'ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ വര്‍ധിച്ചു, പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം കുറഞ്ഞു': നിര്‍മല സീതാരാമന്‍

Last Updated:

ഇന്ത്യയില്‍ ഒരു സാധാരണ ജീവിതം നയിക്കാന്‍ മുസ്ലീം വിഭാഗത്തിന് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. മുസ്ലീങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ നിരാകരിച്ച് കൊണ്ട് പ്രതികരിക്കവെയാണ് മന്ത്രിയുടെ ഈ പരാമര്‍ശം. 1947 മുതല്‍ ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്നും എന്നാല്‍ പാകിസ്ഥാനില്‍ എല്ലാവിഭാഗത്തിലുള്ള ന്യൂനപക്ഷങ്ങളും നശിപ്പിക്കപ്പെടുകയാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയില്‍ ഒരു സാധാരണ ജീവിതം നയിക്കാന്‍ മുസ്ലീം വിഭാഗത്തിന് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വാഷിംഗ്ടണിലെ പീറ്റര്‍സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം. ക്രമസമാധാനപാലനം സംസ്ഥാന വിഷയമാണെന്നും ഇന്ത്യന്‍ സര്‍ക്കാരിന്റെ പരിധിയില്‍പ്പെടുന്നതല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം തെറ്റായ ധാരണകള്‍ സൃഷ്ടിച്ചവരോട് ഇന്ത്യ സന്ദര്‍ശിക്കാന്‍ നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു. രാജ്യം മുഴുവന്‍ സന്ദര്‍ശിച്ച ശേഷം ഇത്തരം പ്രചരണത്തിന് വിശദീകരണം നല്‍കാനും മന്ത്രി ആവശ്യപ്പെട്ടു.
ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയനിധിയുടെയും യോഗങ്ങളില്‍ പങ്കെടുക്കുന്നതിനും രണ്ടാമത് ജി20 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതിനുമായാണ് ധനമന്ത്രി വാഷിംഗ്ടണിലെത്തിയത്.
advertisement
അതേസമയം പീറ്റര്‍സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായ ആദം പോസനുമായും നിര്‍മ്മല സീതാരാമന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. യൂറോപ്പിലെയും പാശ്ചാത്യ ലോകത്തെയും മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ലമെന്റ് നേതാക്കള്‍ക്ക് പദവി നഷ്ടപ്പെടുന്നു, മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുന്നു എന്ന കാഴ്ചപ്പാട് പ്രചരിക്കുന്നുണ്ട്. ഈ ധാരണകള്‍ ഇന്ത്യയിലെ മൂലധന പ്രവാഹത്തെയും നിക്ഷേപത്തെയും ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് മന്ത്രി പ്രതികരിച്ചു.
advertisement
“നിക്ഷേപകര്‍ ഇന്ത്യയിലേക്ക് ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരോട് ഇന്ത്യയിലേക്ക് സന്ദര്‍ശനം നടത്തി ഇവിടുത്തെ സ്ഥിതി മനസ്സിലാക്കൂവെന്നാണ് പറയാറുള്ളത്. ഇവിടെ ഇതുവരെ സന്ദര്‍ശിക്കാത്തവര്‍ എഴുതുന്ന റിപ്പോര്‍ട്ടുകള്‍ക്ക് ചെവി കൊടുക്കുന്നതിനെക്കാള്‍ ഉചിതമിതാണ്,” നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
അതേസമയം ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ ഇപ്പോഴും വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
”ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇപ്പോഴും രാജ്യത്ത് മുസ്ലീം ജനസംഖ്യ വര്‍ധിക്കുകയാണ്. പല എഴുത്തുകളിലും രാജ്യത്തെ സര്‍ക്കാരിന്റെ പിന്തുണയോടെ മുസ്ലീങ്ങളുടെ ജീവിതം ദുഷ്‌കരമായി എന്നാണ് പറയുന്നത്. അതില്‍ യാഥാര്‍ത്ഥ്യമുണ്ടെങ്കില്‍ ഈ സ്ഥിതി ഇന്ത്യയില്‍ സംഭവിക്കുമോ?. 1947 ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ മുസ്ലീം ജനസംഖ്യ ഇന്ന് വര്‍ധിക്കുമായിരുന്നോ?’ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
advertisement
“പാകിസ്ഥാനും അതേ കാലത്താണ് രൂപം കൊണ്ടത്. ഒരു ഇസ്ലാമിക രാജ്യമെന്ന് പറഞ്ഞാണ് ആ രാജ്യം രൂപംകൊണ്ടത്. എന്നാല്‍ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് പാകിസ്ഥാനിലെ എല്ലാ ന്യൂനപക്ഷങ്ങളും നശിപ്പിക്കപ്പെടുകയാണ്. ഷിയ, മൊഹജിറുകള്‍ തുടങ്ങി മുഖ്യധാര സുന്നികള്‍ അംഗീകരിക്കാത്ത ന്യൂനപക്ഷങ്ങള്‍ പാകിസ്ഥാനില്‍ ആക്രമിക്കപ്പെടുകയാണ്. എന്നാല്‍ ഇന്ത്യയില്‍ എല്ലാ മുസ്ലീങ്ങളും അവരുടെ ബിസിനസ്സ് ചെയ്യുന്നു. കുട്ടികളെ പഠിപ്പിക്കുന്നു. സര്‍ക്കാര്‍ അവര്‍ക്ക് ഫെല്ലോഷിപ്പുകളും നല്‍കുന്നു,” നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
അതേസമയം ക്രമസമാധാന പാലനം സംസ്ഥാന വിഷയമാണെന്നും അത് കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍പ്പെടുന്നതല്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുണ്ട്. അവിടുത്തെ ക്രമസമാധാനപാലനം നോക്കേണ്ടത് അവരാണ്.
advertisement
“ഇതെല്ലാം കേന്ദ്രസര്‍ക്കാരിന്റെ മേല്‍ പഴിചാരുന്നവരോട് ഒരു കാര്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു. 2014 മുതല്‍ ഈ നിമിഷം വരെ രാജ്യത്തെ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞിട്ടുണ്ടോ? ഏതെങ്കിലും മതവിഭാഗത്തിന്റെ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞിട്ടുണ്ടോ? ഇത്തരം റിപ്പോര്‍ട്ട് എഴുതുന്നവര്‍ ദയവായി ഇന്ത്യയിലേക്ക് വരിക. ഞാന്‍ ആതിഥേയത്വം വഹിക്കാം. ഇന്ത്യ മുഴുവന്‍ സന്ദര്‍ശിച്ച ശേഷം ഈ ആരോപണങ്ങളില്‍ വിശദീകരണം തന്നാല്‍ മതി,” നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
'ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ വര്‍ധിച്ചു, പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം കുറഞ്ഞു': നിര്‍മല സീതാരാമന്‍
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement