രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് ശമനം കണ്ടതോടെ നിയന്ത്രണങ്ങള്‍ ഒഴിവാക്കി സംസ്ഥാനങ്ങള്‍. ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഇനി മുതല്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴയില്ല. എന്നാല്‍ മാസ്ക് ധരിക്കേണ്ട എന്നല്ല ഈ ഉത്തരവിന്റെ അര്‍ത്ഥം എന്നും ഇരു സംസ്ഥാനങ്ങളും വ്യക്തമാക്കുന്നു. പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടത്തിന് ഉള്‍പ്പെടെ നിയന്ത്രണങ്ങളൊന്നും ഈ സംസ്ഥാനങ്ങളില്‍ ഇനി ഉണ്ടാകില്ല.
ബംഗാളില്‍ മറ്റ് കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയെങ്കിലും മാസ്ക് ധരിക്കുന്നത് തുടരണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി നിലനിന്ന കേന്ദ്ര ആഭ്യനന്തര മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കാണ് അവസാനമാകുന്നത്.. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇനി നീട്ടില്ലെന്നും പുതുക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവ് നല്‍കണം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ തീരുമാനം.
ഓരോ വ്യക്തിയുടേയും താത്പര്യം അനുസരിച്ച് മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാമെന്നാണ് മഹാരാഷ്ട്ര സർക്കാര്‍ നല്കിയ പുതിയ നിര്‍ദേശം. ആള്‍ക്കൂട്ടങ്ങള്‍ക്കും സാമൂഹികമായ കൂടിച്ചേരലുകള്‍ക്കും ഇനി ഒരു നിയന്ത്രണവും ഉണ്ടാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
മഹാരാഷ്ട്രയിലെ പുതുവത്സരം ആഘോഷിക്കുന്ന ശനിയാഴ്ച മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍വരും. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാനുള്ള നിര്‍ണായക തീരുമാനം വന്നത്. കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് പൂര്‍ണ ഇളവുകള്‍ പ്രഖ്യാപിച്ചത്.
അതേസമയം, മാസ്ക് നിര്‍ബന്ധമില്ലെങ്കിലും കുറച്ചു കാലം കൂടി തുടരുന്നതാണ് ഉചിതമെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ജനങ്ങള്‍ മാസ്ക് ധരിക്കുന്നത് തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
മൂന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ AFSPA നിയന്ത്രിത മേഖലകളില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം
.ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം എന്നിവിടങ്ങളിലെ ചില ജില്ലകളില്‍ നിന്ന് ആംര്‍ഡ് ഫോഴ്സ് സ്പെഷ്യല്‍ പവര്‍ ആക്ട് ( Armed Forces Special Powers Act -AFSPA) നിയമത്തിന്റെ അധികാരം എടുത്തുമാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന അഫ്സ്പ നിയമത്തിന്റെ പരിധിയില്‍ കുറവ് വരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍, നാഗാലാന്‍ഡ്, അസം, മണിപ്പൂര്‍ എന്നിവിടങ്ങളിലെ പ്രത്യേക പട്ടാള അവകാശ നിയമത്തിന് കീഴിലുള്ള പ്രദേശങ്ങളുടെ പരിധി കുറയ്ക്കാനുള്ള സുപ്രധാന നടപടി സ്വീകരിച്ചതായി അമിത് ഷാ ട്വിറ്ററില്‍ അറിയിച്ചു.
വിഘടനവാദികളില്‍ നിന്നുള്ള ഭീഷണി കുറവ് വരികയും സുരക്ഷാ സ്ഥിതി മെച്ചപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. പ്രധാനമന്ത്രി മോദിയുടെ ഭരണത്തിന്‍കീഴില്‍, കലാപം അവസാനിപ്പിച്ച് വടക്കുകിഴക്കന്‍ മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള നിരന്തര ശ്രമങ്ങളും നിരവധി കരാറുകളുമാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
നാഗാലന്‍ഡ്, അസം, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇളവ്. അസമിലെ 23 ജില്ലകളെയും മണിപ്പുരിലെ ആറു ജില്ലകളിലെ 15 പൊലീസ് സ്റ്റേഷന് പരിധിയിലുള്ള പ്രദേശങ്ങളെയും നാഗാലന്‍ഡിലെ ഏഴു ജില്ലകളിലെ 15 പൊലീസ് സ്റ്റേഷന് പരിധിയിലുള്ള പ്രദേശങ്ങളെയും അഫ്സ്പയുടെ പരിധിയില്‍ നിന്ന് നീക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Delhi, Maharashtra, West bengal, കോവിഡ് 19