പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക്; മൂന്നാം തവണ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനം ജി 7 ഉച്ചകോടിയിലേക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
ജൂൺ 14ന് നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയിൽ ഇറ്റലിയുടെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യ പങ്കെടുക്കുന്നത്.
50-ാമത് ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിയിലേക്ക് തിരിച്ചു. മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷമുള്ള മോദിയുടെ ആദ്യ വിദേശ യാത്രയാണ് ഇത്. ജൂൺ 14ന് നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയിൽ ഇറ്റലിയുടെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യ പങ്കെടുക്കുന്നത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി, പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകളും നടത്തും. ജി 7 നേതാക്കളുമായും പ്രധാനമന്ത്രി മോദി വിവിധ വിഷയങ്ങൾ ചർച്ചകൾ ചെയ്യും.
കാനഡ, ഫ്രാന്‍സ്, യു.എസ്., യു.കെ., ജര്‍മനി, ജപ്പാന്‍, ഇറ്റലി എന്നീ ഏഴു വികസിത രാജ്യങ്ങളോടൊപ്പം യൂറോപ്യന്‍ യൂണിയനും ഉച്ചകോടിയിൽ പങ്കെടുക്കും. ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിലെ അപുലിയയിലുള്ള ബോർഗോ എഗ്നാസിയ റിസോർട്ടിലാണ് ജി 7 ഉച്ചകോടി ചേരുക. റഷ്യ -യുക്രൈൻ യുദ്ധവും ഇസ്രായേല്‍-ഗാസ സംഘർവും ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങൾ ഉച്ചകോടിയില്‍ ചർച്ചയാകുമെന്നാണ് സൂചന.
കൂടാതെ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നു. " ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രസിഡന്റ് ജോ ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും തമ്മില്‍ കണ്ടുമുട്ടാൻ സാഹചര്യങ്ങള്‍ ഉണ്ടാകുമെന്നാണ് ഞങ്ങൾ കരുതുന്നത് " യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു.
advertisement
പ്രധാനമന്ത്രി മോദി തുടർച്ചയായി അഞ്ചാം തവണയാണ് ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. മുൻപ് പത്ത് ജി 7 ഉച്ചകോടികളില്‍ ഇന്ത്യ പങ്കെടുത്തിട്ടുണ്ട്. നിർമ്മിത ബുദ്ധി (AI ), ഊർജം, ആഫ്രിക്ക, മെഡിറ്ററേനിയൻ എന്നിവയെക്കുറിച്ചുള്ള ചർച്ചകള്‍ക്കായുള്ള പ്രത്യേക സെഷനിലും അദ്ദേഹം പങ്കെടുക്കും.
തന്റെ മങ്ങലേറ്റ രാജ്യാന്തര പ്രതിച്ഛായ വീണ്ടെടുക്കാനാണ് മോദി ഈ വർഷത്തെ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലേക്ക് പറക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിമർശിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 13, 2024 7:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക്; മൂന്നാം തവണ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനം ജി 7 ഉച്ചകോടിയിലേക്ക്