ഹിജാബ് ധരിക്കുന്നത് വിലക്കി; കൊൽക്കത്തയിലെ കോളേജ് അധ്യാപിക രാജിവെച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
തന്റെ മതവികാരത്തെയും മൂല്യങ്ങളെയും മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു കോളേജ് അധികൃതരില്‍ നിന്നുണ്ടായതെന്ന് സഞ്ജിത പറഞ്ഞു.
കൊല്‍ക്കത്ത: ജോലിസ്ഥലത്ത് ഹിജാബ് ധരിക്കുന്നത് വിലക്കിയതോടെ കോളേജില്‍ നിന്ന് രാജിവെച്ച് അധ്യാപിക. കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലോ കോളേജിലെ അധ്യാപികയാണ് രാജിവെച്ചത്.
വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായതോടെ തങ്ങളുടെ ആശയവിനിമയത്തിലുണ്ടായ പിഴവാണ് ഇതിനുപിന്നിലെന്ന് പറഞ്ഞ് കോളേജ് അധികൃതര്‍ രംഗത്തെത്തി. രാജി പിന്‍വലിച്ച് അധ്യാപിക ജൂണ്‍ 11 മുതല്‍ കോളേജില്‍ പഠിപ്പിക്കാന്‍ എത്തുമെന്നും അധികൃതര്‍ പറഞ്ഞു.
എല്‍ജെഡി ലോ കോളേജില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്ന സഞ്ജിത ഖാദര്‍ എന്ന അധ്യാപികയാണ് ജൂണ്‍ 5ന് രാജി വെച്ചത്. മെയ് 31 ശേഷം കോളേജില്‍ ഹിജാബ് ധരിച്ചെത്തരുതെന്ന് കോളേജ് അധികൃതര്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു സഞ്ജിതയുടെ രാജി.
advertisement
തന്റെ മതവികാരത്തെയും മൂല്യങ്ങളെയും മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു കോളേജ് അധികൃതരില്‍ നിന്നുണ്ടായതെന്ന് സഞ്ജിത പറഞ്ഞു.
സഞ്ജിതയുടെ രാജി പരസ്യമായതോടെ വിശദീകരണവുമായി കോളേജ് അധികൃതര്‍ അവരെ സമീപിച്ചു. ആശയവിനിമയത്തിലുണ്ടായ പിഴവാണെന്നും ഹിജാബിന് വിലക്കേര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.
'' തിങ്കളാഴ്ച കോളേജില്‍ നിന്നും ഒരു ഇമെയില്‍ ലഭിച്ചിട്ടുണ്ട്. കാര്യങ്ങള്‍ കുറച്ചുകൂടി വിലയിരുത്തിയ ശേഷം ഒരു തീരുമാനമെടുക്കും. ചൊവ്വാഴ്ച എന്തായാലും കോളേജിലേക്ക് പോകാന്‍ ഉദ്ദേശിച്ചിട്ടില്ല,'' സഞ്ജിത പറഞ്ഞു.
കോളേജില്‍ ക്ലാസെടുക്കുമ്പോള്‍ സഞ്ജിതയ്ക്ക് ശിരോവസ്ത്രമോ ഹിജാബോ ധരിക്കാമെന്ന് ഇമെയിലില്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
'' നിലവില്‍ വിലക്കോ നിരോധനമോ ഏര്‍പ്പെടുത്തിയിട്ടില്ല. എല്ലാ മതവിശ്വാസങ്ങളെയും ഞങ്ങള്‍ മാനിക്കുന്നു. ചൊവ്വാഴ്ച മുതല്‍ അധ്യാപിക ക്യാംപസിലെത്തും. നിലവില്‍ യാതൊരു തെറ്റിദ്ധാരണയുമില്ല. അധ്യാപികയുമായി ഞങ്ങള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്,'' കോളേജ് ഗവേര്‍ണിംഗ് ബോഡി ചെയര്‍മാനായ ഗോപാല്‍ ദാസ് പിടിഐയോട് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kolkata,Kolkata,West Bengal
First Published :
June 14, 2024 9:42 AM IST