മുംബൈ: കേന്ദ്രസർക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേനയുടെ നേതൃത്വത്തിലുള്ള ദുസഹറ റാലി അഭിസംബോദന ചെയ്ത് സംസാരിക്കവെയാണ് തനിക്കും പാർട്ടിക്കും എതിരെ ഉയരുന്ന ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും അടക്കം മറുപടി നൽകി ഉദ്ധവിന്‍റെ കടുത്ത പ്രതികരണം. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പതിവിൽ നിന്നും വ്യത്യസ്തമായ ശിവാജി പാർക്കിന് പകരം ദാദറിലെ സവർക്കർ ഹാളിലാണ് ശിവസേന ദുസഹറ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.
ചടങ്ങിനിടെ തന്‍റെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട് ശിവസേന തലവൻ. 'ഞാൻ മുഖ്യമന്ത്രി സ്ഥാനത്തെത്തിയിട്ട് ഒരുവർഷമാകുന്നു. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കുമെന്ന് പലരും പറഞ്ഞിരുന്നു. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ ഇപ്പോൾ അത് ചെയ്തു കാണിക്കു എന്ന് ഞാൻ വെല്ലുവിളിക്കുകയാണ്' എന്നായിരുന്നു വാക്കുകൾ. അതുപോലെ തന്നെ ബീഹാറില്‍ സൗജന്യ കോവിഡ് വാക്സിൻ എന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെയും താക്കറെ ചോദ്യം ചെയ്തിട്ടുണ്ട്.
'ബിഹാറിൽ സൗജന്യ കോവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്നാണ് നിങ്ങളുടെ വാഗ്ദാനം. അപ്പോൾ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങൾ ബംഗ്ലാദേശിൽ നിന്നോ കസാകിസ്ഥാനിൽ നിന്നോ വന്നവരാണോ. ഇങ്ങനെയൊക്കെ പറയുന്ന ആളുകൾ സ്വയം ലജ്ജിക്കണം. നിങ്ങളാണ് കേന്ദ്രം എന്നു മറക്കരുത്' ഉദ്ധവ് വിമർശിക്കുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി മതേതരവാദി ആയോ എന്ന സംശയം ഉന്നയിച്ച ഗവർണർ ഭഗത് സിംഗ് കോശ്യാരിക്കും പേരെടുത്ത് പറയാതെ കടുത്തഭാഷയിൽ ഉദ്ധവ് മറുപടി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉദ്ധവിനെ രൂക്ഷഭാഷയിൽ വിമർശിച്ച് ഗവർണർ കത്തെഴുതിയിരുന്നു. ഇതിലാണ് സേനാ തലവൻ മതേതരവാദി ആയോ എന്ന ചോദ്യം ഉന്നയിച്ചിരുന്നത്. തന്‍റെ ഹിന്ദുത്വം ചോദ്യം ചെയ്യുന്ന ആളുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തായിരുന്നു ഉദ്ധവ് വിഷയത്തിൽ പ്രതികരിച്ചത്.
'ഞങ്ങളുടെ ഹിന്ദുത്വം നിങ്ങളുടെതിനെക്കാൾ പഴക്കമേറിയതും വ്യത്യസ്തവുമാണ്. മറ്റുള്ള ആളുകൾ ഇതിനെക്കുറിച്ച് പറയാൻ പോലും ഭയന്നിരുന്ന കാലത്താണ് അന്തരിച്ച ബാലസാഹബ് താക്കറെ ഇതിനെക്കുറിച്ച് സംസാരിച്ചത്. ഞങ്ങളുടെ ഹിന്ദുത്വം ആരാധനമൂർത്തികളിലോ ക്ഷേത്രങ്ങളിലോ പൂജകളിലോ പാത്രം കൊട്ടുന്നതിലോ അല്ലെങ്കിൽ മണിയടിക്കുന്നതിലോ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ഞങ്ങളുടെ ഹിന്ദുത്വം തന്നെയാണ് ഞങ്ങളുടെ ദേശീയത'. ഉദ്ധവ് വ്യക്തമാക്കി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.