പുതുപ്പള്ളിയിൽ മാത്രമല്ല, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടത്ത് മത്സരിക്കുന്നത് മരിച്ചുപോയ ജനപ്രതിനിധിയുടെ ഉറ്റബന്ധുക്കൾ
- Published by:Rajesh V
- news18-malayalam
Last Updated:
മുൻ ജനപ്രതിനിധികളുടെ മകൻ, ഭാര്യ, സഹോദരൻ എന്നിവരാണ് ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്
പുതുപ്പള്ളിയിൽ മാത്രമല്ല, ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഏഴ് മണ്ഡലങ്ങളിൽ അഞ്ചിടത്തും മത്സരിക്കുന്നത് ഉപതെരഞ്ഞെടുപ്പിന് ഇടയാക്കി, മരിച്ചുപോവുകയോ രാജിവെക്കുകയോ ചെയ്ത ജനപ്രതിനിധികളുടെ ഉറ്റബന്ധുക്കൾ. തെരഞ്ഞെടുപ്പിൽ ഉറ്റബന്ധുക്കളെ മത്സരിപ്പിക്കുന്നതിനെയും കുടുംബ രാഷ്ട്രീയത്തെയും എതിർക്കുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ കക്ഷികളും ഇക്കൂട്ടത്തിലുണ്ടെന്നാണ് കൗതുകകരം. ഒരു ജനപ്രതിനിധി മരിച്ചാൽ, പിൻഗാമിയായി അദ്ദേഹത്തിന്റെ മകനോ, മകളോ, ഭാര്യയോ, സഹോദരനോ ഒക്കെ മത്സരിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ പതിവ് കാഴ്ചയാണ്.
Also Read- പുതുപ്പള്ളിയിൽ പോളിങ് ശതമാനം കഴിഞ്ഞതവണത്തെതിനെ മറികടന്നു; ഒരു മണിവരെ രണ്ടു ശതമാനത്തോളമാണ് വർധന
പുതുപ്പള്ളി (കേരളം)- മുൻമുഖ്യമന്ത്രിയും 53 വർഷം ജനപ്രതിനിധിയുമായിരുന്ന ഉമ്മൻ ചാണ്ടി അന്തരിച്ച ഒഴിവിൽ മത്സരിക്കുന്നത് മകൻ ചാണ്ടി ഉമ്മൻ. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ്‍യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. 5 വർഷം മനു അഭിഷേക് സിങ്‌വിയുടെ ജൂനിയറായി പ്രവർത്തിച്ചു. യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെൽ ദേശീയ ചെയർമാൻ. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ സജീവ സാന്നിധ്യമായിരുന്നു.
advertisement
ബോക്സാനഗർ (ത്രിപുര)- നിയമസഭയിലെ സിറ്റിങ് സീറ്റിൽ അന്തരിച്ച എംഎൽഎ ഷംസുൽ ഹഖിന്റെ മകൻ മിസാൻ ഹുസൈനാണ് സിപിഎം സ്ഥാനാർഥി. ബിജെപിയുടെ തഫജൽ ഹുസൈൻ എതിർ സ്ഥാനാർത്ഥി. ജൂലൈ 19നായിരുന്നു സിറ്റിങ് എംഎൽഎയായിരുന്ന ഷംസുൽ ഹഖ് അന്തരിച്ചത്. സിപിഎം സ്ഥാനാർത്ഥിക്ക് കോൺഗ്രസ് പിന്തുണയുമുണ്ട്.
ധൻപൂർ (ത്രിപുര)- ബിജെപി എംഎൽഎ പ്രതിമ ഭൗമിക് ലോകസഭാ അംഗത്വം നിലനിർത്തുന്നതിനായി രാജിവെച്ചതോടെയാണ് നിയമസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അവരുടെ സഹോദരൻ ബിന്ദു ദേബ്‌നാഥ് ആണ് ബിജെപി സ്ഥാനാർത്ഥി.
advertisement
ദുമ്രി (ജാർഖണ്ഡ്)- ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) എംഎൽഎ ജാഗർനാഥ് മഹാതോ മരിച്ച ഒഴിവിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ബേബി ദേവിയാണ് സ്ഥാനാർത്ഥി. എൻഡിഎയിലെ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ സ്ഥാനാർത്ഥി യശോദ ദേവിയാണ് പ്രധാന എതിരാളി.
ബാഗേശ്വർ (ഉത്തരാഖണ്ഡ്)- അന്തരിച്ച ബിജെപി എംഎൽഎ ചന്ദ്രൻ റാം ദാസിന്റെ ഭാര്യ പാർവതിയാണ് സ്ഥാനാർത്ഥി. ആം ആദ്മി പാർട്ടി വിട്ട് കോൺഗ്രസിലെത്തിയ ബസന്ത് കുമാറാണ് പ്രധാന എതിരാളി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 05, 2023 3:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പുതുപ്പള്ളിയിൽ മാത്രമല്ല, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടത്ത് മത്സരിക്കുന്നത് മരിച്ചുപോയ ജനപ്രതിനിധിയുടെ ഉറ്റബന്ധുക്കൾ