വാദം തുടങ്ങാനിരിക്കെ സന്ദേശ്ഖലി കേസിലെ പ്രധാന സാക്ഷിക്ക് അപകടത്തിൽ ഗുരുതര പരിക്ക്, മകൻ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
അപകടം നടന്ന ഉടൻ ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഘോഷിന്റെ ഇളയ മകൻ സത്യജിത് ഘോഷ് (32), കാറിന്റെ ഡ്രൈവർ സഹനൂർ മൊല്ല (27) എന്നിവരാണ് മരിച്ചത്
കൊൽക്കത്ത: പശ്ചിമബംഗാളിലെ വിവാദമായ സന്ദേശ്ഖലി കേസിലെ പ്രധാനസാക്ഷി ഭോലനാഥ് ഘോഷിന് കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തിന്റെ ഇളയമകനും കാർ ഡ്രൈവറും അപകടത്തിൽ മരിച്ചു. ബുധനാഴ്ച കോടതിയിലേക്ക് പോകുന്നതിനിടെ എതിർ ദിശയിൽ നിന്നുവന്ന ട്രക്ക്, ഘോഷ് സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബോയ്‌റാമാരി പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.
അമിതവേഗതയിലെത്തിയ ട്രക്ക് കാറിനെ ഇടിച്ച് നീക്കി സമീപത്തെ ജലാശയത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടം നടന്ന ഉടൻ ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഘോഷിന്റെ ഇളയ മകൻ സത്യജിത് ഘോഷ് (32), കാറിന്റെ ഡ്രൈവർ സഹനൂർ മൊല്ല (27) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഘോഷ് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ജയിലിൽ കഴിയുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്‌ഖ് ഷാജഹാനെതിരായ സന്ദേശ്ഖലി കേസുമായി ബന്ധപ്പെട്ട് മൊഴിനൽകാൻ കോടതിയിലേക്ക് പുറപ്പെട്ടതായിരുന്നു ഘോഷ്. 2024 ജനുവരിയിൽ സന്ദേശ്ഖാലിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടന്ന ആക്രമണത്തിലും ഷാജഹാനെ പ്രതിചേർത്ത അനുബന്ധ സിബിഐ അന്വേഷണങ്ങളിലും പ്രധാന സാക്ഷികളിൽ ഒരാളാണ് ഭോലനാഥ് ഘോഷ്.
advertisement
വാഹനാപകടം ആസൂത്രിതമാണെന്ന് ഘോഷിന്റെ കുടുംബം ആരോപിക്കുന്നു. ജയിലിൽ കഴിയുന്ന ഷാജഹാന്റെ നിർദേശമനുസരിച്ച് തന്റെ പിതാവിനെ കൊലപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് മൂത്ത മകൻ ബിശ്വജിത്ത് ആരോപിച്ചു.
ഷാജഹാനുമായി ബന്ധപ്പെട്ട കേസുകളിലെ നിയമനടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ സന്ദേശ്ഖാലിയിൽ ഷാജഹാൻ നടത്തിയ സംഘടിത കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദമായ ആരോപണങ്ങളുണ്ട്. പരിക്കേൽപ്പിക്കൽ, കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കൽ, ഭൂമി കൈയേറ്റം എന്നിവയിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും നിയമവിരുദ്ധമായി പണം സമ്പാദിച്ചതിനുമാണ് ഷാജഹാനെതിരെ കേസെടുത്തിരിക്കുന്നത്.
Summary: The prime witness in the controversial Sandeshkhali case in West Bengal, Bholanath Ghosh, was seriously injured in a car accident. His younger son and the car driver died in the accident. The accident occurred on Wednesday when a truck coming from the opposite direction collided with the car carrying Ghosh as he was traveling to court. The accident took place near the Boiramari petrol pump in the North 24 Parganas district.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kolkata [Calcutta],Kolkata,West Bengal
First Published :
December 10, 2025 6:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വാദം തുടങ്ങാനിരിക്കെ സന്ദേശ്ഖലി കേസിലെ പ്രധാന സാക്ഷിക്ക് അപകടത്തിൽ ഗുരുതര പരിക്ക്, മകൻ മരിച്ചു










