'ചെങ്കോട്ടയില്‍ പ്രതിധ്വനിച്ചത് കശ്മീരിലെ പ്രശ്‌നങ്ങൾ'; ഡല്‍ഹി സ്‌ഫോടനത്തില്‍ മെഹബൂബ മുഫ്തിയുടെ പ്രസ്താവന

Last Updated:

മെഹബൂബ മുഫ്തിയുടെ പ്രസ്താവനയ്‌ക്കെതിരേ ബിജെപി രംഗത്തെത്തി

News18
News18
ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നവംബര്‍ 10നുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി പിഡിപി മേധാവി മെഹ്ബൂബ മുഫ്തി. ചെങ്കോട്ടയില്‍ പ്രതിധ്വനിച്ചത് കശ്മീരിലെ പ്രശ്‌നങ്ങളാണെന്ന് അവർ പറഞ്ഞു. മുഫ്തിയുടെ പ്രസ്താവനയ്‌ക്കെതിരേ ബിജെപി രംഗത്തെത്തി. അവര്‍ തീവ്രവാദികളെ സംരക്ഷിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ''ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ പിന്തുണച്ച മുഫ്തി ഇപ്പോള്‍ ചെങ്കോട്ട സ്‌ഫോടനത്തിലെ തീവ്രവാദികളെ ന്യായീകരിക്കുന്നു,'' ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യന്‍ പ്രതിപക്ഷം ഭീകരെ പിന്തുണയ്ക്കുന്നവരെ എന്തുകൊണ്ട് എതിര്‍ക്കുന്നില്ലെന്ന് ചോദിച്ച അദ്ദേഹം പിഡിപിയെ പ്രോ ടെററിസ്റ്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി(പിടിഡിപി) എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
നവംബര്‍ 10ന് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ സ്‌ഫോടനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ മെഹബൂബ മുഫ്തി ഞായറാഴ്ച രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ ജമ്മു കശ്മീരില്‍ സമാധാനം കൊണ്ടുവന്നിട്ടില്ലെന്നും ദേശീയ തലസ്ഥാനത്ത് സുരക്ഷ ഉറപ്പാക്കിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു. ''കശ്മീരില്‍ എല്ലാം ശരിയായി പോകുന്നുവെന്ന് നിങ്ങള്‍ ലോകത്തോട് പറഞ്ഞു. പക്ഷേ, കശ്മീരിലെ പ്രശ്‌നങ്ങളാണ് ചെങ്കോട്ടയ്ക്ക് മുന്നില്‍ പ്രതിധ്വനിച്ചത്,'' മുഫ്തി പറഞ്ഞു.
advertisement
''ജമ്മു കശ്മീരിനെ സുരക്ഷിതമാക്കുമെന്ന് നിങ്ങള്‍ വാഗ്ദാനം ചെയ്തു. പക്ഷേ ആ വാഗ്ദാനം നിറവേറ്റുന്നതിന് പകരം നിങ്ങളുടെ നയങ്ങള്‍ ഡല്‍ഹിയെ സുരക്ഷിതമല്ലാതാക്കി,'' അവര്‍ കൂട്ടിച്ചേര്‍ത്തു.
ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയത് കശ്മീര്‍ സ്വദേശിയായ ചാവേര്‍ ഡോ. ഉമര്‍ നബിയാണെന്നും ഇയാള്‍ ഓടിച്ച കാറില്‍ ഐഇഡി ഉപയോഗിച്ചാണ് സ്‌ഫോടന നടത്തിയതെന്നുമുള്ള എന്‍ഐഎയുടെ കണ്ടെത്തല്‍ പരാമര്‍ശിച്ചുകൊണ്ടാണ് മുഫ്തി ഇക്കാര്യം പറഞ്ഞത്. ഈ സംഭവം കൂടുതല്‍ ആഴത്തിലുള്ള പ്രതിസന്ധിയെ പ്രതിഫലിപ്പിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ''നല്ല വിദ്യാഭ്യാസമുള്ള ഒരു യുവാവ്, ഒരു ഡോക്ടര്‍, ശരീരത്തില്‍ ആര്‍ഡിഎക്‌സ് ഘടിപ്പിച്ച് സ്വയം കൊല്ലുകയും മറ്റുള്ളവരെ കൊല്ലുകയും ചെയ്യുന്നുവെങ്കില്‍ അതിനര്‍ത്ഥം രാജ്യത്ത് സുരക്ഷ ഇല്ലെന്നാണ്,'' അവര്‍ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന് ശരിക്കും മനസ്സിലാകുന്നില്ലേയെന്നും അവര്‍ ചോദിച്ചു.
