ചന്ദ്രയാന്‍-3 ഒരു ചവിട്ടുപടി; ലാന്‍ഡറിന്റെയും റോവറിന്റെയും പ്രവര്‍ത്തനം നല്ല നിലയില്‍, ചില വെല്ലുവിളികളുമുണ്ട്: ISRO മേധാവി

Last Updated:

ന്യൂസ് 18-ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ദൗത്യം ഇപ്പോഴും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്

(File pic/PTI)
(File pic/PTI)
ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് ചന്ദ്രയാന്‍-3യുടെ (Chandrayaan 3) വിക്ഷേപണം ഇന്ത്യക്ക് സാധ്യമായത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പേടകമിറക്കുന്ന ആദ്യ രാജ്യമെന്ന പദവിയും ഇന്ത്യക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞു. ന്യൂസ് 18-ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ദൗത്യം ഇപ്പോഴും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് സംസാരിച്ചു. എല്ലാക്കാര്യങ്ങളും അറിഞ്ഞാല്‍ അതില്‍ ഒരു രസവുമുണ്ടാവുകയില്ലെന്ന് ഭാവി പദ്ധതികളെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാന്‍ഡറും റോവറും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും അവ ശാസ്ത്രീയ പരീക്ഷണങ്ങള്‍ ആരംഭിച്ചോയെന്നുമാണ് സോഫ്റ്റ് ലാന്‍ഡിങ് വിജകരമായി പൂര്‍ത്തിയാക്കിയ ശേഷം എല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്നത്.
ലാന്‍ഡറും റോവറും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വളരെ മികച്ച രീതിയിലാണ് രണ്ടും പ്രവര്‍ത്തിക്കുന്നത്. ശാസ്ത്രീയമായ പരീക്ഷണങ്ങള്‍ ഇതുവരെയും തുടങ്ങിയിട്ടില്ല. അതിന് കുറച്ച് സമയം കൂടിയെടുക്കും.
ലാന്‍ഡിങ്ങിന്റെ അവസാന 15 മിനിറ്റ് അവസാന നിമിഷങ്ങളെ ഭീകരത എന്നാണ് വിശേഷിപ്പിച്ചിരുന്നത്? ആ നിമിഷങ്ങളിൽ എന്താണ് അനുഭവപ്പെട്ടത്? ഉത്കണ്ഠയുണ്ടായിരുന്നോ? കൃത്യമായ ഫലം ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ലാന്‍ഡിങ് എന്നാണ് പലരും അതിനെ വിശേഷിപ്പിച്ചത്
അതെ. കൃത്യമായ ഫലം നല്‍കുമെന്ന് ഉറപ്പുണ്ടായിരുന്ന ലാന്‍ഡിങ് ആയിരുന്നു അത്. അതിനാല്‍ തന്നെ എനിക്ക് അതില്‍ പ്രത്യേകിച്ച് അത്ഭുതപ്പെടുത്തുന്ന കാര്യമൊന്നും ഇല്ലായിരുന്നു. ഉത്കണ്ഠ നിറഞ്ഞ ഒന്നും അതില്‍ ഉണ്ടായിരുന്നില്ല. കാരണം, നമ്മള്‍ രൂപകല്‍പന ചെയ്ത പാത തന്നെ പിന്തുടരുന്നതിനാല്‍ ഉത്കണ്ഠ അനുഭവപ്പെടേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല. തടസ്സങ്ങളിലൊന്നുമില്ലാതെ ലാന്‍ഡ് ചെയ്യുമെന്ന പ്രതീക്ഷ അത് നല്‍കിരുന്നു. അതിനാല്‍ പേടിക്കേണ്ട ഒന്നും ഇല്ലായിരുന്നു. അതിനുള്ള കാരണങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു.
advertisement
ചന്ദ്രന്റെ ഉപതരിതലത്തില്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?
ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നതിനാല്‍ ഒട്ടേറെ വെല്ലുവിളികള്‍ ചന്ദ്രോപരിതലത്തില്‍ ഉണ്ട്. പ്രത്യേകിച്ച്, അവ ചലിക്കുന്ന വസ്തുക്കള്‍ ആയതിനാല്‍, പൊടിയില്‍ കുടുങ്ങാൻ സാധ്യതയുണ്ട്. പൊടി ഉള്ളതു കൊണ്ടു തന്നെ, അവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ സാധ്യതയുണ്ട്. മോട്ടോര്‍ പ്രവര്‍ത്തിക്കാതെ വരാം. ഇത്തരം സാഹചര്യങ്ങൾ നമ്മൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ചിലപ്പോള്‍ അവ നമുക്കുള്ള പുതിയ പാഠമായിരിക്കും. നമ്മള്‍ അതിനായി കാത്തിരിക്കുകയാണ്. അതിനാണ് പര്യവേഷണം നടത്തുന്നത്. എല്ലാക്കാര്യങ്ങളും അറിഞ്ഞാല്‍ പിന്നെ അതിലൊരു രസവുമുണ്ടാകില്ല.
