ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരോദ്ഘാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് നടിയും പാര്‍ലമെന്റ് എം.പിയുമായ നവനീത് റാണ. അവരെക്കൊണ്ട് കഴിയാത്തത് ഒരു ബിജെപി നേതാവ് ചെയ്തതിന്റെ നിരാശയാണിതെന്ന് റാണ പറഞ്ഞു.
“പഴയ പാര്‍ലമെന്റ് മന്ദിരം പണിതത് ബ്രിട്ടീഷുകാരാണ്. എന്നാല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യാക്കാരാണ്. എന്നിട്ടും എന്തിനാണ് പ്രതിപക്ഷം ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് എന്നെനിക്ക് മനസ്സിലാകുന്നില്ല. അവര്‍ക്ക് കഴിയാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതിലുള്ള അമര്‍ഷമാണ്. അവര്‍ക്ക് പ്രധാനമന്ത്രിയോടാണ് അമര്‍ഷം,” റാണ പറഞ്ഞു.
അതേസമയം മെയ് 28നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള 19 പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച് സംയുക്ത പ്രസ്താവനയും പുറത്തിറക്കിയിരുന്നു. രാഷ്ട്രപതിയുടെ പദവിയെ അപമാനിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചിരിക്കുന്നത്.
Also read: പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല
ഭരണഘടനാപരമായി ഉന്നത പദവിയിലിരിക്കുന്ന വ്യക്തിയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാഷ്ട്രപതിയാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അതേസമയം, ബഹിഷ്കരണം സംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരം ജനാധിപത്യത്തിന്റെ പ്രതീകമാണെന്നും വിഷയത്തില്‍ പ്രതിപക്ഷം തങ്ങളുടെ തീരുമാനം പുനപരിശോധിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ചടങ്ങളില്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ ഉള്‍പ്പടെ 25 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ബിജെപി, ശിവസേന, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി, സിക്കിം ക്രാന്തികാരി മോര്‍ച്ച, ജന്നായക് പാര്‍ട്ടി, എഐഎഡിഎംകെ, ഐഎംകെഎംകെ, എജെഎസ് യു, ആര്‍പിഐ, മിസോ നാഷണല്‍ ഫ്രണ്ട്, തമിഴ് മാനില കോണ്‍ഗ്രസ്, ഐടിഎഫ്ടി, ബോഡോ പീപ്പിള്‍സ് പാര്‍ട്ടി, പട്ടാലി മക്കള്‍ കച്ചി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, അപ്നാ ദള്‍, ആസാം ഗണ പരിഷത്ത് എന്നീ പാര്‍ട്ടി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇതിനിടെ, എന്‍ഡിഎ സഖ്യത്തിലല്ലാത്ത ചില പാര്‍ട്ടികളും ചടങ്ങിന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഐഎസ്ആര്‍സിപി, ബിജുജനതാദള്‍, തെലുഗുദേശം പാര്‍ട്ടി, ബിഎസ്പി, ലോക്ജനശക്തി പാര്‍ട്ടി, ശിരോമണി അകാലിദള്‍, ജനതാദള്‍(എസ് ) എന്നീ പാര്‍ട്ടി പ്രതിനിധികളും ചടങ്ങിന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് ഉള്‍പ്പടെ 19 പ്രതിപക്ഷ പാര്‍ട്ടികളാണ് ഉദ്ഘാടനം ബഹിഷ്കരിക്കുന്നത്. കോണ്‍ഗ്രസ്, ടിഎംസി, എസ്പി, എഎപി, എന്നിവര്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഡിഎംകെ, ജനതാദള്‍ യുണൈറ്റഡ്, എഎപി, സിപിഐഎം, സിപിഐ സമാജ് വാദി പാര്‍ട്ടി, നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ശിവസേന (യുബിടി), രാഷ്ട്രീയ ജനതാദള്‍, ഐയുഎംഎല്‍, ജെഎംഎം, എന്‍സി, കെസി(എം), ആര്‍എസ്പി, വിസികെ, എംഡിഎംകെ, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികളും ചടങ്ങ് ബഹിഷ്കരിക്കും. ജനാധിപത്യത്തിന്റെ ആത്മാവ് തന്നെ നശിച്ച ഇക്കാലത്ത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മൂല്യം തന്നെ ഇല്ലാതായിക്കഴിഞ്ഞുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.