള യാത്രക്കിടെ നഷ്ടപ്പെട്ടത്
വിമാനയാത്രക്കിടെ 45000 രൂപയുടെ സാധനങ്ങളും രേഖകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ട യാത്രക്കാരന് ഇന്‍ഡിഗോ നഷ്ടപരിഹാരമായി നല്‍കിയത് 2450 രൂപയെന്ന് പരാതി. ആസാം സ്വദേശിയായ മോനിക് ശര്‍മയുടെ ഡ്രൈവിംഗ് ലൈസന്‍സും പാന്‍കാര്‍ഡും ഉള്‍പ്പെടെയുള്ള ബാഗാണ് കൊല്‍ക്കത്തയില്‍ നിന്ന് ഗുവാഹത്തിയിലേക്കുള്ള യാത്രക്കിടെ നഷ്ടപ്പെട്ടത്. മോനിക്കിന്റെ സുഹൃത്തായ രവി ഹന്‍ഡയാണ് ബാഗ് നഷ്ടപ്പെട്ടകാര്യം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചത്.
''എന്റെ സുഹൃത്തായ മോനിക് ശര്‍മയുടെ ബാഗ് കൊല്‍ക്കത്തയില്‍ നിന്ന് ഗുവാഹത്തിയിലേക്കുള്ള വിമാനയാത്രക്കിടെ നഷ്ടപ്പെട്ടു. 45,000 രൂപയുടെ സാധനങ്ങളും ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ തുടങ്ങിയ വിലപ്പെട്ട രേഖകളും ബാഗിലുണ്ടായിരുന്നു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ചാണ് ഇത് ചെക്ക് ഇന്‍ ചെയ്തത്. എന്നാല്‍, ഗുവാഹത്തി വിമാനത്താവളത്തില്‍ ബാഗ് എത്തിയില്ല. ഇതിനിടയില്‍ ബാഗ് എവിടെ അപ്രത്യക്ഷമായി? വിമാനത്തില്‍ നിന്ന് ബാഗുകള്‍ ചോര്‍ന്ന് പോകുന്നുണ്ടോ?,'' എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ രവി ചോദിച്ചു. ''ഒരു മാസത്തിന് ശേഷം 2450 രൂപയാണ് ഇന്‍ഡിഗോ നഷ്ടപരിഹാരമായി നല്‍കിയത്. ഇത് പരിഹാസ്യമാണ്. ബാഗിന് മാത്രം അതിനേക്കാള്‍ വിലയുണ്ട്. ബാഗ് നഷ്ടപ്പെട്ടാല്‍ കിലോഗ്രാമിന് പരമാവധി 350 രൂപ നിരക്കില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനി ബാധ്യസ്ഥരാണ്. ഇത് അപമാനിക്കുന്നതിന് തുല്യമാണ്,'' രവി കൂട്ടിച്ചേര്‍ത്തു. 2450 രൂപ നഷ്ടത്തിന് പരിഹാരമാകുന്നില്ലെന്നും അതിനാല്‍ പ്രശ്‌നത്തിന് ഉടനടി പരിഹാരം കാണമെന്നും അദ്ദേഹം ഇന്‍ഡിഗോയോട് ആവശ്യപ്പെട്ടു.
advertisement
ഇന്‍ഡിഗോയുടെ ഒരു പ്രതിനിധി സാമൂഹികമാധ്യമം വഴി തന്നെ ബന്ധപ്പെട്ടുവെന്നും ഇക്കാര്യം പരിശോധിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളാമെന്ന് വാഗ്ദാനം നല്‍കിയതായും മറ്റൊരു പോസ്റ്റില്‍ രവി പറഞ്ഞു.
രവിയുടെ പോസ്റ്റ് വളരെ വേഗമാണ് സാമൂഹികമാധ്യമത്തില്‍ വൈറലായത്. മൂന്ന് ലക്ഷത്തിലധികം പേരാണ് പോസ്റ്റ് കണ്ടത്. അതേസമയം, വിലയേറിയ രേഖകള്‍ വിമാനയാത്രയിലെ ബാഗില്‍ സൂക്ഷിക്കുന്നത് ഉത്തരവാദിത്വമില്ലായ്മയാണ് കാണിക്കുന്നതെന്ന് ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു. ''പണവും ആഭരണങ്ങളും പോലുള്ള വിലയേറിയ വസ്തുക്കള്‍ ചെക്ക്-ഇന്‍-ലഗേജില്‍ സൂക്ഷിക്കരുതെന്ന് വിമാനകമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. പാന്‍, ഡ്രൈവിംഗ് ലൈസന്‍സ് പോലുള്ള രേഖകളും സൂക്ഷിക്കാന്‍ പാടില്ല. ഒരു ഉപഭോക്തൃ കോടതിയ്ക്ക് പോലും ഇവിടെ നിങ്ങളെ സഹായിക്കാന്‍ കഴിയില്ല,'' ഒരു ട്വിറ്റര്‍ ഉപയോക്താവ് അഭിപ്രായപ്പെട്ടു. ''ചെക്ക് ഇന്‍ ബാഗില്‍ വിലപ്പെട്ട വസ്തുക്കളൊന്നും സൂക്ഷിക്കരുത്. യാത്രക്കിടെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ ബാഗ് തുറന്നുനോക്കാന്‍ കഴിയും. നിങ്ങളുടെ ബാഗില്‍ നിന്ന് എന്തെങ്കിലും നഷ്ടമായാല്‍ അതിന് ആരും ഉത്തരവാദിയല്ല,'' മറ്റൊരാള്‍ പറഞ്ഞു.
advertisement
ക്രൗഡ്‌സ്‌ട്രൈക്ക് തകരാറിനെത്തുടര്‍ന്ന് മൈക്രോസോഫ്റ്റിന്റെ സേവനങ്ങള്‍ ലോകമെമ്പാടും തടസ്സപ്പെട്ട ജൂലൈയിലാണ് സുഹൃത്തിന് ബാഗ് നഷ്ടപ്പെട്ടതെന്ന് രവി തന്റെ പോസ്റ്റില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, അകാസ തുടങ്ങിയ വിമാനക്കമ്പനികളുടെ സേവനങ്ങള്‍ തടസ്സപ്പെട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 26, 2024 11:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വിമാനയാത്രയിൽ 45,000 രൂപയുടെ സാധനങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ടു; ഇന്‍ഡിഗോ നഷ്ടപരിഹാരമായി നല്‍കിയത് 2450 രൂപ