• HOME
  • »
  • NEWS
  • »
  • india
  • »
  • പാക്കിസ്ഥാനിലെത്തി മുംബൈ ആക്രമണത്തെക്കുറിച്ച് പരാമർശം: സദസ്യർ തന്റെ വാക്കുകളെ കരഘോഷങ്ങളോടെ സ്വീകരിച്ചെന്ന് ജാവേദ് അക്തർ

പാക്കിസ്ഥാനിലെത്തി മുംബൈ ആക്രമണത്തെക്കുറിച്ച് പരാമർശം: സദസ്യർ തന്റെ വാക്കുകളെ കരഘോഷങ്ങളോടെ സ്വീകരിച്ചെന്ന് ജാവേദ് അക്തർ

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികൾ പാക്കിസ്ഥാനിൽ ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന

  • Share this:

    പാക്കിസ്ഥാനിലെ ലാഹോറിൽ വെച്ച് തീവ്രവാദികൾക്കെതിരെ സംസാരിച്ച ഗാനരചയിതാവും തിരകഥാകൃത്തുമായ ജാവേദ് അക്തറിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിഹാസ ഉറുദു കവി അഹമ്മദ് ഫൈസിന്റെ സ്മരണാർത്ഥം ലാഹോറിൽ സംഘടിപ്പിച്ച ഒരു ചടങ്ങിൽ പങ്കെടുക്കാൻ  എത്തിയതായിരുന്നു അദ്ദേഹം. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികൾ പാക്കിസ്ഥാനിൽ ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

    സദസിലുള്ളവർ തന്റെ വാക്കുകളെ കരഘോഷങ്ങളോടു കൂടിയാണ് വരവേറ്റതെന്നാണ് ഇതേക്കുറിച്ച് അദ്ദേഹം എൻഡിടിവിയോട് പ്രതികരിച്ചത്. ”അവരെല്ലാം ഞാൻ പറഞ്ഞതു കേട്ട് കൈയടിച്ചു. ഞാൻ പറഞ്ഞതിനോട് യോജിച്ചു. ഇന്ത്യയെ പ്രശംസിച്ചു സംസാരിക്കുന്നവരും നമ്മളുമായി ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നവരുമായ നിരവധിയാളുകൾ അവിടെയുണ്ട്”, ജാവേദ് അക്തർ കൂട്ടിച്ചേർത്തു.

    Also read- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആവർത്തിച്ച് പരാതി; മാധ്യമപ്രവർത്തകന് ഒരു ലക്ഷം രൂപ പിഴ

    ഇരു രാജ്യങ്ങൾക്കുമിടയിൽ ഒരു മധ്യവർത്തി ആവശ്യമാണോ എന്ന ചോദ്യത്തിന്, അതൊക്കെ രാജ്യം ഭരിക്കുന്ന ആളുകൾക്ക് നന്നായി അറിയാം എന്നായിരുന്നു ജാവേദ് അക്തറിന്റെ മറുപടി. ”പാക്കിസ്ഥാനിലുള്ള ആളുകളെ കുറിച്ച് വളരെ പരിമിതമായ കാര്യങ്ങളാണ് ഇന്ത്യയിലുള്ളവർക്ക് അറിയാവുന്നത്. പാക്കിസ്ഥാനിലുള്ളവരുടെ കാര്യവും അങ്ങനെ തന്നെ,” അദ്ദേഹം കൂട്ടിച്ചേർത്തു.

    ”നിങ്ങൾ പലതവണ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. നിങ്ങൾ തിരിച്ചു പോകുമ്പോൾ, നിങ്ങളുടെ ആളുകളോട് ഇവർ നല്ല ആളുകളാണെന്ന് പറയുമോ? അവർ ബോംബെറിയുക മാത്രമല്ല നമ്മളെ സ്നേഹവും പൂമാലകളും കൊണ്ട് സ്വീകരിക്കുമെന്നും പറയുമോ?”, എന്നും വൈറലായ വീഡിയോയിൽ ജാവേദ് അക്തറിനോട് പാകിസ്ഥാനിലെ ഒരു പ്രേക്ഷകൻ ചോദിച്ചിരുന്നു.

    Also read- എന്റെ ഹോട്ടലിൽ ഇത്തരക്കാർ കയറേണ്ട; വിചിത്രമായ നിർദ്ദേശവുമായി ആസാമിലെ ഹോട്ടലുടമ

    ‘നമ്മൾ പരസ്പരം കുറ്റപ്പെടുത്തരുത്. അത് ഒന്നിനും പരിഹാരം ആകില്ല. നിലവിലെ അന്തരീക്ഷം പിരിമുറുക്കങ്ങൾ നിറഞ്ഞതാണ്, അത് ശാന്തമാക്കണം. ഞങ്ങളുടെ മുംബൈ നഗരത്തിന് നേരെ ഒരു ആക്രമണം ഉണ്ടായി. ആക്രമികൾ നോർവേയിൽ നിന്നോ ഈജിപ്തിൽ നിന്നോ വന്നവരല്ല. അവർ ഇപ്പോഴും നിങ്ങളുടെ രാജ്യത്ത് സ്വതന്ത്രമായി വിഹരിക്കുന്നു. അതിനാൽ ഹിന്ദുസ്ഥാനിയുടെ ഹൃദയത്തിൽ നിങ്ങളോട് ദേഷ്യമുണ്ടെങ്കിൽ നിങ്ങൾ അതേക്കുറിച്ച് പരാതി പറഞ്ഞിട്ട് കാര്യമില്ല”, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

    ഇരു രാജ്യങ്ങളും തമ്മിൽ സൗഹൃദപരമായ ബന്ധം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജാവേദ് അക്തർ ചടങ്ങിൽ വെച്ച് സംസാരിച്ചിരുന്നു. പാക് കലാകാരന്മാരായ നുസ്രത്ത് ഫത്തേ അലി ഖാൻ, മെഹ്ദി ഹസൻ എന്നിവരെ ഇന്ത്യ ഊഷ്മളമായി സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ലതാ മങ്കേഷ്കറിന്റെ ഒരു ഷോ പോലും പാകിസ്ഥാനിൽ നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    Also read- കോഴിക്കോട് IIMൽ ബിസിനസ് പഠിച്ച ഷെല്ലി ഒബ്റോയി ഡൽഹി കോർപ്പറേഷൻ മേയർ

    ”ഞങ്ങൾ നുസ്രത്ത് ഫത്തേ അലി ഖാന്റെയും മെഹ്ദി ഹസന്റെയും വലിയ ഇവന്റുകൾ നടത്തി. നിങ്ങൾ ഒരിക്കലും ലതാ മങ്കേഷ്‌കറിന്റെയോ മറ്റോ ഒരു പരിപാടിയും ഇവിടെ സംഘടിപ്പിച്ചിട്ടില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സദസിൽ ഉണ്ടായിരുന്നവർ വലിയ ആർപ്പുവിളികളോടെയും കരഘോഷത്തോടെയുമാണ് അ​ദ്ദേഹത്തിന്റെ വാക്കുകളെ സ്വീകരിച്ചത്.

    Published by:Vishnupriya S
    First published: