നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കൊൽക്കത്ത വിട്ട് ഡൽഹിയിൽ എത്തിയ ഗാംഗുലി ബിസിസിഐ വഴി ബിജെപിയിലേക്കോ ?

  കൊൽക്കത്ത വിട്ട് ഡൽഹിയിൽ എത്തിയ ഗാംഗുലി ബിസിസിഐ വഴി ബിജെപിയിലേക്കോ ?

  അമിത്ഷായും ഗാംഗുലിയും നിഷേധിച്ചെങ്കിലും നാൾക്കുനാൾ ഈ പ്രചാരം ശക്തിപ്പെടുകയാണ്.

  സൗരവ് ഗാംഗുലി

  സൗരവ് ഗാംഗുലി

  • News18
  • Last Updated :
  • Share this:
  സൗരവ് ഗാംഗുലിയെ പോലെ രാജ്യാന്തരതലത്തിൽ പോലും ബഹുമാനിക്കപ്പെടുന്ന വ്യക്തി ക്രിക്കറ്റ് ബോർഡിന്‍റെ തലപ്പത്ത് എത്തുന്നതിലും നല്ലതൊന്നും ഇന്ത്യൻ ക്രിക്കറ്റിന് ഇപ്പോൾ ഉണ്ടാകാനില്ല. അതിന് ശ്രമിച്ചവരേയും അവരുടെ വിജയത്തേയും അനുമോദിക്കുക തന്നെ വേണം. പക്ഷേ, ബിസിസിഐയുടെ ഭരണവും നടപടികളും സുതാര്യവും സ്വതന്ത്രവുമാകണമെങ്കിൽ നിഷ്പക്ഷനായ പ്രസിഡന്‍റ് മാത്രം മതിയോ. ഗാംഗുലിക്കൊപ്പം പ്രധാനപദവികളിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മറ്റ് പേരുകൾ കേട്ടപ്പോഴാണ് ഈ സംശയം തോന്നിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകൻ ജയ് ഷായാണ് ബിസിസിഐയുടെ പുതിയ സെക്രട്ടറി. ട്രഷറർ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്‍റെ ഇളയ സഹോദരൻ അരുൺ ധൂമൽ. അമിത് ഷായുടെ മകൻ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ ജോയിന്‍റ് സെക്രട്ടറിയായിരുന്നു. അന്ന് അമിത് ഷാ ആയിരുന്നു ഗുജറാത്ത് അസോസിയേഷന്‍റെ പ്രസിഡന്‍റ്. കഴിഞ്ഞ മാസം പിതാവും പുത്രനും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനിലെ പദവികൾ രാജിവച്ചു. പിന്നാലെ പുത്രൻ ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭരണം ഏറ്റെടുത്തു. ജയ്ഷാ ബിസിസിഐ സെക്രട്ടറിയായ കഥ പറയുന്നതിന് മുമ്പ് പറയേണ്ടത് ഗാംഗുലി പ്രസിഡന്‍റ് ആയ കഥയാണ്.

  ചരട് വലികളുടെ ഞായറാഴ്ച...

