ഇന്റർഫേസ് /വാർത്ത /India / പ്രതിഷേധിക്കേണ്ടത് പഞ്ചാബിലല്ല, ഡൽഹിയിലോ ഹരിയാനയിലോ പ്രതിഷേധിക്കണമെന്ന് കർഷകരോട് പഞ്ചാബ് മുഖ്യമന്ത്രി

പ്രതിഷേധിക്കേണ്ടത് പഞ്ചാബിലല്ല, ഡൽഹിയിലോ ഹരിയാനയിലോ പ്രതിഷേധിക്കണമെന്ന് കർഷകരോട് പഞ്ചാബ് മുഖ്യമന്ത്രി

അമരീന്ദർ സിംഗ്

അമരീന്ദർ സിംഗ്

ചബ്ബെവാൾ നിയമസഭാ മണ്ഡലത്തിലെ മുക്ലിയാന ഗ്രാമത്തിൽ സർക്കാർ കോളേജിന്റെ ശിലാസ്ഥാപനം നിർവഹിച്ച ശേഷം നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

  • Share this:

കർഷക പ്രക്ഷോഭങ്ങൾ സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്കനുസരിച്ചല്ലെന്നും പഞ്ചാബിലെ പ്രതിഷേധം അവസാനിപ്പിച്ച് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കർഷക സംഘടനകളോട് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. സംസ്ഥാനത്ത് 113 സ്ഥലങ്ങളിൽ നടക്കുന്ന പ്രതിഷേധം സാമ്പത്തിക വികസനത്തെ ബാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചബ്ബെവാൾ നിയമസഭാ മണ്ഡലത്തിലെ മുക്ലിയാന ഗ്രാമത്തിൽ സർക്കാർ കോളേജിന്റെ ശിലാസ്ഥാപനം നിർവഹിച്ച ശേഷം നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രക്ഷോഭം നടത്തുന്ന കർഷകർ തന്റെയടുക്കൽ എത്തുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ധർണ നടത്തണമെങ്കിൽ കർഷകർ പഞ്ചാബിന് പകരം ഹരിയാനയിലേക്കും ഡൽഹിയിലേക്കും പോകണമെന്ന് അമരീന്ദർ പറഞ്ഞു. പഞ്ചാബിൽ സംസ്ഥാന സർക്കാരും ജനങ്ങളും കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനാൽ പഞ്ചാബിൽ കർഷക സംഘടനകൾ പ്രതിഷേധം നടത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ, കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കേന്ദ്രം അമിതമായ കാലതാമസം വരുത്തുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനത്ത് പ്രതിഷേധങ്ങൾ നടത്തുന്നതിനുപകരം, അവർ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ കാർഷിക നിയമങ്ങളുടെ വിഷയത്തിൽ ശിരോമണി അകാലിദൾ കർഷകരെ കബളിപ്പിക്കുകയാണെന്ന് ആരോപിച്ച മുഖ്യമന്ത്രി, അകാലിദളിന്റെ സമ്മതത്തോടെയാണ് നിയമങ്ങൾ തയ്യാറാക്കിയതെന്നും ആരോപിച്ചു. ഹർസിമ്രത് കൗർ ബാദലും മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും പോലും നിയമങ്ങൾക്ക് അനുകൂലമായി വാദിച്ചുവെങ്കിലും പിന്നീട് "യു-ടേൺ" നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

1950 മുതൽ 127 തവണ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. "സിംഗു, തിക്രി അതിർത്തികളിൽ ഇരിക്കുന്ന കർഷകർക്ക് വേണ്ടി ഒരിയ്ക്കൽ കൂടി കാർഷിക നിയമങ്ങളിൽ മാറ്റം വരുത്തിയാൽ എന്തെന്നും" അദ്ദേഹം ചോദിച്ചു. പഞ്ചാബ് സർക്കാർ പ്രക്ഷോഭത്തിനിടെ മരിച്ച സംസ്ഥാനത്തെ എല്ലാ കർഷകരുടെയും ബന്ധുക്കൾക്ക് 5 ലക്ഷം രൂപ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അമരീന്ദറിന്റെ പരാമർശങ്ങളോട് പ്രതികരിച്ച ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പഞ്ചാബ് സർക്കാർ കർഷകർക്ക് "പ്രേരണ" നൽകുന്നതായി ഇപ്പോൾ തെളിഞ്ഞെന്ന് വ്യക്തമാക്കി.

ഹരിയാനയിലോ ഡൽഹിയിലോ കർഷകർക്ക് വേണ്ടതെന്തും ചെയ്യാമെന്നും പഞ്ചാബിൽ അത് ചെയ്യരുതെന്നുമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞതെന്ന് അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. കർഷകരെ പ്രേരിപ്പിക്കുന്ന ജോലി അമരീന്ദർ സിംഗ് ചെയ്തിട്ടുണ്ടെന്ന് ഇതുവഴി തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

2020 സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായാണ് കർഷകരുടെ പ്രതിഷേധം. പല കർഷക യൂണിയനുകളും ഈ നടപടികളെ "കർഷക വിരുദ്ധ നിയമങ്ങൾ" എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ സ്വകാര്യകച്ചവടക്കാർക്ക് വിൽക്കുന്നതിന് ഈ നിയമങ്ങൾ അനായാസമാകുമെന്നാണ് സർക്കാർ ഉറപ്പ് നൽകുന്നത്.

First published:

Tags: #FarmersProtest, Amarinder Singh, Delhi, Farmer protest, Haryana, Punjab