പാകിസ്ഥാനുമായി നല്ല ബന്ധം വേണം, ചർച്ച പുനഃരാരംഭിക്കാം, പക്ഷേ ഒരു വ്യവസ്ഥയുണ്ട്: രാജ്‌നാഥ് സിങ്
Last Updated:
ബാലാകോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാകിസ്ഥാൻ ശരിക്കും സ്തംഭിച്ചുപോയെന്ന് രാജ്‌നാഥ് സിങ്
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണവും അതിനെത്തുടർന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണവും രാഷ്ട്രീയ പ്രചാരണമാക്കാൻ പാടില്ലാത്തതാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ന്യൂസ് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അയൽക്കാരെന്ന നിലയിൽ പാകിസ്ഥാനുമായി നല്ല ബന്ധം നിലനിർത്തണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. എന്നാൽ ഭീകരവാദവും സമാധാന ചർച്ചയും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ-പാക് പ്രശ്നം ചർച്ച ചെയ്യണമെന്ന അവിടുത്തെ പ്രധാനമന്ത്രി ഇമ്രാൻഖാൻറെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് രാജ്‌നാഥ് ഇങ്ങനെ പ്രതികരിച്ചത്. പാകിസ്ഥാനിലെ എല്ലാ തീവ്രവാദി ക്യാംപുകളും തകർക്കാൻ പാക് സർക്കാർ നടപടി സ്വീകരിക്കണം. പാക് മണ്ണിൽ ഭീകരവാദികൾക്ക് ഒരു സ്ഥാനവുമില്ലെന്ന് അവർ ഉറപ്പ് വരുത്തണം. അങ്ങനെ അവർ ചെയ്യുമെങ്കിൽ ചർച്ചയ്ക്ക് ഇന്ത്യ തയ്യാറാണെന്നും രാജ്‌നാഥ് പറഞ്ഞു.
advertisement
ബാലാകോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാകിസ്ഥാൻ ശരിക്കും സ്തംഭിച്ചുപോയെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. എന്നാൽ ബലേകോട്ട് ആക്രമണത്തെ ഒരിക്കലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തരുത്. ഇത് ദേശാഭിമാനത്തിന്‍റെ പ്രശ്നമാണ്. അതിനെ രാഷ്ട്രീയവത്ക്കരിക്കരുത്- രാജ്‌നാഥ് സിങ് പറഞ്ഞു. വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ചതിന് ബിജെപിയുടെ ഒരു എംഎൽഎയ്ക്കും ഒരു എം.പിയിക്കും ഒരു കോൺഗ്രസ് നേതാവിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.
advertisement
നേരത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ചർച്ചയും ഭീകരവാദവും ഒരുമിച്ച് കൊണ്ടുപോകാനാകില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ ആഗ്രഹിക്കുന്നുവെങ്കിൽ മസൂദ് അസ്ഹറിനെ വിട്ടുനൽകാൻ തയ്യാറാകണമെന്നും സുഷമ സ്വരാജ് പറഞ്ഞിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 16, 2019 2:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പാകിസ്ഥാനുമായി നല്ല ബന്ധം വേണം, ചർച്ച പുനഃരാരംഭിക്കാം, പക്ഷേ ഒരു വ്യവസ്ഥയുണ്ട്: രാജ്‌നാഥ് സിങ്