മുംബൈ: കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും മറ്റു പദ്ധതികളും റിലയൻസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. റിലയൻസ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൻ നിതാ അംബാനിയും ഇക്കാര്യം അറിയിച്ചത്. റിലയൻസ് ഫൗണ്ടേഷനാണ് ധനസഹായം നൽകുക. കോവിഡ് മൂലം ചില ജീവനക്കാർ മരണപ്പെട്ടിട്ടുണ്ടെന്നും, അവരുടെ കുടുംബത്തെ സഹായിക്കുകയെന്നത് റിലയൻസ് കുടുംബത്തിന്‍റെ കടമയാണെന്നും മുകേഷ് അംബാനിയും നിതാ അംബാനിയും അയച്ച സന്ദേശത്തിൽ പറയുന്നു.
ഇതുകൂടാതെ കോവിഡ് മൂലം മരിച്ച ജീവനക്കാരന്‍റെ കുടുംബത്തിനുള്ള സഹായ പദ്ധതികളും റിലയൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. വീ കെയർ എന്ന പേരിലെ കുടുംബ സഹായ പദ്ധതിയിൽ മരണമടഞ്ഞ ജീവനക്കാരൻ അവസാനമായി വാങ്ങിയ മാസ ശമ്പളം ആശ്രിതർക്ക് അഞ്ചു വർഷം കൂടി നൽകും. ഇതിനുപുറമെ, മരണമടഞ്ഞ ജീവനക്കാരുടെ മക്കൾക്ക് ഇന്ത്യയിലെ ഏതൊരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദം വരെയുള്ള കോഴ്സുകൾക്ക് ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് എന്നിവ പൂർണമായും റിലയൻസ് വഹിക്കും.
ജീവനക്കാരന്‍റെ പേരിലുള്ള മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം തുടർന്നും പൂർണമായും റിലയൻസ് വഹിക്കും. മരണമടഞ്ഞ ജീവനക്കാരുടെ മക്കൾ ബിരുദപഠനം പൂർത്തിയാക്കുന്നതുവരെ ഇത് തുടരും. കോവിഡ് ബാധിക്കുന്ന ജീവനക്കാർക്ക് പ്രത്യേക അവധിയും റിലയൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. ശാരീരികമായും മാനസികമായും രോഗമുക്തി നേടുന്നതുവരെയാണ് ഈ അവധി ലഭ്യമാകുക. കുടുംബത്തിൽ ആർക്കെങ്കിലും കോവിഡ് ബാധിച്ചാലും ഈ അവധി ജീവനക്കാർക്ക് ലഭ്യമാകും.
അർഹരായ എല്ലാ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും മെയ് ഒന്നു മുതൽ കോവിഡ് പ്രതിരോധ വാക്സിൻ നൽകുമെന്ന് റിലയൻസ് അറിയിച്ചു. ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുള്ള വാക്സിനേഷൻ പദ്ധതിയായ ‘ആർ-സുരാക്ഷ’ മെയ് ഒന്നു മുതൽ ആരംഭിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്തമാക്കുന്നു.
റിലയൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ, സ്ഥാപകയും അധ്യക്ഷയുമായ നിത അംബാനി എന്നിവർ ചേർന്ന് മൂന്നു ലക്ഷം ജീവനക്കാർക്ക് എഴുതിയ കത്തിൽ കാലതാമസം കൂടാതെ വാക്സിനുകൾ എടുക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്
"രോഗവ്യാപനം താഴേയ്‌ക്കു വരുന്നതിന് മുമ്പ് അടുത്ത ഏതാനും ആഴ്ചകളിൽ പോസിറ്റീവ് കേസുകൾ ഇനിയും ഉയരും. സുരക്ഷ, മുൻകരുതൽ, ശുചിത്വം എന്നിവയുടെ കർശനമായ നടപടികൾ നിരീക്ഷിക്കുന്നതിൽ നമ്മൾ ഇപ്പോൾ കൂടുതൽ ജാഗ്രത പാലിക്കുകയും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും വേണം,"- കത്തിൽ വ്യക്തമാക്കുന്നു.
