ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള 7 വിദേശപൗരന്മാരെ NIA അറസ്റ്റ് ചെയ്തു
- Published by:SIBILI S
- news18-malayalam
Last Updated:
ഡ്രോൺ പരിശീലനത്തിനായാണ് ഇവർ ഇന്ത്യയിലെത്തിയതെന്നാണ് റിപ്പോർട്ട്
ന്യൂഡൽഹി: ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ഏഴ് വിദേശപൗരന്മാരെ അറസ്റ്റ് ചെയ്ത് എൻഐഎ. ഒരു അമേരിക്കൻ പൗരനും ആറ് യുക്രൈയിൻ പൗരന്മാരുമാണ് അറസ്റ്റിലായത്. ഡ്രോൺ പരിശീലനത്തിനായാണ് ഇവർ ഇന്ത്യയിലെത്തിയതെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായവരെ ഇന്ന് ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. പ്രതികളെ 11 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽവിട്ടു.
അമേരിക്കൻ പൗരനായ മാത്യു വാൻഡൈക്കിനെ കൊൽക്കത്തയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂന്ന് യുക്രൈയിൻ പൗരന്മാരെ ലഖ്‌നൗവിൽ നിന്നും മറ്റ് മൂന്ന് പേരെ ഡൽഹിയിൽ നിന്നുമാണ് പിടികൂടിയത്. യൂറോപ്പിൽ നിന്ന് ഡ്രോണുകളും മറ്റ് ഉപകരണങ്ങളും അനധികൃതമായി ഇറക്കുമതി ചെയ്യുന്ന സംഘത്തിലുള്ളവരാണ് ഇവർ. ഇവരെ കൂടാതെ 14 യുക്രൈയിൻ പൗരന്മാർ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ട്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഭീകരരുമായി അറസ്റ്റിലായ വിദേശികൾക്ക് അടുത്ത ബന്ധമുണ്ടെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. യൂറോപ്പിൽ നിന്ന് ഇന്ത്യ വഴി മ്യാൻമാറിലേക്ക് വലിയ തോതിൽ ഡ‍്രോണുകൾ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്.
advertisement
പ്രതികളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലുള്ള ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ എൻഐഎ സംഘം കൂടുതൽ അന്വേഷണത്തിലേക്ക് കടന്നിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ നിരവധി സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും.
അതിർത്തിക്ക് അപ്പുറത്ത് സൈനിക പരിശീലനം നൽകിയിരുന്ന വ്യക്തിയാണ് അറസ്റ്റിലായ അമേരിക്കക്കാരനായ മാത്യു ആരോൺ. മ്യാൻമാർ ഭരണകൂടത്തിനെതിരെ പോരാടുന്ന സായുധ സംഘടനകൾക്ക് മാത്യു ആരോൺ പരിശീലനം നൽകിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Mar 18, 2026 3:00 PM IST