advertisement
ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ എന്തു ചെയ്യും? ഐഎസ്ആര്‍ഒ തനിയെ വിശകനം നടത്തുമോ അതോ മറ്റ് ബഹിരാകാശ ഏജന്‍സികളുമായി പങ്കുവയ്ക്കുമോ?
അതിന് വേറെ തന്നെ സംവിധാനമുണ്ട്. അതിനുവേണ്ടി പ്രത്യേകമായ സമിതി തന്നെ നിലവിലുണ്ട്. ഓരോ പേലോഡും നിരീക്ഷിക്കാന്‍ ആളുകളുണ്ട്, അവര്‍ക്ക് കീഴില്‍ വേറെയും ആളുകള്‍ ഉണ്ട്. പരസ്പരം സഹകരിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുക. ഓരോ ഉപകരണത്തിന്റെയും പുറകില്‍ വലിയ സംഘം തന്നെയുണ്ട്. അവര്‍ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുകയും അവ ശരിയായി വിശകലനം നടത്തുകയും ചെയ്യും. അവരെല്ലാവരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. മറ്റൊരാള്‍ക്ക് നല്‍കുന്നതിന് മുമ്പായി അവരായിരിക്കും ഇത് ഉപയോഗപ്പെടുത്തുക. ശേഷം ഇത് രേഖകളാക്കി സൂക്ഷിക്കും. ഒരു നിശ്ചിതകാലത്തിന് ശേഷം മറ്റുള്ളവര്‍ക്ക് അത് സൗജന്യമായി എടുക്കാന്‍ കഴിയും. ആ നിശ്ചിതകാലം എത്രയെന്ന് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്.
advertisement
എന്തൊക്കെയാണ് ഭാവി പദ്ധതികള്‍? ചന്ദ്രനില്‍ നിന്ന് സാംപിളുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നൊക്കെ സംസാരമുണ്ടല്ലോ?
അതെല്ലാം നമ്മള്‍ ഒരു ദിവസം ചെയ്യും. ചന്ദ്രനില്‍ നിന്ന് സാംപിളുകള്‍ കൊണ്ടുവരുന്നതിന് കുറച്ച് സമയം കൂടിയെടുക്കും. അതിനായുള്ള കഴിവുകൾ നാം നേടിയെടുക്കണം. അത് വളരെ വേഗത്തില്‍ ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത്. സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ നമ്മള്‍ അത് ചെയ്യണമെന്നുമില്ല. ആ സമയത്തെ സാങ്കേതികവിദ്യ, പണം, നിക്ഷേപം എന്നിവയെയെല്ലാം ആശ്രയിച്ചിരിക്കും. ഒട്ടേറെ ദൗത്യങ്ങള്‍ നാം ചെയ്യേണ്ടതുണ്ട്. അത് ചന്ദ്രനില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നില്ല. നമുക്ക് ചൊവ്വയിലും ശുക്രനിലും പോകണം. മറ്റ് ഗ്രഹങ്ങളെയും നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ചിലപ്പോള്‍ നമ്മുടെ സൗരയൂഥത്തിന് പുറത്തേക്കും ആവശ്യമെങ്കില്‍ പോകേണ്ടതുണ്ട്. ഇത് അതിനുള്ള ആദ്യ ചുവട് വെയ്പ്പാണ്. നമ്മുടെ തലമുറക്ക് ഇത് ആദ്യ പടിയാണ്. അടുത്ത തലമുറയില്‍ അവര്‍ കൂടുതല്‍ മുന്നേറും.
advertisement
എന്തുകൊണ്ടാണ് ഐഎസ്ആര്‍ഒ ദക്ഷിണധ്രുവം ലക്ഷ്യം വെച്ചത്? അത് ഇതുവരെയും ആരും പര്യവേക്ഷണം നടത്താത്ത മേഖല ആയതുകൊണ്ടാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ?
ഇതുവരെയുള്ള എന്റെ അറിവ് വെച്ച് ദക്ഷിണധ്രുവത്തില്‍ സൂര്യപ്രകാശവും ചൂടും വളരെക്കുറവാണ്. അതിനാല്‍ തന്നെ ഇവിടെ സാധ്യതകളും ഏറെയാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ വലിയ ജലശേഖരം ഉണ്ടാകാമെന്നാണ് ചന്ദ്രനെക്കുറിച്ച് പഠിച്ച വിവിധ ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്. എന്നാല്‍, ഇത് മാത്രമല്ല ചാന്ദ്രദൗത്യത്തിന്റെ ലക്ഷ്യം. ഭൂമധ്യരേഖാ മേഖലയില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ ധാതുക്കള്‍ ദക്ഷിണധ്രുവത്തില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അവിടെ ലാന്‍ഡ് ചെയ്യുകയെന്നത് തന്നെ വലിയ വെല്ലുവിളിയായിരുന്നു. അത് നമ്മള്‍ വിജയിച്ചിരിക്കുന്നു. ദക്ഷിണധ്രുവത്തില്‍ പേടകമിറക്കുന്ന ആദ്യ രാജ്യമെന്ന നേട്ടവും നമ്മള്‍ സ്വന്തമാക്കി. അത് തന്നെ ശാസ്ത്രീയമായ താത്പര്യം ചൂണ്ടിക്കാട്ടുന്നു.
advertisement
പ്രധാനമന്ത്രി ചൊവ്വയെക്കുറിച്ചും ശുക്രനെക്കുറിച്ചുമെല്ലാം പറഞ്ഞു. ചൊവ്വാ ദൗത്യം (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍-മംഗൾയാൻ) നമ്മള്‍ വിജയകരമായി പൂര്‍ത്തിയാക്കിയോ? ഐഎസ്ആര്‍ഒ ഏതിനൊക്കെയാണ് മുന്‍ഗണന നല്‍കുന്നത്?
നമുക്ക് അതിനായി മികച്ച രീതിയില്‍ രൂപകല്‍പന ചെയ്ത രൂപരേഖയുണ്ട്. ആദിത്യ-എല്‍1 -ല്‍ ആരംഭിക്കും. ഗംഗയാന്‍ ദൗത്യവുമുണ്ട്. സാധാരണയുള്ള പിഎസ്എല്‍വി, ജിഎസ്എല്‍വി, എസ്എസ്എല്‍വി, എല്‍വിഎം3 വിക്ഷേപണങ്ങള്‍ക്കു പുറമെയാണിത്. അടുത്ത വര്‍ഷം ആദ്യം നിസാര്‍ (NISAR) ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും.
ഗഗൻയാന്‍ പദ്ധതി എത്രത്തോളം പൂര്‍ത്തീകരിച്ചു?
ഗഗൻയാന്‍ പദ്ധതി വളരെ നന്നായി മുന്നോട്ട് പോകുന്നുണ്ട്. ക്രൂ മൊഡ്യൂളും ആളുകളെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതിനുള്ള സംവിധാനവും വികസിപ്പിച്ചു കഴിഞ്ഞു. അത് പരീക്ഷിച്ചു നോക്കേണ്ടതുണ്ട്. ഗുണമേന്മ എത്രത്തോളമുണ്ടെന്ന് അറിയണം. പരീക്ഷണ പറക്കലാണ് ഇതിലെ ഏറ്റവും വലിയ പരീക്ഷണം. മനുഷ്യനെ ബഹിരാകാശത്ത് അയക്കുന്നതിന് മുമ്പായി ആറ്-ഏഴ് പരീക്ഷണപ്പറക്കല്‍ നടത്തേണ്ടതുണ്ട്.
advertisement
ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് അറിവ് കൈമാറ്റം ചെയ്യപ്പെടുന്നതിനെക്കുറിച്ച് താങ്കൾ പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ യാത്രയില്‍ ചന്ദ്രയാന്റെ സ്ഥാനമെന്താണ്? യുവതലമുറയ്ക്ക് ഇത് എപ്രകാരം പ്രചോദനം നൽകുന്നു?
രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ് ചന്ദ്രയാന്‍ 3. ഒട്ടേറെ രാജ്യങ്ങൾ സോഫ്റ്റ് ലാന്‍ഡിങ്ങിന് ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ട്. ഇത് ഒരു സാങ്കേതിക പരിവര്‍ത്തനമാണ് അടയാളപ്പെടുത്തുന്നത്. ബഹിരാകാശ മേഖല സാങ്കേതികമായി ഒരു പരിവര്‍ത്തനത്തിലൂടെയാണ് കടന്നുപോകുന്നത്.
