തിരുവനന്തപുരം: പിളർപ്പുകൾ കേരള കോൺഗ്രസിന് പുത്തരിയല്ല. ‘വളരുംതോറും പിളരും, പിളരുംതോറും വളരും’എന്ന കെഎം മാണിയുടെ വാക്യങ്ങളിലൂടെയാണ് ഗ്രൂപ്പ് ഭേദമില്ലാതെ കേരള കോൺഗ്രസുകാർ പിളർപ്പിനെ സൈദ്ധാന്തികമായി വിശേഷിപ്പിക്കുന്നത്. പൊതുവെ യു ഡി എഫിൽ നിൽക്കുമ്പോൾ പാർട്ടി പിളർന്നാൽ രണ്ടു ഘടകങ്ങളും എവിടെയാണാ അവിടെ നിൽക്കുക എന്നതാണ് പതിവ്.
എന്നാൽ ഇക്കുറി ഇടഞ്ഞു നിന്ന ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ നിന്നും പുറത്താക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം കേരള രാഷ്ട്രീയത്തിലെ അത്യപൂർവ സംഭവമായി. ഇത്തരമൊരു കടുത്ത തീരുമാനം അപ്രതീക്ഷിതമായി കോൺഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായതിന്റെ ഞെട്ടലിലാണ് ജോസ് കെ മാണി വിഭാഗം നേതാക്കൾ.ഇതിനു പ്രധാന കാര്യങ്ങൾ പലതാണ്
1. പരസ്പരം ശത്രുതയുള്ള രണ്ടു വിഭാഗങ്ങൾ തുടരുന്നത് മുന്നണിയുടെ ശക്തി ക്ഷയിപ്പിക്കും. ഇത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉൾപ്പടെ മുന്നണിക്ക് ക്ഷീണമാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. പാലാ ഉപതെരഞ്ഞെടുപ്പ് ആവർത്തിക്കാൻ കഴിയില്ല എന്നാണ് നേതാക്കൾ വ്യക്തമാക്കിയത്.
2. മുൻകാലത്ത് ഭീഷണിപ്പെടുത്തി പല സ്ഥാനങ്ങളും തട്ടിയെടുത്തു എന്ന ആക്ഷേപമാണ് കോൺഗ്രസിനുള്ളത്. ഇതിൽ ഏറ്റവും ഒടുവിൽ ഉള്ളതാണ് രാജ്യസഭാ സീറ്റ്. പിണങ്ങി നിന്ന മാണിയെ ഒപ്പം ചേർക്കാൻ കോൺഗ്രസിന് സീറ്റ് ബലി കഴിക്കേണ്ടി വന്നു. അങ്ങനെ ജോസ് കെ മാണി ലോക്സഭയിൽനിന്നും രാജി വെച്ച് രാജ്യസഭയിലേക്ക് നടന്നു. മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് ഇത് ക്ഷീണമായി.
3. യു ഡിഎഫിന്റെ ശക്തി കേന്ദ്രമായ കോട്ടയം ജില്ലയിൽ രണ്ടാമത്തെ കക്ഷിയായി നിൽക്കുന്നതിന്റെ നാണക്കേട് കോൺഗ്രസ് നേതാക്കൾക്ക് തുടങ്ങിയിട്ട് കാലമേറെയായി കോൺഗ്രസിന്റെ കൂടി ശക്തി കേന്ദ്രമായ കോട്ടയത്ത് മൂന്നു നിയമസഭാ സീറ്റുകൾ മാത്രമാണ് പാർട്ടിക്കുള്ളത്. ബാക്കിയുള്ള ആറു സീറ്റുകളിലും കേരള കോൺഗ്രസ് മാണി വിഭാഗമാണ് മത്സരിച്ചതും. കെ.എം മാണിയുടെ മരണത്തോടെ ദുർബലമായ കേരള കോൺഗ്രസിന് ഇനി ജില്ലയിൽ സീറ്റുകൾ നൽകേണ്ടതില്ലെന്ന ഡിസിസിയുടെ കാലങ്ങളായുള്ള ആവശ്യവും ജോസ് കെ മാണിയെ പുറത്താക്കാനുള്ള തീരുമാനത്തിനു പിന്നിലുണ്ട്.
4. കേരളാ കോൺഗ്രസിന് പിന്നിലെ സാമുദായിക ശക്തി അത്ര അദൃശ്യമല്ല. ചെയർമാൻ സ്ഥാനത്തിന് വേണ്ടി നടത്തിയ ഇടപെടലിനു ശേഷം ഇപ്പോൾ ജോസ് വിഭാഗവുമായി ആ ശക്തികൾക്ക് അത്ര നല്ല ബന്ധമല്ല എന്ന തിരിച്ചറിവ്.
5. കെഎം മാണിയുടെ വിയോഗത്തിന് ശേഷം മുസ്ലിം ലീഗിന് കേരളാ കോൺഗ്രസിലേക്കുള്ള അടുപ്പം കുറഞ്ഞു. നിർണായക ഘട്ടങ്ങളിലൊക്കെ കെ.എം മാണിയെ സഹായിക്കാറുള്ള ലീഗും തീരുമാനമെടുക്കാൻ കോൺഗ്രസിനു പൂർണ സ്വാതന്ത്ര്യം നൽകി. ഇതും ജോസ് കെ മാണിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ കോൺഗ്രസിനു സഹായകമായി.
