മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി
- Published by:Vishnupriya S
- news18-malayalam
Last Updated:
സംസ്ഥാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചെന്ന് ചൂണ്ടിക്കാട്ടി എൻപിപി ജെപി നദ്ദയ്ക്ക് കത്ത് നൽകി
മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ ബിജെപിക്ക് തിരിച്ചടിയായി നാഷ്ണൽ പീപ്പിൾസ് പാർട്ടി (എൻപിപി) എൻഡിഎ സഖ്യം വിട്ടു. സംസ്ഥാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചെന്ന് ചൂണ്ടിക്കാട്ടി എൻപിപി ജെപി നദ്ദയ്ക്ക് കത്ത് നൽകി. സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ പറഞ്ഞു.
ബിജെപി കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കക്ഷിയാണ് എൻപിപി. എന്നാൽ എൻപിപി പിന്തുണ പിൻവലിച്ചെങ്കിലും ബിരേൻ സർക്കാർ വീഴില്ല. 60 അംഗ മന്ത്രിസഭയിൽ 7 അംഗങ്ങളാണ് എൻപിപിക്കുള്ളത്. 37 അംഗങ്ങൾ ബിജെപിക്കുമുണ്ട്. 31 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. അതേസമയം, കലാപം രൂക്ഷമായതോടെ ആഭ്യന്തരമന്ത്രി അമിത് ഷാ മഹാരാഷ്ട്രയിൽ ഞായറാഴ്ച നടത്താനിരുന്ന രണ്ട് തെരഞ്ഞെടുപ്പ് റാലികൾ മാറ്റിവച്ച് ഡൽഹിയിലേക്ക് മടങ്ങി.
മണിപ്പൂരിൽ കാണാതായ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ പ്രതിഷേധക്കാർ മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ കൊള്ളയടിക്കുകയും ചിലരുടെ വീടുകൾക്ക് തീയിടുകയും ചെയ്തു. മുഖ‍്യമന്ത്രി എൻ. ബിരേൻ സിംഗിന്‍റെ വീട് ആക്രമിക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ കണ്ണീർ വാതകം പ്രയോഗിച്ചാണ് സുരക്ഷാ സേന പിരിച്ചുവിട്ടത്.
advertisement
സായുധ സംഘം തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് മെയ്തെയ് വിഭാഗക്കാരുടെ പ്രതിഷേധം ശക്തമാണ്. നിരവധി മന്ത്രിമാരുടെ വീടുകളും വാഹനങ്ങളും ആക്രമണത്തിനിരയായി. സംസ്ഥാന സർക്കാരിന്‍റെ ഇടപെൽ ഫലപ്രദമല്ലാത്തതിനാലാണ് കേന്ദ്രം ഇടപെടുന്നത്. കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എൻഐഎക്ക് കൈമാറാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. സംഘർഷം രൂക്ഷമായ ഇംഫാലിലേക്കും ജിരിബാമിലേക്കും നേരത്തേ കേന്ദ്ര സേനയെ അയച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 17, 2024 9:29 PM IST