  ഒക്ടോബർ 13 ഞായറാഴ്ച വരെ കാര്യങ്ങൾ ഇങ്ങനെയൊന്നുമായിരുന്നില്ല. ബിസിസിഐയുടെ മുൻ പ്രസിഡന്‍റ് എൻ.ശ്രീനിവാസനായിരുന്നു അന്ന് രാത്രി വരെ കരുക്കൾ നീക്കിയിരുന്നത്. ബ്രിജേഷ് പട്ടേലായിരുന്നു ശ്രീനിവാസന്‍റെ പ്രസിഡന്‍റ് സ്ഥാനാർത്ഥി. ബ്രിജേഷ് പട്ടേലിന് വിജയം ഉറപ്പാക്കിയ ശേഷം ശ്രീനിവാസൻ പഞ്ചനക്ഷത്ര ഹോട്ടലിൽ വൻ വിരുന്നുസൽക്കാരം ഒരുക്കി. എന്നാൽ, സൗരവ് ഗാംഗുലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി നടത്തിയ കൂടികാഴ്ച എല്ലാം തിരുത്തിയെഴുതി. ഞായറാഴ്ചത്തെ വിരുന്നിൽ പങ്കെടുത്ത ചിലർ അന്നത്തെ നാടകീയ നീക്കങ്ങളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ. വിരുന്ന് കൊഴുക്കുന്നതിനിടെ കേന്ദ്രമന്ത്രിയും മുൻ ബിസിസിഐ ഭാരവാഹിയുമായ അനുരാഗ് ഠാക്കൂറിന് ഒരു ഫോൺ വിളി വന്നു. ഇതിന് പിന്നാലെ ചില അംഗങ്ങൾ ശ്രീനിവാസന്‍റെ നോമിനിയെ എതിർത്തു. പഴയ ഐപിഎൽ അഴിമതി പെട്ടെന്ന് ഓർമ വന്നതാണ് കാരണം. തർക്കം മൂത്തപ്പോൾ അനുരാഗ് ഠാക്കൂർ എൻ.ശ്രീനിവാസന്‍റെ കാതിൽ എന്തോ സ്വകാര്യം പറഞ്ഞു. പിന്നാലെയാണ് സൗരവ് ഗാംഗുലിയുടെ പേര് ഉയർന്നുവന്നത്. ഏകകണ്ഠമായി ഗാംഗുലിയുടെ പേര് അംഗീകരിക്കപ്പെട്ടു. ബ്രിജേഷ് പട്ടേലിന് ഐപിഎൽ ഗവർണർ സ്ഥാനം നൽകിയതോടെ എൻ.ശ്രീനിവാസനും ആശ്വാസമായി.

  പിന്നാമ്പുറം

  ബിജെപി സൗരവ് ഗാംഗുലിയെ ലക്ഷ്യമിട്ടിട്ട് നാളേറെയായി. പലതവണ ഡൽഹിയിൽ നിന്നുതന്നെ ക്ഷണമുണ്ടായെങ്കിലും മമത ദീദിയുടെ അനുഗ്രഹത്തോടെ ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍റെ തലപ്പത്തിരുന്ന ഗാംഗുലി ആ വിളി കേട്ടില്ല. പിന്നെ, എന്തുകൊണ്ട് ഇപ്പോൾ എന്ന ചോദ്യത്തിന് കൊൽക്കത്തയിലും ഡൽഹിയിലും പറഞ്ഞുകേൾക്കുന്ന ചില പിന്നാമ്പുറ കഥകളിലൊന്ന് ഗാംഗുലി ഒടുവിൽ ആ ക്ഷണം സ്വീകരിച്ചു എന്നു തന്നെയാണ്. ബിസിസിഐ ശുദ്ധീകരിക്കാൻ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ആറുവർഷത്തിൽ കൂടുതൽ തുടർച്ചയായി ക്രിക്കറ്റ് ഭരണസമിതിയിൽ തുടരാനാകില്ല. ആറുവർഷം പിന്നിട്ടാൽ മൂന്നുവർഷം ഇടവേള എടുക്കണം. ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രസിഡന്‍റ് ആയിരുന്ന ഗാംഗുലിക്ക് അതുകൊണ്ട് തന്നെ പുതിയ പദവയിൽ ഇനി പത്തുമാസം കൂടി മാത്രമേ തുടരാനാകു. അതുകഴിഞ്ഞാൽ ഗാംഗുലി ബംഗാളിൽ ബിജെപിയുടെ മുഖമാകുമെന്നാണ് പ്രചരിക്കുന്നത്. ഇത് അമിത്ഷായും ഗാംഗുലിയും നിഷേധിച്ചെങ്കിലും നാൾക്കുനാൾ ഈ പ്രചാരം ശക്തിപ്പെടുകയാണ്.

  ജയ്ഷായും അരുൺ ധൂമലും കളിച്ച ക്രിക്കറ്റ്

  ഇനി നേരത്തെ നിറുത്തിയ ജയ്ഷായുടെ കഥ പറയാം. മുഖ്യമന്ത്രിയായിരുന്നപ്പോൾ നരേന്ദ്ര മോദിയായിരുന്നു ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രസിഡന്‍റ്. 2014ൽ മോദി ഡൽഹിയിലേക്ക് മാറിയപ്പോൾ പ്രസിഡന്‍റ് സ്ഥാനം അമിത് ഷായ്ക്ക് കൈമാറി. പിതാവ് പുത്രനെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ ജോയിന്‍റ് സെക്രട്ടറിയാക്കി. അതിനുശേഷം ബിസിസിഐ യോഗങ്ങളിൽ ഗുജറാത്ത് അസോസിയേഷനെ പ്രതിനിധീകരിക്കുന്നത് ജോയിന്‍റ് സെക്രട്ടറിയായി. ജയ്ഷായുടെ ക്രിക്കറ്റ് നേട്ടങ്ങളെക്കുറിച്ചൊന്നും അന്വേഷിച്ചിറങ്ങേണ്ട. ട്രോളുകളാകും ലഭിക്കുക. ജയ്ഷായുടെ മാത്രമല്ല പുതിയ ട്രഷറർ അരുൺ ധൂമലിനും നേട്ടങ്ങൾ കൊണ്ടു കൊടുത്തത് പിതാവിന്‍റെ രാഷ്ട്രീയം തന്നെ. ഹിമാചൽ മുഖ്യമന്ത്രിയായിരുന്ന ബിജെപി നേതാവ് പ്രേംകുമാർ ധൂമലിന്റെ രണ്ടാമത്തെ മകനാണ് അരുണ്‍. മൂത്തസഹോദരൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. രഞ്ജി കളിച്ച പരിചയമുണ്ട് അരുൺ ധൂമലിന്. കന്നിയങ്കത്തിന് ഇറങ്ങിയത് തന്നെ ഹിമാചൽ പ്രദേശ് ടീമിന്‍റെ ക്യാപ്റ്റനായിട്ട്. ആദ്യ കളിയിൽ വട്ടപൂജ്യം. അധികം നാൾ ആ കളി തുടർന്നില്ല. പെട്ടെന്ന് തന്നെ മൈതാനത്തിലെ കളിവിട്ട് അസോസിയേഷനിൽ കളിക്കാൻ തുടങ്ങി. കളിക്കളത്തിൽ വട്ടപൂജ്യമായിരുന്നത് കൊണ്ടാകാം ആദ്യം പ്രമോഷൻ സെലക്ഷൻ കമ്മിറ്റിയിലേക്ക്. അവിടെനിന്ന് ചില പടികൾ ചവിട്ടി ഇപ്പോൾ ബിസിസിഐയിലുമെത്തി.

  വാഴുന്നോർ

  കുടുംബവാഴ്ചയ്ക്കെതിരെ രാപകൽ പ്രസംഗിക്കുന്ന നേതാവാണ് അമിത്ഷാ. എല്ലാവർക്കും തുല്യം അവസരമെന്നതാണ് അദ്ദേഹത്തിന്‍റെയും പാർട്ടിയുടേയും നിലപാട്. മകൻ ബിസിസിഐ സെക്രട്ടറിയായതിനെക്കുറിച്ച് അദ്ദേഹത്തിന് എന്താണ് പറയാനുള്ളത്. കഴിവ് മാത്രമാണോ ആ പടികയറ്റത്തിന് കാരണം. മക്കൾ രാഷ്ട്രീയത്തെ മാത്രം എതിർത്താൽ മതിയോ. ഇത്തരം കുടുംബവാഴ്ചയ്ക്കെതിരെയും വേണ്ടേ നടപടി.

  First published:
  )}