മുംബൈ: യുപി പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വനിത നേതാവ്. മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ബിജെപി അംഗം ചിത്ര.കെ.വാഗ് ആണ് ബിജെപി ഭരിക്കുന്ന യുപിയിലെ പൊലീസുകാർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഹത്രാസ് സന്ദർശനത്തിനെത്തിയ പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് കയ്യേറ്റം ചെയ്ത നടപടിയെ വിമർശിച്ചു കൊണ്ടാണ് മഹാരാഷ്ട്രയിലെ ബിജെപി വൈസ് പ്രസിഡന്‍റ് ആയ ചിത്രയുടെ പ്രതികരണം.
ഒരു വനിതാ നേതാവിനോട് ഇങ്ങനെ പെരുമാറാൻ യുപി പൊലീസിന് എങ്ങനെ ധൈര്യം വന്നുവെന്ന ചോദ്യമാണ് ഇവർ ട്വിറ്ററിലൂടെ ഉന്നയിച്ചത്. യോഗി ആദിത്യനാഥിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള പ്രതികരണവും ഇവരിൽ നിന്നുണ്ടായിട്ടുണ്ട്. ' ഇന്ത്യൻ സംസ്കാരത്തില്‍ വിശ്വസിക്കുന്ന ഒരു മുഖ്യമന്ത്രി ഇത്തരം പൊലീസുകാര്‍ക്കെതിരെ നടപടി തന്നെ സ്വീകരിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.
'ഒരു വനിതാ നേതാവിന്‍റെ വസ്ത്രത്തിൽ ഇതുപോലെ പിടിക്കാൻ യുപി പൊലീസിന് എങ്ങനെ ധൈര്യം ഉണ്ടായി? സ്ത്രീകൾ ഇതു പോലെ മുന്നോട്ട് വരുന്ന സാഹചര്യങ്ങളിൽ അത് എവിടെയാണെങ്കിലും പൊലീസുകാര്‍ അവരുടെ മര്യാദ ലംഘിക്കാൻ പാടില്ല. ഇന്ത്യൻ സംസ്കാരത്തില്‍ വിശ്വസിക്കുന്ന ഒരു മുഖ്യമന്ത്രി ഇത്തർ പൊലീസുകാർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കണം'. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഡിജിപിയെയും ടാഗ് ചെയ്ത് ചിത്ര ട്വിറ്ററിൽ കുറിച്ചു.
पुरुष पुलिस की जुर्रत कैसे हुई कि वो एक महिला नेता के वस्त्रों पर हाथ डाल सके!समर्थन मे अगर महीलाए आगे आ रही है पुलीस कही की भी हो उन्हे अपनी मर्यादा का ध्यान रखना ही चाहीए
भारतीय संस्कृती मे विश्वास रखनेवाले मुख्यमंत्री @myogiadityanath जी ऐसे पुलीसवालोपर सख्त कारवाई करे @dgpuppic.twitter.com/RfbXiIIXcI
പ്രിയങ്ക ഗാന്ധിയുടെ വസ്ത്രത്തിൽ ഒരു പൊലീസുകാരൻ കുത്തിപ്പിടിച്ചിരിക്കുന്ന ചിത്രം കൂടി പങ്കുവച്ചു കൊണ്ടായിരുന്നു വിമർശനം. ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയതിനിടെയാണ് പ്രിയങ്കയ്ക്ക് നേരെ കയ്യേറ്റമുണ്ടായത്. ഇതിനെതിരെ നേരത്തെ ശിവസേന നേതാവ് സഞ്ജയ് റൗത്തും രംഗത്തെത്തിയിരുന്നു. പൊലീസ് നടപടി കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം യുപി സർക്കാരിന് കീഴിലെന്താ വനിതാ പൊലീസുകാരില്ലേ എന്ന ചോദ്യമാണ് ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ബിജെപി നേതാവും രംഗത്തെത്തിയത്.
പ്രിയങ്ക ഗാന്ധിക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിനെതിരെ നേരത്തെ പല ഭാഗത്തു നിന്നും വിമർശനം ഉയര്‍ന്നിരുന്നു. ഇതാദ്യമായാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ പൊലീസിനെതിരെ പാർട്ടിയിലെ തന്നെ മുതിർന്ന വനിതാ നേതാവ് രംഗത്തെത്തെിയിരിക്കുന്നത്. ചിത്രയുടെ ട്വീറ്റ് അധികം വൈകാതെ തന്നെ വൻ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.