Republic Day 2021| സാംസ്‌കാരികത്തനിമയും സൈനികശക്തിയും വിളിച്ചോതി റിപ്പപ്ലിക് ദിന പരേഡ്
- Published by:Rajesh V
- news18-malayalam
Last Updated:
രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകവും വൈവിധ്യവും പ്രദര്‍ശിപ്പിക്കുന്നതായിരുന്നു വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിശ്ചലദൃശ്യ പ്രദര്‍ശനം
ന്യൂഡല്‍ഹി: രാജ്യം 72 ാം റിപ്പബ്ലിക് ദിനം ആഘോഷത്തിന്റെ നിറവിൽ. യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധീരസൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പുഷ്പാജ്ഞലി അര്‍പ്പിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും മൂന്നു സൈനിക മേധാവികളും പ്രധാനമന്ത്രിയെ അനുഗമിച്ചു. കോവിഡ് ആശങ്കകൾക്കിടയിലും പകിട്ട് ഒട്ടും കുറയാതെയായിരുന്നു റിപ്പബ്ലിക് ദിനാഘോഷം.
കോവിഡിന്റെ ആശങ്കകൾക്കിടയിലാണ് രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ ആഘോഷങ്ങൾക്ക് വിശിഷ്ടാതിഥി ഇല്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെയാണ് വിശിഷ്ടാത്ഥിയായി നിശ്ചയിരുന്നതെങ്കിലും യുകെയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം ഇന്ത്യൻ സന്ദർശനം റദ്ദാക്കുകയായിരുന്നു. നേരിട്ടെത്തിയില്ലെങ്കിലും ബോറിസ് ജോൺസന്റെ വീഡിയോ സന്ദേശം റിപ്പബ്ലിക് ആഘോഷ ചടങ്ങിൽ പ്രദർശിപ്പിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ പരേഡിന്റെ ദൈർഘ്യവും കാണികളുടെ എണ്ണവും കുറച്ചെങ്കിലും പ്രൗഢിക്ക് മങ്ങലേറ്റില്ല.
advertisement
രാവിലെ 9ന് ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ചു. 9.50ന് പരേഡ് ആരംഭിച്ചു. ആകെ 32 നിശ്ചലദൃശ്യങ്ങളാണുള്ളത്. കേരളത്തിന്റെ കയർ ദൃശ്യം ഉൾപ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ദൃശ്യമൊരുക്കും.
രാജ്യത്തിന്റെ സൈനിക ശക്തി തെളിയിക്കുന്നതായിരുന്ന സൈനിക പരേഡ്. ടാങ്ക് 90 ഭീഷ്മ, പിനാക മള്‍ട്ടി ലോഞ്ചര്‍ റോക്കറ്റ് സിസ്റ്റം, ഷില്‍ക വെപ്പണ്‍ സിസ്റ്റം, രുദ്ര-ദ്രുവ് ഹെലികോപ്ടറുകള്‍, ബ്രഹ്മോസ് മിസൈല്‍ എന്നിവ പ്രദര്‍ശിപ്പിച്ചു. സൈനികശക്തി പ്രകടിപ്പിക്കുന്ന ടാബ്ലോകളും അണിനിരന്നു. രാജ്യത്തെ ഫൈറ്റര്‍ ജെറ്റ് ആദ്യ വനിതാ പൈലറ്റിലൊരാളായ ഭാവന കാന്ത് എയര്‍ ഫോഴ്‌സിന്റെ ടാബ്ലോയില്‍ പങ്കെടുത്തു.
advertisement
രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകവും വൈവിധ്യവും പ്രദര്‍ശിപ്പിക്കുന്നതായിരുന്നു വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിശ്ചലദൃശ്യ പ്രദര്‍ശനം. കേന്ദ്രഭരണ പ്രദേശമായി മാറിയ ലഡാക്ക് ആദ്യമായി നടത്തിയ നിശ്ചലദൃശ്യത്തോടെയാണ് സാംസ്‌കാരിക നിശ്ചലദൃശ്യ പ്രദര്‍ശനം ആരംഭിച്ചത്. 32 നിശ്ചദൃശ്യങ്ങളാണ് അണിനിരന്നത്. വടക്കന്‍ മലബാറിന്റെ തനത് കലാരൂപമായ തെയ്യമുള്‍പ്പെടുന്ന ദൃശ്യങ്ങളാണ് കേരളത്തില്‍ നിന്നുള്ള നിശ്ചല ദൃശ്യത്തിലുള്‍പ്പെട്ടത്. കൊയർ ഓഫ് കേരള എന്ന പേരിലായിരുന്നു കേരളത്തിന്റെ ഫ്ളോട്ട്.