സോഫ്റ്റ് ലാന്‍ഡിങ്ങിന് പുറമെ, എല്‍ഡിവി, അപകടം തിരിച്ചറിയുന്നതിനും അവ ഒഴിവാക്കുന്നതിനുള്ള കാമറകള്‍ എന്നിവയെല്ലാം ഐഎസ്ആര്‍ഒ തന്നെ നിര്‍മിച്ചവയാണ്. ഇവയെല്ലാം സാങ്കേതികപരമായ നേട്ടമാണെന്ന് പലരും പറയുന്നുണ്ടല്ലോ?
വില വളരെ കൂടുതലാണെന്നതിനാല്‍, ഉപകരണങ്ങള്‍ എളുപ്പത്തില്‍ വാങ്ങാന്‍ കഴിയില്ല. അതിനാല്‍, നമ്മുടെ ലാബുകളില്‍ അവ വികസിപ്പിച്ചെടുത്തു- കാമറ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനങ്ങളും ലേസര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനങ്ങളും അക്കൂട്ടത്തിലുണ്ട്. നമുക്ക് അതിനുള്ള ശേഷിയുണ്ട്. ഉപഗ്രഹങ്ങള്‍, ലോഞ്ച് വെഹിക്കിളുകള്‍ എന്നിവയുടെ നിര്‍മാണത്തിലൂടെ കൈവരിച്ച സാങ്കേതികപരമായ പരിചയസമ്പത്താണത്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഏറെ സന്തോഷത്തിലാണ്.
സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതിലൂടെ ഐഎസ്ആര്‍ഒയുടെ വാണിജ്യ ബഹിരാകാശ വിപണി വിഹിതം രണ്ടക്കത്തിലേക്ക് എത്തുമെന്ന് ഒട്ടേറെ വിദഗ്ധര്‍ കരുതുന്നുണ്ട്. എന്താണ് നിങ്ങളുടെ വിലയിരുത്തല്‍?
ബിസിനസ് ചെയ്യാന്‍ ഞങ്ങള്‍ക്ക് യാതൊരു താത്പര്യവുമില്ല. അത് സ്വകാര്യ സംരംഭകര്‍ ചെയ്തുകൊള്ളും. ഞങ്ങള്‍ എന്തൊക്കെ വികസിപ്പിച്ചിട്ടുണ്ടോ അതെല്ലാം വാണിജ്യപരമായി ലഭ്യമാണ്. അത് ഞങ്ങള്‍ വ്യവസായ മേഖലയ്ക്ക് കൈമാറുന്നുണ്ട്. അതില്‍ നിന്ന് വരുമാനമുണ്ടാക്കാനും ബിസിനസ് ചെയ്യാനും അവര്‍ക്ക് കഴിയും. ഗവേഷണം, വികസനം, സാങ്കേതികവിദ്യാ വികസനം എന്നിവയിലാണ് ഐഎസ്ആര്‍ഒ ഊന്നല്‍ നല്‍കിയിരിക്കുന്നത്. അത് ഞങ്ങളുടെ ശേഷി വര്‍ധിപ്പിക്കും. ചന്ദ്രയാനും ആ ജോലിയുടെ ഭാഗമാണ്. എന്നാല്‍ പ്രവര്‍ത്തന സംവിധാനവും സാമ്പത്തിക നേട്ടവും വ്യത്യസ്തമായ മേഖലകളാണ്. ഇവയെ ബന്ധിപ്പിക്കുന്ന വഴികളുണ്ട്. സാങ്കേതികവിദ്യ വളരുകയാണെങ്കില്‍ ബിസിനസും വളരും. അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പഴയ സാങ്കേതികവിദ്യക്ക് പുതിയ സമ്പദ് വ്യവസ്ഥ ഉണ്ടാക്കാന്‍ കഴിയില്ല. പുതിയ സമ്പദ് വ്യവസ്ഥ ഉണ്ടാക്കാന്‍ പുതിയ സാങ്കേതികവിദ്യ ആവശ്യമാണ്. 4ജി, 6ജി, ക്വാണ്ടം കമ്യൂണിക്കേഷന്‍ എന്നിവയെല്ലാം ഉദാഹരണമാണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
ചന്ദ്രയാന്‍-3 ഒരു ചവിട്ടുപടി; ലാന്‍ഡറിന്റെയും റോവറിന്റെയും പ്രവര്‍ത്തനം നല്ല നിലയില്‍, ചില വെല്ലുവിളികളുമുണ്ട്: ISRO മേധാവി
Next Article
advertisement
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement