'ഹിന്ദു പെണ്‍കുട്ടികളെയും ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതായി ആരോപണം'; മധ്യപ്രദേശിലെ സ്വകാര്യ സ്‌കൂളിനെതിരെ അന്വേഷണം
- Published by:Vishnupriya S
- news18-malayalam
Last Updated:
ദാമോഹ് ജില്ലയിലെ സ്വകാര്യ സ്‌കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്
ഹിന്ദു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാർത്ഥിനികളോട് ഹിജാബ് ധരിക്കാന്‍ മധ്യപ്രദേശിലെ സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നതായി ആരോപണം. ദാമോഹ് ജില്ലയിലെ സ്വകാര്യ സ്‌കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ദാമോഹിലെ ഗംഗാ ജമുന ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പോസ്റ്ററില്‍ ഹിന്ദുപെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ ഹിജാബ് പോലുള്ള ശിരോവസ്ത്രം ധരിച്ച് കാണപ്പെട്ടിരുന്നു. ഇതോടെയാണ് സ്‌കൂളിനെതിരെ പ്രതിഷേധവുമായി ചിലര്‍ രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.വിഷയത്തില്‍ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും പ്രതികരിച്ചിരുന്നു. ഈ വിഷയം നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും അന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
”ഈ സംഭവത്തിന്‍മേല്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിടുന്നതാണ്. പോലീസ് സൂപ്രണ്ടിന് അന്വേഷണ ചുമതല നല്‍കിയിട്ടുണ്ട്’ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹിന്ദുസംഘടനകള്‍ രംഗത്തെത്തി. ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നില്‍ ഇവര്‍ പ്രതിഷേധസമരവും സംഘടിപ്പിച്ചു. സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നായിരുന്നു ഇവരുടെ ആരോപണം. സ്‌കൂളിന്റെ അംഗീകാരം പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
advertisement
അതേസമയം മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് സ്‌കൂളിനെതിരെ നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നതായി ജില്ലാ കളക്ടര്‍ മായങ്ക് അഗര്‍വാള്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങളില്‍ യാതൊരു വസ്തുതയുമില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളിലും കഴമ്പില്ലെന്ന് കളക്ടർപ്രതികരിച്ചു.കൂടാതെ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം ഒരു അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, തഹസില്‍ദാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.
സ്‌കൂളിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് സ്‌കൂളിന്റെ ഉടമസ്ഥനായ മുഷ്താക് ഖാനും രംഗത്തെത്തിയിരുന്നു. ശിരോവസ്ത്രം അടങ്ങിയ യൂണിഫോമാണ് സ്‌കൂളിലുള്ളതെന്നും അത് ധരിക്കാന്‍ ആരെയും നിര്‍ബന്ധിക്കാറില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. സ്‌കൂളിനെതിരെ തങ്ങള്‍ക്കും പരാതി ലഭിച്ചിട്ടുണ്ടെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനുംഗോ പറഞ്ഞു. യൂണിഫോമിന്റെ പേരില്‍ ഹിന്ദു-അമുസ്ലിം പെണ്‍കുട്ടികളോട് ഹിജാബ് ധരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുവെന്നാണ് പരാതിയില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്കും പോലീസ് സൂപ്രണ്ടിനും നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
advertisement
കഴിഞ്ഞ വര്‍ഷമാണ് കര്‍ണാടകയില്‍ ഹിജാബ് വിവാദമുണ്ടായത്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചെത്തുന്നതിനെതിരെയായിരുന്നു പ്രക്ഷോഭം.വിവാദത്തിന് ശേഷം സ്‌കൂള്‍ ക്യാംപസിനുള്ളില്‍ ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാരും രംഗത്തെത്തിയിരുന്നു. സമത്വത്തിനും ക്രമസമാധാനത്തിനും വെല്ലുവിളിയാകുന്ന വസ്ത്രധാരണം അനുവദിക്കില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവിനെതിരെ മുസ്ലിം പെണ്‍കുട്ടികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് ശരിവെയ്ക്കുകയായിരുന്നു. ഈ വിധി പിന്നീട് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Madhya Pradesh
First Published :
June 03, 2023 7:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഹിന്ദു പെണ്‍കുട്ടികളെയും ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതായി ആരോപണം'; മധ്യപ്രദേശിലെ സ്വകാര്യ സ്‌കൂളിനെതിരെ അന്വേഷണം