advertisement
''ഹിന്ദു-മുസ്ലീം രാഷ്ട്രീയം കളിച്ച് നിങ്ങള്‍ക്ക് വോട്ട് നേടാന്‍ കഴിയും. എന്നാല്‍, രാജ്യം ഏത് ദിശയിലേക്കാണ് നീങ്ങുന്നത്,'' അവര്‍ ചോദിച്ചു. ''മുമ്പ് ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും ക്രിസ്ത്യാനികളും സമാധാനപരമായി ഒരുമിച്ച് ജീവിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ അന്തരീക്ഷവും വെറുപ്പുകൊണ്ട് നിറഞ്ഞിരിക്കുന്നു. വെറുപ്പ് നിറഞ്ഞ ഈ അന്തരീക്ഷം യുവാക്കളെ അപകടകരമായ പാതയിലേക്ക് തള്ളിവിടുകയാണ്,'' മുഫ്തി പറഞ്ഞു.
2019-ന് ശേഷം ജമ്മു കശ്മീരിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തെയും അവര്‍ വിമര്‍ശിച്ചു. അത് ഭയവും വെറുപ്പും വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളൂവെന്നും അവര്‍ പറഞ്ഞു. ''നിങ്ങള്‍ ആളുകളെ അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. വ്യക്തികള്‍ക്കെതിരേ പിഎസ്എ പ്രകാരം കേസെടുത്തു. ജമ്മു കശ്മീരിനെ സുരക്ഷിതമായ സ്ഥലമാക്കുമെന്ന് നിങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. പകരം ഇവിടെ ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷം സൃഷ്ടിച്ചു,'' അവര്‍ പറഞ്ഞു.
advertisement
''യുവാക്കളോട് എനിക്ക് ഒന്ന് പറയാനുണ്ട്. നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്. അത് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ജമ്മു കശ്മീരിനും നമ്മുടെ രാജ്യത്തിനും തെറ്റായ കാര്യമാണ്,'' മുഫ്തി പറഞ്ഞു.
ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നവംബര്‍ 10 തിങ്കളാഴ്ച കശ്മീര്‍ സ്വദേശിയായ ഡോ. ഉമര്‍ നബി നടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ, ഭീകരാക്രമണം നടത്താന്‍ ഉമര്‍ ഉന്‍ നബിയുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഒരു കശ്മീര്‍ സ്വദേശിയെ ദേശീയ അന്വേഷണ ഏജന്‍സി ഞായറാഴ്ച അറസ്റ്റ് ചെയ്തു.
advertisement
സ്ഫോടനത്തില്‍ ഉള്‍പ്പെട്ട കാര്‍ രജിസ്റ്റര്‍ ചെയ്ത അമീര്‍ റാഷിദ് അലിയെ ഡല്‍ഹിയില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തതായി എന്‍ഐഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
'ചെങ്കോട്ടയില്‍ പ്രതിധ്വനിച്ചത് കശ്മീരിലെ പ്രശ്‌നങ്ങൾ'; ഡല്‍ഹി സ്‌ഫോടനത്തില്‍ മെഹബൂബ മുഫ്തിയുടെ പ്രസ്താവന
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement