ബെംഗളുരു: ബിജെപി എംപി പ്രഗ്യാ സിങ് താക്കൂറിനെതിരെ കര്ണ്ണാടക പൊലീസ് കേസെടുത്തു. വിദ്വേഷ പരാമര്ശം നടത്തിയതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. കര്ണ്ണാടകയില് വെച്ച് നടന്ന ഒരു ഹിന്ദുസംഘടനയുടെ പരിപാടിക്കിടെ പ്രഗ്യാ സിങ് നടത്തിയ പരാമര്ശം ചൂണ്ടിക്കാട്ടി കോണ്ഗ്രസ് നേതാവ് സുന്ദരേഷ് നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
‘ഹിന്ദുക്കളുടെ സ്വത്വത്തെ ചോദ്യം ചെയ്യുന്നവരെയും ആക്രമിക്കുന്നവരെയും വെറുതെ വിടരുതെന്നും അതേ രീതിയില് തന്നെ ആക്രമിക്കണമെന്നും പ്രഗ്യാസിങ് പറഞ്ഞിരുന്നു. ഇതിനായി എല്ലാ ഹിന്ദുക്കളും തങ്ങളുടെ വീട്ടില് ഒരു കത്തി മൂര്ച്ച കൂട്ടി വെയ്ക്കണം. സ്വന്തം ജീവന് രക്ഷിക്കാന് എല്ലാവര്ക്കും അവകാശമുണ്ട്, എന്നായിരുന്നു പ്രഗ്യാസിങിന്റെ പരാമര്ശം.
നേരത്തെ സമാനമായ പരാമര്ശം നടത്തിയതിന്റെ പേരില് പ്രഗ്യയ്ക്കെതിരെ തൃണമൂല് കോണ്ഗ്രസും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ നിരീക്ഷകനായ സാകേത് ഗോഖലെയും തെഹ്സീന് പൂനവാലയും പ്രഗ്യയ്ക്കെതിരെ നേരത്തെ പരാതി നല്കിയിട്ടുണ്ട്. ഡിസംബര് 25ന് പ്രഗ്യാസിങ് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെയാണ് താന് പരാതി നല്കിയതെന്ന് സാകേത് ഗോഖലെ ട്വീറ്റ് ചെയ്തിരുന്നു.
മതസ്പര്ദ്ധ വളര്ത്തുന്ന പരാമര്ശമാണ് പ്രഗ്യാസിങ് നടത്തിയത് എന്നായിരുന്നു സാകേതിന്റെ പരാതിയില് പറഞ്ഞിരുന്നത്. ഈ പരാമര്ശത്തിനെതിരെയാണ് തെഹ്സീന് പൂനവാലയും പരാതി നല്കിയത്. ന്യൂനപക്ഷ സമുദായങ്ങള്ക്കെതിരെ മോശം പരാമര്ശം നടത്തിയെന്നും ആക്രമണത്തിന് ആഹ്വാനം ചെയ്തുവെന്നുമായിരുന്നു പൂനാവാലയുടെ പരാതിയില് പറയുന്നത്.
Also read- സര്ക്കാര് കെട്ടിടങ്ങള്ക്ക് ചാണകത്തില് നിന്ന് പെയിന്റ്; പുതിയ പദ്ധതിയുമായി ഛത്തീസ്ഗഢ്
അതേസമയം കോണ്ഗ്രസ് മുതിര്ന്ന നേതാവായ ജയറാം രമേഷും പ്രഗ്യാസിങിനെതിരെ രംഗത്തെത്തിയിരുന്നു. വിദ്വേഷ പരാമര്ശമാണ് പ്രഗ്യാസിംഗ് നടത്തിയതെന്നും ഇവര്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘കര്ണ്ണാടക പൊലീസ് വിഷയം ശരിയായ രീതിയില്കൈകാര്യം ചെയ്യുന്നില്ല. പ്രഗ്യാസിങിനെതിരെ സുപ്രീം കോടതിയില് ഉടന് പരാതി നല്കും. വിദ്വേഷ പ്രസംഗമാണ് അവര് നടത്തിയിരിക്കുന്നത്,’ ജയറാം രമേഷ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.