അയോധ്യയുടേയും നിര്‍ദിഷ്ട രാം മന്ദിറിന്റേയും രൂപരേഖ ഉള്‍ക്കൊളളുന്നതായിരുന്നു ഉത്തര്‍പ്രദേശിന്റെ നിശ്ചലദൃശ്യം. ഇന്ത്യ മുന്നോട്ടുവെയ്ക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് ആശയം മുന്‍നിര്‍ത്തി കോവിഡ് വാക്‌സിന്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച നിശ്ചലദൃശ്യവും പരേഡില്‍ അണിനിരന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയാണ് ടാബ്ലോയ്ക്ക് നേതൃത്വം നല്‍കിയത്.
advertisement
എല്ലാ വർഷവും 1.25 ലക്ഷം പേർ നേരിട്ടു വീക്ഷിച്ചിരുന്ന റിപ്പബ്ലിക് ദിന പരേഡ് കാണാൻ ഇത്തവണ കാല്‍ ലക്ഷം പേർ മാത്രമാണ് എത്തിയത്. കോവിഡ് പശ്ചാത്തലത്തിലാണ് എണ്ണം കുറച്ചത്. ഇതിൽ തന്നെ പൊതുജനങ്ങൾക്കുള്ള പാസ് ലഭിച്ചത് 4000 പേർക്കാണ്. വിജയ് ചൗക്കിൽ നിന്നു ചെങ്കോട്ട വരെയായിരുന്നു സാധാരണ പരേഡെങ്കിൽ ഇത്തവണ ഇന്ത്യ ഗേറ്റ് പരിസരത്തെ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിലാണ് അവസാനിക്കുന്നത്.
advertisement
2019 ൽ കേന്ദ്രഭരണപ്രദേശമായി മാറിയ ലഡാക്ക്, തിക്സെ മൊണാസ്ട്രിയുടെ ദൃശ്യവുമായി ഇത്തവണ ആദ്യമായി പരേഡിൽ അണിനിരന്നു. റഫാൽ പോർവിമാനമാണ് ഈ വർഷത്തെ തിളക്കങ്ങളിലൊന്ന്. രാജ്യത്തെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ് ഭാവന കാന്തും ബംഗ്ലദേശ് സായുധ സേനയുടെ സംഘവും പരേഡിൽ ചേരും. ബംഗ്ലദേശ് സ്വാതന്ത്ര്യത്തിന്റെ 50ാം വാർഷികത്തിന്റെ ഭാഗമാണിത്.
'സ്വാമിയേ ശരണമയ്യപ്പാ'
പരേഡില്‍ പങ്കെടുത്ത 861 ബ്രഹ്മോസ് മിസൈല്‍ റജിമെന്റിന്റെ യുദ്ധകാഹളം സ്വാമിയേ ശരണമയ്യപ്പാ എന്ന മന്ത്രമാണ്. 15ന് ഡല്‍ഹിയില്‍ നടന്ന കരസേനാ ദിനാചരണത്തോടനുബന്ധിച്ചുള്ള പരേഡിലും ബ്രഹ്മോസിന്റെ കാഹളം 'സ്വാമിയേ ശരണമയ്യപ്പാ' തന്നെയായിരുന്നു. ദുര്‍ഗ മാതാ കീ ജയ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ സ്തുതികള്‍ സാധാരണയായി യുദ്ധകാഹളമായി ഉപയോഗിക്കാറുണ്ട്. ഇതിനൊപ്പമാണ് ഇത്തവണ അയ്യപ്പ സ്തുതിയും ഉള്‍പ്പെടുത്തിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 26, 2021 12:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Republic Day 2021| സാംസ്‌കാരികത്തനിമയും സൈനികശക്തിയും വിളിച്ചോതി റിപ്പപ്ലിക് ദിന പരേഡ്