ന്യൂഡൽഹി: സ്വാതന്ത്ര്യ സമരകാലത്ത് വി ഡി സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതി നൽകിയതിന്‍റെ രേഖകൾ ലഭ്യമല്ലെന്ന് കേന്ദ്ര സാംസ്ക്കാരികവകുപ്പ് മന്ത്രി പ്രഹ്ലാദ് പട്ടേൽ. പാർലമെന്‍റിൽ ചോദ്യോത്തരവേളയിലാണ് മന്ത്രിയുടെ വിശദീകരണം. ആൻഡമാൻ നിക്കോബാറിലെ സെല്ലുലാർ ജയിൽ മ്യൂസിയത്തിൽ വി.ഡി സവർക്കറുടെ മാപ്പ് അപേക്ഷ പ്രദർശിപ്പിക്കുമോയെന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
ഹിന്ദു ദേശീയ നേതാവ് ആയിരുന്ന വി.ഡി സവർക്കർ ജയിൽ ശിക്ഷ ഒഴിവാക്കുന്നതിനായി എഴുതി നൽകിയ നിവേദനം ആൻഡമാൻ നിക്കോബാർ ഭരണകൂടത്തിന്‍റെ കൈവശം ഇല്ലെന്ന് ചോദ്യത്തിന് മറുപടിയായി കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് പട്ടേൽ പറഞ്ഞു. ആൻഡമാൻ ആൻഡ് നിക്കോബാറിൽ നിന്ന് (കലാസാംസ്കാരിക ഡയറക്ടറേറ്റ്) ലഭിച്ച വിവരമനുസരിച്ചായിരുന്നു മന്ത്രിയുടെ മറുപടി.
ഇന്ത്യാ ഹൌസ് എന്ന വിപ്ലവപാർട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ 1911ലാണ് വി.ഡി സവർക്കറെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ പങ്കെടുത്തുവെന്നായിരുന്നു അദ്ദേഹത്തിനെതിരായ കേസ്. 50 കൊല്ലത്തെ തടവു ശിക്ഷക്കു വിധിക്കപ്പെട്ട സവർക്കറെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലുള്ള സെല്ലുലാർ ജയിലിലാണ് അടച്ചത്.
13 വർഷം തടവുശിക്ഷ അനുഭവിച്ച സവർക്കർ പിന്നീട് ബ്രിട്ടീഷ് ഭരണകൂടത്തിന് ദയാഹർജി നൽകിയെന്നാണ് രാഷ്ട്രീയ എതിരാളികൾ ആരോപിക്കുന്നത്. 1924ലാണ് വി.ഡി സവർക്കർ ജയിൽമോചിതനായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Andaman Administration, Culture Minister, Prahlad Patel, Savarkar Mercy Petitions, V D Savarkar