മഹാരാഷ്ട്രയിൽ ബസിന് തീപിടിച്ച് പൊട്ടിത്തെറിച്ച് 25 പേർ മരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് മഴയെ തുടർന്ന് അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്
മുംബൈ: മഹാരാഷ്ട്രയിൽ ബസിന് തീപിടിച്ച് പൊട്ടിത്തെറിച്ച് 25 പേർ വെന്ത് മരിച്ചു. ബുൽധാന ജില്ലയിലെ സമൃദ്ധി മഹാമാർഗ് എക്‌സ്പ്രസ് വേയിലാണ് ദാരുണമായ അപകടമുണ്ടായത്. ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.
ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ യവത്മാലിൽ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ ബുൽധാന സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
ബസിൽ 33 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് മഴയെ തുടർന്ന് അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബസിന്റെ ഡീസൽ ടാങ്ക് പൊട്ടി തീപിടിക്കുകയായിരുന്നുവെന്ന് പോലീസ് കൂട്ടിച്ചേർത്തു. പരിക്കേറ്റ എട്ട് പേരെ ബുൽധാന സിവിൽ ആശുപത്രിയിലേക്ക് മാറ്റുകയാണെന്ന് ബുൽധാന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബാബുറാവു മഹാമുനി പറഞ്ഞു.
advertisement
ബസ് വാതിലിന്‍റെ വശത്തേക്ക് മറിഞ്ഞതാണ് അപകടത്തിന്‍റെ വ്യാപ്തി വർദ്ധിപ്പിച്ചത്. ബസ് മറിഞ്ഞതിന് പിന്നാലെ അത് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം കൂടുതൽ യാത്രക്കാരും ബസിനുള്ളിൽ അകപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിരക്ഷാസേനയും ഉടൻ തന്നെ സ്ഥലത്തെത്തി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
July 01, 2023 7:16 AM IST