മുംബൈ: ബോളിവുഡ് ലഹരിമരുന്ന് കേസിൽ നടി റിയ ചക്രബർത്തിക്ക് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ലഹരിമരുന്ന് ആരോപണത്തിലാണ് റിയയെ അറസ്റ്റ് ചെയ്തത്. അതേസമയം, റിയക്കൊപ്പം അറസ്റ്റിലായ സഹോദരൻ ഷോവിക് ചക്രബർത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. റിയയ്ക്ക് പുറമേ, സുശാന്തിന്റെ പാചകക്കാരൻ ദീപേഷ് സാവന്ത്, മാനേജർ സാമുവൽ മിരാൻഡ എന്നിവർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇരുവരും 50,000 രൂപ വീതം കെട്ടിവെക്കണം.
കഴിഞ്ഞ മാസം എട്ടാം തീയ്യതിയാണ് റിയ ചക്രബർത്തിയെ നാർകോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ നാലിനാണ് ഷോവിക് ചക്രബർത്തി അറസ്റ്റിലാകുന്നത്. നേരത്തേ, റിയയുടെ ജാമ്യാപേക്ഷ മുംബൈ പ്രത്യേക കോടതി തള്ളിയിരുന്നു. കഴിഞ്ഞ ദിവസം റിയയുടെ കസ്റ്റഡി കാലാവധി ഒക്ടോബർ ഇരുപത് വരെ കോടതി നീട്ടിയിരുന്നു. മുംബൈ ബൈക്കുള ജയിലിലാണ് റിയ ഇപ്പോൾ ഉള്ളത്.
സുശാന്ത് സിങ്ങിന് വേണ്ടിയാണ് ലഹരിമരുന്ന് എത്തിച്ചത് എന്നായിരുന്നു ജാമ്യാപേക്ഷയിൽ റിയ പറഞ്ഞിരുന്നത്. ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് ഏജൻസികളാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നത്. സുശാന്തിന്റെ പിതാവ് റിയയ്ക്കെതിരെ നൽകിയ സാമ്പത്തിക ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും അന്വേഷണം നടത്തുന്നുണ്ട്.
സുശാന്തിന്റേത് ആത്മഹത്യ ആണോ എന്നാണ് സിബിഐ അന്വേഷിക്കുന്നത്. കൊലപാതക സാധ്യത തള്ളിക്കൊണ്ട് എയിംസിലെ ഡോക്ടർമാർ സിബിഐക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rhea Chakraborty, Sushant Singh Rajput Case, Sushant Singh Rajput death