ന്യൂഡൽഹി: മുസ്ലിം ലീഗ് വൈറസ് ആണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരാമർശത്തിന് എതിരെ മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സാമുദായിക സ്പർധ വളർത്തുന്നതിന് യോഗി ആദിത്യനാഥിനെതിരെ കേസ് എടുക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. യോഗി ആദിത്യനാഥിന്‍റെ സോഷ്യൽമീഡിയ അക്കൗണ്ട് മരവിപ്പിക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെയാണ് മുസ്ലിം ലീഗ് പരാതി നൽകിയത്.
ചരിത്രപരമായ യാതൊരു സത്യവുമില്ലാത്ത ആരോപണമാണിതെന്നാണ് പരാതിയിൽ മുസ്ലിം ലീഗ് ആരോപിക്കുന്നത്. ഇന്ത്യയുടെ വിഭജനത്തിനു കാരണം മുസ്ലിം ലീഗാണെന്നാണ് യോഗി ആദിത്യനാഥ് ആരോപിക്കുന്നത്. എന്നാൽ, വിഭജനത്തിനു ശേഷം 1948 മാർച്ച് പത്തിനാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മദ്രാസിൽ രൂപീകരിക്കപ്പെട്ടതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. രാജ്യം വിഭജിക്കപ്പെട്ടതിൽ മുസ്ലിം ലീഗിന് യാതൊരുവിധ പങ്കുമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ മുസ്ലിം ലീഗ് പറയുന്നു.
മുസ്ലിംലീഗ് വൈറസ് ആണെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ പരാമർശം. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു യോഗി ആദിത്യനാഥിന്‍റെ വിമർശനം.
മുസ്ലിംലീഗ് വൈറസ് ആണെന്നും കോൺഗ്രസിനെ ആ വൈറസ് ബാധിച്ചിരിക്കുകയാണെന്നുമായിരുന്നു ആദിത്യനാഥിന്‍റെ ആരോപണം. ഇതിനിടെ മോദി സേനാ പ്രയോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗി ആദിത്യനാഥിനെ താക്കീത് ചെയ്തു. പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ഇന്ത്യൻ സേനയെ മോദി സേന എന്ന് വിശേഷിപ്പിച്ച യോഗിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.