• HOME
  • »
  • NEWS
  • »
  • india
  • »
  • Karnataka | 'സൂര്യനും ചന്ദ്രനും ദൈവങ്ങളല്ല'; ദളിത് എഴുത്തുകാരൻെറ കവിത പാഠപുസ്കത്തിൽ നിന്ന് ഒഴിവാക്കാൻ കർണാടക സർക്കാർ

Karnataka | 'സൂര്യനും ചന്ദ്രനും ദൈവങ്ങളല്ല'; ദളിത് എഴുത്തുകാരൻെറ കവിത പാഠപുസ്കത്തിൽ നിന്ന് ഒഴിവാക്കാൻ കർണാടക സർക്കാർ

അന്തരിച്ച കവി സിദ്ദലിംഗയ്യയുടെ ‘ഭൂമി’ എന്ന കവിത ഒഴിവാക്കാൻ കർണാടക വിദ്യാഭ്യാസമന്ത്രി ബിസി നാഗേഷാണ് ഉത്തരവിട്ടിരിക്കുന്നത്.

  • Share this:
    കർണാടകയിലെ (Karnataka) പാഠപുസ്തക പരിഷ്കരണം വീണ്ടും വിവാദത്തിൽ. നിരവധി വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നുവെങ്കിലും ബിജെപി (BJP) ഭരിക്കുന്ന സർക്കാർ തങ്ങളുടെ നടപടികളുമായി മുന്നോട്ട് പോവുകയാണ്. സംസ്ഥാനത്തെ പ്രശസ്ത ദളിത് എഴുത്തുകാരൻെറ (Dalit Writer) കവിത പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കാനാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ചന്ദ്രനും സൂര്യനും ദൈവമല്ല എന്ന് പറയുന്ന കവിതയാണ് പാഠപുസ്തകത്തിൽ നിന്ന് നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.

    അന്തരിച്ച കവി സിദ്ദലിംഗയ്യയുടെ ‘ഭൂമി’ എന്ന കവിത ഒഴിവാക്കാൻ കർണാടക വിദ്യാഭ്യാസമന്ത്രി ബിസി നാഗേഷാണ് ഉത്തരവിട്ടിരിക്കുന്നത്. നാലാം ക്ലാസ്സ് പാഠപുസ്തകത്തിലാണ് ഈ കവിത ഉണ്ടായിരുന്നത്. കവിത മതവികാരം വ്രണപ്പെടുത്തിയെന്ന പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഒഴിവാക്കുന്നതെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം.

    കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് ഭാരഗുരു രാമചന്ദ്രപ്പയുടെ നേതൃത്വത്തിലുള്ള പുസ്തക പരിഷ്കരണ കമ്മിറ്റിയാണ് ഈ കവിത സിലബസിൽ ഉൾപ്പെടുത്തിയിരുന്നത്. ബിജെപി സർക്കാർ രൂപം നൽകിയ, രോഹിത് ചക്രതീർഥയുടെ നേതൃത്വത്തിലുള്ള പുസ്തക പരിഷ്കരണ കമ്മിറ്റി ഈ പാഠപുസ്തകത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നില്ല. എന്നാൽ പാഠപുസ്തകത്തിലെ ‘നളി-കാളി’ എന്ന ഭാഗം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പല കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ഇതോടെയാണ് ഈ പാഠഭാഗം വിവാദത്തിലായത്.

    ഹിന്ദുവിശ്വാസ പ്രകാരം പലരും ചന്ദ്രനെയും സൂര്യനെയും ദൈവികമായി കണക്കാക്കുന്നുണ്ട്. കവിതയിലെ പല വരികളും ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. ആത്മീയ മഠങ്ങൾ വഞ്ചനയുടെ കെണിയൊരുക്കുന്ന കേന്ദ്രങ്ങളാണെന്ന് കവിതയിൽ പരാമർശമുള്ളതായി വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു. ദൈവത്തിൻെറ ആത്മാവിനെ ആരും കണ്ടിട്ടില്ലെന്നും കവിതയിൽ പറയുന്നുണ്ട്. പുരാണങ്ങൾ കള്ളങ്ങളാണ് പറയുന്നതെന്നും കവിതയിൽ പറയുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.

    പാഠപുസ്തകത്തിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട രോഹിത് ചക്രതീർഥയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നൽകിയ നിർദ്ദേശങ്ങൾ വീണ്ടും വിലയിരുത്തുമെന്നാണ് ഇപ്പോൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കന്നഡ പാഠപുസ്തകങ്ങളും ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള സോഷ്യൽ സയൻസ് പാഠപുസ്തകങ്ങളുമാണ് ഈ കമ്മിറ്റി വിലയിരുത്തി മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നത്.

    പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കർണാടകയിൽ പ്രതിഷേധം ഉയർന്നിരുന്നു. പത്താം ക്ലാസ് പാഠപുസ്തകത്തിൽ നിന്നും ഭഗത് സിങിൻെറ ഭാഗം ഒഴിവാക്കിക്കൊണ്ടുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിരുന്നു. ഭഗത് സിങിനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയെന്ന് മാത്രമല്ല, രാഷ്ട്രീയ സ്വയം സേവക് സംഘ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ‍്‍ഗേവാറിൻെറ പ്രസംഗമാണ് പുതുതായി പുറത്തിറക്കുന്ന കർണാടകയിലെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ പൊതുവിദ്യാഭ്യാസ രംഗത്ത് കർണാക സർക്കാരിൻെറ മറ്റൊരു തീരുമാനവും നേരത്തെ തന്നെ വിവാദത്തിലായിരുന്നു. ഹിന്ദു മതഗ്രന്ഥമായ ഭഗവത് ഗീത സ്കൂളിൽ പഠിപ്പിക്കുന്നതിന് സർക്കാർ അനുമതി നൽകിയതാണ് വിവാദത്തിലായത്.
    Published by:Sarath Mohanan
    First published: