'പപ്പുമോനല്ല' ശക്തിമാന്‍
Last Updated:
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വെറും 'പപ്പുമോനല്ല' ശക്തിമാന്‍ ആണെന്നു തെളിയിക്കുന്നതാണ് ഹിന്ദി ഹൃദയഭൂമിയിലുള്‍പ്പെട്ട മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് കൃത്യം ഒരു വര്‍ഷം തികയുന്ന ദിനത്തിലാണ് രാജ്യത്തിന്റെ അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്ന സന്ദേശം നല്‍കി മൂന്നു സംസ്ഥാനങ്ങളും കോണ്‍ഗ്രസ് പിടച്ചടക്കിയെന്നതും ശ്രദ്ധേയം.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജയത്തോടെ രാഹുല്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ പരിഹാസത്തില്‍ പ്രതിരോധിക്കുന്ന ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പതിവു രീതികളും ഇനി മാറ്റേണ്ടി വരും. ഹിന്ദി ഹൃദയ ഭൂമി പിടിച്ചെടുത്തതോടെ, നയിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം പരാജയപ്പെട്ടെന്ന ദുഷ്‌പേരില്‍നിന്നും മോദിക്ക് ശക്തനായ എതിരാളിയും പകരക്കാരനുമായ രാഷ്ട്രീയക്കാരനെന്ന നിലയിലേക്കാണ് രാഹുല്‍ മാറിയിരിക്കുന്നത്.
മോദിക്കെതിരെ കോണ്‍ഗ്രസിനെ ഒഴിവാക്കി സമാന്തര മുന്നണി രൂപീകരിക്കാനുള്ള ബി.എസ്.പി, തൃണമൂല്‍, സമാജ് വാദി ഉള്‍പ്പെടെയുള്ള പ്രാദേശിക പാര്‍ട്ടികളുടെ രാഷ്ട്രീയ നീക്കങ്ങളും ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിലപ്പോകില്ല. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിനെ അംഗീകരിച്ചേ മതിയാകൂവെന്ന സന്ദേശമാണ് മൂന്നു സംസ്ഥാനങ്ങളിലെയും വിജയം ഈ പാര്‍ട്ടികള്‍ക്കു നല്‍കുന്നത്.
advertisement
Also Read അജിത് ജോഗി കൈയ്യൊഴിഞ്ഞിട്ടും ഛത്തീസ്ഗഡില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്
കോണ്‍ഗ്രസിന്റെ പടനായകനായിരുന്ന അജിത് ജോഗി കൈയ്യൊഴിഞ്ഞിട്ടും 15 വര്‍ഷത്തിനു ശേഷം പാര്‍ട്ടിയെ ഛത്തീസ്ഗഡില്‍ അധികാരത്തില്‍ എത്തിക്കാനായതും രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. അജിത് ജോഗി ഉയര്‍ത്തിയ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ ഒരു നേതാവിനെയും ഉയര്‍ത്തിക്കാട്ടാതെയുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണ് ഇവിടെ വിജയം കണ്ടത്. ബി.ജി.പിക്കെതിരായ കര്‍ഷകരുടെ പ്രതിഷേധങ്ങളും അജിത് ജോഗിക്ക് ലഭിക്കേണ്ട ദളിത് വോട്ടുകളുമൊക്കെ കോണ്‍ഗ്രസിന് അനുകൂലമാക്കാന്‍ രാഹുലിന്റെ തന്ത്രങ്ങള്‍ക്കു കഴിഞ്ഞു.
advertisement
Also Read 'കോണ്‍ഗ്രസ് മുക്ത വടക്കു കിഴക്കന്‍ ഇന്ത്യ'; മുദ്രാവാക്യം ഫലിച്ച ആശ്വാസത്തില്‍ ബിജെപി
മധ്യപ്രദേശിലെ സ്ഥിതിയും വ്യത്യസ്തമല്ല. കാര്യമായ സംഘടനാ സംവിധാനം പോലുമില്ലാതിരുന്നിടത്തും കോണ്‍ഗ്രസ് നടത്തിയ തേരോട്ടം ബി.ജെ.പി നേതാക്കളെ പോലും അമ്പരപ്പിക്കുന്നതായി. ഇവിടെയും കര്‍ഷകരുടെ നിലപാടാണ് കോണ്‍ഗ്രസിന് ഗുണകരമായത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സാധാരണ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതായി. ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വ നിലപാടിന് മൃദു ഹിന്ദുത്വത്തിലൂടെ രാഹുല്‍ നല്‍കിയ മറുപടിയും വോട്ടര്‍മാരെ ആകര്‍ഷിച്ചെന്നു വേണം കരുതാന്‍. മുന്‍മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ദില്ലിയിലേക്ക് മാറ്റി സച്ചിന്‍ പൈലറ്റെന്ന യുവനേതാവിനെ ചുമതലയേല്‍പ്പിച്ചതാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കിയത്.
advertisement
പൊതുതെരഞ്ഞെടുപ്പിനുള്ള സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹിന്ദി ഹൃദയഭൂമിയിലെ തെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിന് വന്‍ ആത്മവിശ്വാസവും കരുത്തും പകരുന്നതാണ്. മോദിയെയും അമിത് ഷായെയും വെല്ലുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രാഹുലിന്റെ ആവനാഴിയില്‍ ഉണ്ടെന്ന ആത്മവിശ്വാസമാണ് അണികള്‍ക്കും സഖ്യ കക്ഷികള്‍ക്കും ഈ തെരഞ്ഞെടുപ്പ് വിജയത്തോടെ കൈവരുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷകക്ഷികളുടെ യോഗത്തില്‍ നിന്നും വിട്ടുനിന്ന മായവതിക്കും മുലയംസിംഗ് യാദവിനുമൊക്കെ ഇനി മോദിക്കെതിരെ രാഹുലിന്റെ നേതൃത്വം അംഗീകരിക്കേണ്ടി വരുമെന്നുറപ്പാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 11, 2018 1:02 PM IST