Also Read- Reliance കോവിഡ് ബാധിത സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം റിലയൻസ് വർധിപ്പിക്കുന്നു
“കാലതാമസമില്ലാതെ നിങ്ങളുടെ വാക്സിൻ സുരക്ഷിതമാക്കാനും നിങ്ങളുടെ യോഗ്യതയുള്ള കുടുംബാംഗങ്ങളെ ഇത് ചെയ്യാൻ പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” അംബാനിയും ഭാര്യയും എഴുതി. അടുത്ത മൂന്ന് മാസത്തേക്ക് വൈറസിനെ നേരിടാനുള്ള കർമപദ്ധതി പങ്കുവെച്ചുകൊണ്ട്, കോവിഡ് -19 ബാധിക്കാത്ത ജീവനക്കാർ സമയം ആവശ്യമെങ്കിൽ രോഗബാധിതരായ സമപ്രായക്കാരെ പിന്തുണയ്ക്കാൻ അവർ അഭ്യർത്ഥിച്ചു. "നമ്മുടെ മുൻഗണന ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ആയി തുടരുന്നു. ഈ തത്ത്വം ഉയർത്തിപ്പിടിക്കുന്നതിനും നിങ്ങളുടെ ടീമിലെ അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനും സാധ്യമായതെല്ലാം ചെയ്യുക," കത്തിൽ പറയുന്നു.
Also Read- Reliance Foundation | ജാംനഗറിൽ ആയിരം കിടക്കകളുള്ള കോവിഡ് ആശുപത്രി തുടങ്ങുമെന്ന് റിലയൻസ് ഫൗണ്ടേഷൻ
രാജ്യത്തുടനീളം കോവിഡ് 19മായി ബന്ധപ്പെട്ട് എമർജൻസി സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് സൗജന്യമായി ഇന്ധനം നൽകുന്ന പദ്ധതിക്ക് റിലയൻസ് ബിപി മൊബൈലിറ്റി ലിമിറ്റഡ് (ആർബിഎംഎൽ) തുടക്കമിട്ടു. റിലയൻസ് ഫൗണ്ടേഷനുമായി ചേർന്നാണ് ആർബിഎംഎൽ പുതിയ സംരംഭത്തിന് തുടക്കമിട്ടത്. മൊബൈൽ ഫ്യൂവൽ ടാങ്കറിന്റെ ഫ്ലാഗ് ഓഫ് എംസിജിഎം വർളി ട്രാൻസ്പോർട്ട് ഗാരേജിൽ നടന്നു.
രാജ്യവ്യാപകമായി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി മെയ് മാസത്തിൽ 21,080 എമർജൻസി വാഹനങ്ങൾക്കായി 7.3 കോടി രൂപ ചെലവ് വരുന്ന 811.07 കിലോ ലിറ്റർ ഇന്ധനം സൗജന്യമായി നൽകി. ജൂണ്‍ 30വരെ പ്രതിദിനം 50-60 കിലോ ലിറ്റർ ഇന്ധനം നൽകേണ്ടിവരുമെന്നാണ് ആർബിഎംഎൽ കണക്കാക്കുന്നത്.
കോവിഡ് 19 രോഗികളുമായി യാത്ര ചെയ്യുന്ന സർക്കാർ വാഹനങ്ങൾ, ആശുപത്രി വാഹനങ്ങൾ, ഓക്സിജൻ വിതരണം നടത്തുന്ന സർക്കാർ, സ്വകാര്യ വാഹനങ്ങൾ, കോവിഡ് കെയർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തുന്ന വാഹനങ്ങൾ എന്നിവയ്ക്ക് രാജ്യത്തെ റിലയൻസിന്റെ 1421 ഔട്ട്ലെറ്റുകൾ വഴി സൗജന്യമായി ഇന്ധനം നിറയ്ക്കാം.
"ഏറ്റവും പുതിയ സംരംഭത്തിലൂടെ, രാജ്യത്തുടനീളമുള്ള ആരോഗ്യ പ്രവർത്തനങ്ങൾക്കും നമ്മെ എല്ലാവരെയും സുരക്ഷിതമായി കഴിയാൻ സഹായിക്കുന്ന മുന്നണി പോരാളികൾക്കും പിന്തുണ നൽകാൻ ആർബിഎംഎൽ തങ്ങളുടെ വിഭവങ്ങൾ ഉപയോഗിക്കുകയാണ്. പകർച്ചവ്യാധി കാലത്തുടനീളം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി നിലയുറപ്പിച്ച റിലയൻസ് ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമാണ് ഈ സംരംഭം ”- കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Mukesh Ambani, Nita Ambani, Reliance, Reliance foundation