ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പൊലിയുന്ന യൗവനം; ഐഐടികളിലും എന്‍ഐടികളിലും പ്രതിമാസം ഒരു മരണം വീതമെന്ന് കണക്കുകള്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
കഴിഞ്ഞ 66 മാസത്തിനിടെ രാജ്യത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന എഞ്ചിനിയറിംഗ് സ്ഥാപനങ്ങളില്‍ 64 വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പൊലിയുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 66 മാസത്തിനിടെ രാജ്യത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന എഞ്ചിനിയറിംഗ് സ്ഥാപനങ്ങളില്‍ (ഐഐടി, എന്‍ഐടി) 64 വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. ഒരു മാസം ഒരു വിദ്യാര്‍ത്ഥിയെങ്കിലും ഈ സ്ഥാപനങ്ങളില്‍ ജീവനൊടുക്കിയിട്ടുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഡേറ്റ പ്രകാരം 2018നും 2023 ജൂലൈയ്ക്കുമിടയില്‍ ഐഐടികളില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 39 ആണ്. ഇക്കാലയളവില്‍ 25 പേരാണ് എന്‍ഐടികളില്‍ മരിച്ചത്. ഇന്ത്യയിലെ ഒരു വിഭാഗം സ്ഥാപനങ്ങള്‍ മാത്രമാണ് ഇവ. ഈ സ്ഥാപനങ്ങളില്‍ മാത്രം ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ എണ്ണമാണ് ഇത്.
2014 മുതലുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ 135 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 137 വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. ഐഐടികള്‍, എന്‍ഐടികള്‍, കേന്ദ്രസര്‍വകലാശാലകള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള മരണക്കണക്കാണ് മേല്‍പ്പറഞ്ഞത്. ഇതില്‍ പകുതിയിലധികം കേസുകളും 2018നും 2022നും ഇടയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസമാദ്യമാണ് ഐഐടിയിലെ അവസാനവര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയായ 21 കാരന്‍ ജീവനൊടുക്കിയ വാര്‍ത്ത ചര്‍ച്ചയായത്. ജൂലൈ 10ന് ഡല്‍ഹി ഐഐടിയിലെ മറ്റൊരു വിദ്യാര്‍ത്ഥിനി സ്വയം ജീവനൊടുക്കിയതിന് ദിവസങ്ങള്‍ക്കിപ്പുറമാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
advertisement
അതേസമയം ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് 2018-22 കാലയളവില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നു. 2018നും 2022നും ഇടയില്‍ ഡല്‍ഹിയിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഠനം നടത്തിയിരുന്ന 14 വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. സമാനമായി ഉത്തര്‍പ്രദേശിലെ 13 വിദ്യാര്‍ത്ഥികളും ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ 6 വിദ്യാര്‍ത്ഥികളും ഇക്കാലയളവില്‍ ജീവനൊടുക്കിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരുന്നതിനായി നിരവധി വിദ്യാര്‍ത്ഥികളാണ് കോച്ചിംഗ് സെന്ററുകളില്‍ പഠനം നടത്തുന്നത്.
advertisement
കോച്ചിംഗ് സെന്ററുകള്‍ക്ക് പേരുകേട്ട രാജസ്ഥാനിലെ കോട്ടയും കഴിഞ്ഞ മാസം വാര്‍ത്തകളിലിടം നേടിയിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രം 5 വിദ്യാര്‍ത്ഥികളാണ് കോട്ടയിലെ കോച്ചിംഗ് സ്ഥാപനങ്ങളില്‍ ജീവനൊടുക്കിയത്. 8 മാസത്തിനിടെ 23 വിദ്യാര്‍ത്ഥികളാണ് ഇവിടെ ജീവനൊടുക്കിയത്. 2017നും 2022നും ഇടയില്‍ ഇവിടെ ശരാശരി 46 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയിട്ടുണ്ടാകും എന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നീറ്റ്, ജെഇഇ എന്നീ പരീക്ഷകളുടെ പരിശീലനത്തിനായി പ്രതിവര്‍ഷം രണ്ടര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് കോട്ടയില്‍ എത്തുന്നത്. എന്നാല്‍ ഉന്നത നിലവാരമുള്ള കോളേജുകളില്‍ പ്രവേശനം നേടിയ ശേഷവും വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
advertisement
പ്രതിദിനം ഇന്ത്യയില്‍ 36 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കുന്നു
രാജ്യത്തുടനീളം സ്വയം ജീവനൊടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2021ല്‍ പ്രതിദിനം ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 36ആണ്. 2017ല്‍ ഇത് 27 ആയിരുന്നു. 2017നും 2021നും ഇടയില്‍ ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
പ്രതിവര്‍ഷം ജീവനൊടുക്കുന്നവരുടെ എണ്ണം 1.30 ലക്ഷം
2000 നും 2021 നും ഇടയില്‍ ഇന്ത്യയില്‍ 28.16 ലക്ഷം പേരാണ് ജീവനൊടുക്കിയത്. ഇതുപ്രകാരം പ്രതിവര്‍ഷം 1.30 ലക്ഷം പേരാണ് ജീവനൊടുക്കിയിരിക്കുന്നത്. 2019 വരെ രാജ്യത്ത് ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ജീവനൊടുക്കല്‍ കേസുകളുടെ എണ്ണം 1.40 ലക്ഷത്തില്‍ താഴെയായിരുന്നു. എന്നാല്‍ 2020-21 കാലഘട്ടത്തില്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2020ലും 2021ലും പ്രതിദിനം ജീവനൊടുക്കിയത് 400 പേരാണ്. 2000ല്‍ ഇത് വെറും 298 ആയിരുന്നു. 1998ന് ശേഷം ഓരോ വര്‍ഷവും ഒരു ലക്ഷത്തിലധികം പേര്‍ സ്വയം ജീവനൊടുക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
advertisement
ലിംഗാടിസ്ഥാനത്തിലുള്ള ജീവനൊടുക്കല്‍ കേസുകളുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ന്യൂസ് 18 പരിശോധിക്കുകയുണ്ടായി. ഇതില്‍ നിന്നും പുരുഷന്‍മാരിലാണ് ജീവനൊടുക്കല്‍ പ്രവണത കൂടുതലെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. എന്നാല്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ മരണങ്ങളെ വിശകലനം ചെയ്യുമ്പോള്‍ 18 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്കിടയില്‍ ജീവനൊടുക്കല്‍ കൂടുതലാണെന്ന് പറയേണ്ടി വരും. 2017നും 2021നും ഇടയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കിടയില്‍ 94 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 18നും 30 വയസ്സിനും താഴെ പ്രായമുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളാണ് ജീവനൊടുക്കിയതില്‍ അധികവും. 2017ല്‍ മാത്രം 62 കേസുകളാണ് ഈ വിഭാഗത്തിനിടയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 11, 2023 2:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പൊലിയുന്ന യൗവനം; ഐഐടികളിലും എന്‍ഐടികളിലും പ്രതിമാസം ഒരു മരണം വീതമെന്ന് കണക്കുകള്‍