ചെന്നൈ: തമിഴ്നാട്ടിലെ പുതിയ ഡിജിപിയായി സി. ശൈലേന്ദ്ര ബാബുവിനെ നിയമിച്ചു. കന്യാകുമാരി ജില്ലയിലെ കുഴിത്തുറ സ്വദേശിയാണ് ശൈലേന്ദ്ര ബാബു. 1987 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് സി ശൈലേന്ദ്ര ബാബു. ജെ കെ ത്രിപാഠി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ശൈലേനദ്ര ബാബുവിന്‍റെ നിയമനം. ഇതു സംബന്ധിച്ച ഉത്തരവ് തമിഴ്നാട് ചീഫ് സെക്രട്ടറി ഇരൈ അൻപ് പുറത്തിറക്കി.
അഗ്രികൾച്ചറിൽ എംഎസ്.സിയും എംഎ, പിഎച്ച്ഡി, സൈബർക്രൈമിൽ പിജി ഡിപ്ലോമയും കരസ്ഥമാക്കിയ ഉദ്യോഗസ്ഥനാണ് ശൈലേന്ദ്ര ബാബു. തമിഴ് മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷയ്ക്ക് പുറമെ ഫ്രഞ്ച് ഭാഷയും അദ്ദേഹത്തിന് വഴങ്ങും. വിവിധ വിഷയങ്ങളിൽ നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ചെറുപ്പക്കാർക്കിയിൽ വലിയ സ്വാധീനമുണ്ടായിരുന്ന വ്യക്തിയാണ് ശൈലേന്ദ്ര ബാബു. നിരവധി പേരെ സേനയിലേക്ക് ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കൂടാതെ 2015ലെ പ്രളയത്തിൽ കുടുങ്ങിപ്പോയവരെ രക്ഷപെടുത്താൻ ശൈലേന്ദ്ര ബാബുവിന്‍റെ നേതൃത്വത്തിൽ നടത്തിയ ദൌത്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ശൈലേന്ദ്ര ബാബു 2010 ൽ കോയമ്പത്തൂർ മുനിസിപ്പൽ പോലീസ് കമ്മീഷണറായി സേവനമനുഷ്ഠിച്ചു. ഈ സമയത്താണ് ലോക തമിഴ് ക്ലാസിക്കൽ കോൺഫറൻസ് കോയമ്പത്തൂരിൽ നടന്നത്. മുഖ്യമന്ത്രി, രാഷ്ട്രപതി, രാജ്യത്തെ പ്രമുഖ നേതാക്കൾ പങ്കെടുത്ത ഈ സമ്മേളനത്തിന് സുരക്ഷയൊരുക്കിയത് ശൈലേന്ദ്ര ബാബുവിന്‍റെ നേതൃത്വത്തിലായിരുന്നു. കൃത്യമായ ഇടപെടലുകളും സുരക്ഷാ ലംഘനങ്ങളില്ലാതെയും സമ്മേളനം സുഗമമായി നടന്നുവെന്ന് ഉറപ്പുവരുത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
കൂടാതെ, കോയമ്പത്തൂർ മുനിസിപ്പൽ പോലീസ് കമ്മീഷണറായിരിക്കെ, പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വീട്ടിൽ മാത്രം പ്രായമായവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും ശൈലേന്ദ്ര ബാബു സ്വീകരിച്ച നടപടികൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കോയമ്പത്തൂർ മുനിസിപ്പൽ പോലീസ് കമ്മീഷണർ തസ്തികയിൽ നിന്ന് ശൈലേന്ദ്രബാബുവിനെ തമിഴ്നാട്ടിലെ വടക്കൻ മേഖല ഐ.ജി ആയി നിയമിച്ചപ്പോൾ, അദ്ദേഹത്തെ കോയമ്പത്തൂരിൽ തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് അക്കാലത്ത് കോയമ്പത്തൂരിലെ വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചത് വലിയ വാർത്തയായിരുന്നു.
പൊള്ളാച്ചിയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവംശൈലേന്ദ്ര ബാബു വാർത്തകളിൽ നിറഞ്ഞു നിന്ന ഏറെ പ്രമാദമായ കേസായിരുന്നു ടാക്സി ഡ്രൈവറുടെ നേതൃത്വത്തിൽ സഹോദരങ്ങളായ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവം. കുട്ടികളെ ജീവനോടെ രക്ഷിക്കാനായില്ലെങ്കിലും പ്രതികളിൽ ഒരാളെ വധിക്കാനും കൂട്ടാളിയെ പിടികൂടാനും ശൈലേന്ദ്ര ബാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് കഴിഞ്ഞിരുന്നു. 2010 ഒക്ടോബറിൽ 11 വയസ്സുള്ള ഒരു പെൺകുട്ടിയെയും എട്ടു വയസ്സുള്ള ആൺകുട്ടിയെയും പൊള്ളാച്ചിയിൽ നിന്ന് ടാക്സി ഡ്രൈവർ മോഹനകൃഷ്ണൻ തട്ടിക്കൊണ്ടുപോയി. കോയമ്പത്തൂരിലെ ടെക്സ്റ്റൈൽ ഉടമയുടെ മക്കളായിരുന്നു ഈ കുട്ടികൾ. പൊള്ളാച്ചിക്കടുത്ത് വെച്ച് സ്കൂളിലേക്കു പോകുകയായിരുന്നു കുട്ടികളെ മോഹനകൃഷ്ണനും കൂട്ടാളി മനോഹരനും ചേർന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടുപോകൽ. കുട്ടികളെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ ഉദുമൽപേട്ടയിലെ കനാലിൽനിന്ന് കണ്ടെത്തി. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. വിഷം നൽകി കുട്ടികളെ കൊലപ്പെടുത്തിയശേഷം കനാലിൽ എറിയുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മോഹന കൃഷ്ണനെ ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചു. മനോഹരനെ പൊലീസ് അറസ്റ്റ് ചെയ്തു. മനോഹരനെ 2014ൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷ പിന്നീട് ജീവപര്യന്തരമായി ഇളവ് ചെയ്തു. മനോഹരൻ ഇപ്പോഴും ജയിൽശിക്ഷ അനുഭവിച്ചു വരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.