6. ജോസ് വിഭാഗത്തിന്റെ ശക്തിവളരെ കുറവാണെന്നും അവർ വിട്ടുപോയാൽ ആഘാതം വളരെക്കുറവാണെന്നും കോൺഗ്രസ് വിലയിരുത്തുന്നു.
ഇതെല്ലാം കടുത്ത നിലപാട് എടുക്കാൻ കോൺഗ്രസിന് സഹായകരമായി.
You may also like:ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫ് മുന്നണിയിൽ നിന്നും പുറത്താക്കി [NEWS]'കേന്ദ്രത്തിൽ കൂടുതൽ പദവികൾ ലഭിക്കും'; ജോസ് കെ മാണിയെ എൻ.ഡിഎയിലേക്ക് സ്വാഗതം ചെയ്ത് പി.സി തോമസ് [NEWS] ഭീഷണിക്കു വഴങ്ങാതെ ജോസിനെ പുറത്താക്കി; ജില്ലയുടെ മൂന്നു സീറ്റുകളിൽ ലക്ഷ്യമിട്ട് കോൺഗ്രസ് [NEWS]കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണിയിലെ 'ഐക്യം' എന്നത് പേരിൽ മാത്രം ഒതുങ്ങുന്നതാണെന്ന് പലകുറി കേരളം കണ്ടിട്ടുള്ളതാണ്. സ്വന്തം പാർട്ടിയിലെ ഗ്രൂപ്പു കളികൾ നിയന്ത്രിക്കാനാകാത്ത കോൺഗ്രസിന് മുന്നണിയിലെ ഘടകകക്ഷികളുടെ സമ്മർദ്ദങ്ങൾക്കും പിടിവാശിക്കും പലപ്പോഴും വഴങ്ങേണ്ടി വന്നിട്ടുണ്ട്. അതാണ് കേരളത്തിലെ യു.ഡി.എഫ് രാഷ്ട്രീയവും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ തീരുമാനമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് ജോസ് കെ. മാണിയുടെ കാര്യത്തിൽ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.കെ.എം മാണിയുടെ വിയോഗത്തിനു പിന്നാലെ പിന്തുടർച്ചാവകാശത്തെച്ചൊല്ലി പി.ജെ ജോസഫും ജോസ് കെ മാണിയും വാളെടുത്ത് തെരുവിൽ ഇറങ്ങിയപ്പോഴും ഇരു കൂട്ടരെയും ഒപ്പം നിർത്തുകയെന്ന സമീപനമാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചത്. എന്നാൽ യു.ഡി.എഫ് കോട്ടയായ പാലായിൽ ജോസ് കെ മാണിയുടെ നോമിനിയായ യു.ഡി.എഫ് സ്ഥാനാർഥി പരാജയപ്പെട്ടതോടെയാണ് കേരള കോൺഗ്രസിലെ ഗ്രൂപ്പ് കളി മുന്നണി നേതൃത്വം കാര്യമായെടുത്തത്. മാണിയുടെ അഭാവത്തിൽ സംഘടനാ സംവിധാനമോ ആൾബലമോ ഇല്ലാത്ത ജോസും മറുവശത്ത് ജോസഫും അങ്കത്തിനിറങ്ങിയപ്പോൾ ജോസഫിനായിരുന്നു കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പിന്തുണ.ഏറ്റവും അവസാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കൾ അന്ത്യശാസനം നൽകിയെങ്കിലും വഴങ്ങാൻ ജോസ് കെ മാണി പക്ഷം കൂട്ടാക്കിയില്ല. പതിവു പോലെ കേരള കോൺഗ്രസിനോട് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കാട്ടിയിരുന്ന മൃദു സമീപനം പരമാവധി മുതലെടുക്കുകയെന്നതായിരുന്നു ജോസ് കെ. മാണിയുടെ ലക്ഷ്യം. ജോസ് കണ്ടു ശീലിച്ച രാഷ്ട്രീയവും അതുതന്നെയായിരുന്നു. എന്നാൽ കെ എം മാണിയല്ല, മാണിയുടെ മകനെന്ന നിലപാടിലായിരുന്നു കോൺഗ്രസ് നേതൃത്വമെന്നത് പുറത്താക്കിയപ്പോഴാണ് ജോസ് കെ മാണിയും കൂട്ടരും തിരിച്ചറിഞ്ഞതെന്നു മാത്രം.പിളർപ്പുകളും ലയനവുമൊക്കെ കൂടെപ്പിറപ്പാണെങ്കിലും അപ്രതീക്ഷിതമായി യു.ഡി.എഫിൽ നിന്നും പുറത്തായത് ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് ജോസ് പക്ഷം. പഴയതു പോലെ ശക്തിയും നേതൃത്വവും ഇല്ലാത്തതിനാൽ ഇടതു മുന്നണിയും കാര്യമായ താൽപര്യമെടുക്കുന്നില്ല. അതേസമയം ജോസ് കെ മാണി ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സ്വാഗതം ചെയ്തിട്ടുമുണ്ട്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.